rambutytan
കുറ്റിപ്പുറം ദേശീയപാതയോരത്തെ റംബൂട്ടാൻ കച്ചവടം

കുറ്റിപ്പുറം: സീസണായതോടെ പാതയോരങ്ങളിൽ റംബൂട്ടാൻ കച്ചവടം സജീവമായിരിക്കുകയാണ്. തൃശൂർ - കോഴിക്കോട് ദേശീയപാതയിൽ ഇത്തരത്തിൽ നിരവധി കച്ചവടക്കാരുണ്ട്. മഞ്ഞ, ചുമപ്പ്, ഓറഞ്ച് നിറങ്ങളിൽപ്പെട്ട റംബൂട്ടാനാണ് പ്രധാനമായും വിപണിയിലുള്ളത്. കുരു കുറഞ്ഞ ഇനത്തിനാണ് കൂടുതൽ പ്രിയം. സീസൺ ആണെങ്കിലും ഒരു കിലോയ്ക്ക് 260 രൂപ നൽകണം. രണ്ടാംതരത്തിന് 200 രൂപയിൽ താഴെയാണ് വില. ഔഷധ ഗുണവും രുചിയും തന്നെയാണ് വിലയിൽ വി.ഐ.പിയാണെങ്കിലും റംബൂട്ടാൻ വാങ്ങാൻ ആളുകളെ പ്രേരിപ്പിക്കുന്നതെന്ന് കച്ചവടക്കാർ പറയുന്നു. പത്തനംതിട്ട, കോട്ടയം, തൃശൂർ, എറണാകുളം എന്നിവിടങ്ങളിലായി കൃഷിയിറക്കുന്നുണ്ട്. മലേഷ്യ, ശ്രീലങ്ക, ഇന്തോനേഷ്യ,ഫിലിപ്പീൻസ്, എന്നിവിടങ്ങളിൽ നിന്നും ഇവയെത്താറുണ്ട്. കേരളത്തിൽ വാണിജ്യാടിസ്ഥാനത്തിൽ വലിയതോതിൽ ഉത്പാദനം തുടങ്ങിയത് അടുത്തിടെയാണ്.

ഏഴ് വർഷം പ്രായമായ മരങ്ങൾ കാഴ്ഫലം നൽകി തുടങ്ങും. ചുവപ്പ് ഇനമാണ് കൂടുതലായി വിൽപ്പനയ്ക്കെത്തുന്നത്. കോപ്പറിന്റെ സാന്നിദ്ധ്യം കൂടുതലായതിനാൽ രക്തയോട്ടം വർദ്ധിപ്പിക്കാനും അനീമിയയും മുടികൊഴിച്ചിലും തടയാനും റംബൂട്ടാൻ നല്ലതാണ്. ചാലക്കുടിയിൽ നിന്നാണ് കുറ്റിപ്പുറം ഭാഗത്തേക്ക് കൂടുതലായും റംബൂട്ടാൻ എത്തുന്നതെന്ന് കച്ചവടക്കാരനായ നൗഷാദ് പറഞ്ഞു. കൊവിഡ് പ്രതിസന്ധിയിൽ പാതയോത കച്ചവടങ്ങളാണ് ആശ്രയമെന്നും കച്ചവടക്കാർ പറയുന്നു.