ffff
.

മലപ്പുറം: റോഡിലെ നിയമലംഘനങ്ങളുടെ പിഴത്തുക ഇനി തത്സമയം ഈടാക്കും. ഇതിനായി ജില്ലയിലെ മോട്ടോർ വാഹന വകുപ്പിന്റെ ആറ് സ്‌ക്വാഡുകൾക്ക് പോയിന്റ് ഒഫ് സെയിൽസ് (പി.ഒ.എസ്) മെഷീനുകൾ ലഭിച്ചിട്ടുണ്ട്. ഡെബിറ്റ്,ക്രെഡിറ്റ് കാർഡുകളിലൂടെ ഓൺലൈനായി പണം സ്വീകരിക്കാൻ കഴിയുന്ന സ്വൈപ്പിംഗ് മെഷീനുകൾ കഴിഞ്ഞ ദിവസമാണ് സ്‌ക്വാഡുകൾക്ക് ലഭിച്ചത്. വൈകാതെ ഇതുപയോഗിച്ചാവും ഫൈൻ ഈടാക്കുക.
തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ പദ്ധതി വിജയിച്ചതോടെയാണ് മറ്റ് ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നത്. ഇതിനായി ഇ - ചലാൻ സോഫ്റ്റുവെയർ തയ്യാറാക്കിയിട്ടുണ്ട്. ഡ്രൈവിംഗ് ലൈസൻസിനും വാഹനരജിസ്‌ട്രേഷനുമായി കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ വാഹൻ സാരഥി സോഫ്റ്റുവെയറുമായി ചേർന്നാണ് ഇ - ചലാൻ നടപ്പാക്കുന്നത്. നിലവിൽ ജില്ലയിലെ ആറ് സ്‌ക്വാഡുകളിൽ പകുതിയും കരിപ്പൂർ വിമാനത്താവളത്തിലാണ് പ്രവർത്തിക്കുന്നത്. ഇവിടത്തെ ഗതാഗത നിയന്ത്രണ ചുമതല ഇവർക്കാണ്. പ്രധാന പാതകൾ കേന്ദ്രീകരിച്ചാണ് മറ്റ് സ്‌ക്വാഡുകൾ പ്രവർത്തിക്കുന്നത്.

എല്ലാം ഓൺലൈനിലേക്ക്
നിയമലംഘനങ്ങൾ സംബന്ധിച്ച റിപ്പോർട്ട് ഓൺലൈനായി തന്നെ മൊബൈൽ കോടതികളിലേക്ക് കൈമാറുന്ന പദ്ധതിയും നടപ്പാക്കാൻ ഒരുങ്ങുകയാണ്. പി.ഒ.എസ് മെഷീനിലൂടെ പിഴ അടയ്ക്കാൻ തയ്യാറാവാത്തവരുടെ വിവരങ്ങളാണ് ഇത്തരത്തിൽ അപ്‌ലോഡ് ചെയ്യുക. നിലവിൽ സ്‌ക്വാഡ് എഴുതി തയ്യാറാക്കുന്ന റിപ്പോർട്ട് ഓഫീസ് ജീവനക്കാർക്ക് കൈമാറുകയാണ് ചെയ്യുന്നത്. പിഴ അടയ്ക്കാനുള്ള നോട്ടീസ് തയ്യാറാക്കി അയക്കേണ്ട ചുമതല ഓഫീസ് ജീവനക്കാർക്കാണ്. കേസുകളുടെ എണ്ണക്കൂടുതലും ജീവനക്കാരുടെ കുറവും മൂലം പിഴ നോട്ടിസ് യഥാസമയം നൽകാൻ കഴിയാറില്ല. പിഴ നോട്ടീസ് കൈപ്പറ്റിയിട്ടും അടയ്ക്കാതിരുന്നാൽ പിന്നീട് കോടതികൾക്ക് കൈമാറുകയാണ് ചെയ്യുന്നത്. ഏറെ സമയനഷ്ടവും പ്രയത്നവും വേണ്ടയിടത്ത് ഓൺലൈനാകുന്നതോടെ തത്സമയം പിഴ അടക്കാത്തവരുടെ വിവരങ്ങൾ നേരെ കോടതിയിലേക്ക് കൈമാറാനാവും.

ഓൺലൈനായി പിഴ അടക്കുന്നതിനുള്ള പി.ഒ.എസ് മെഷീനുകൾ സ്ക്വാഡുകൾക്ക് ലഭിച്ചിട്ടുണ്ട്. വൈകാതെ ഇതുപയോഗിച്ചാവും പിഴ ഈടാക്കുക.

ടി.ജി. ഗോകുൽ,​ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ആർ.ടി.ഒ