മഞ്ചേരി : കൊവിഡ് സമൂഹ വ്യാപന സാദ്ധ്യത നിലനില്‍ക്കെ എ.ടി.എമ്മുകളുടെ പ്രവര്‍ത്തനവും ആശങ്കയില്‍. നിരവധി പേര്‍ ദിവസവുമെത്തുന്ന എ.ടി.എം കൗണ്ടറുകളില്‍ ആരോഗ്യജാഗ്രത ഉറപ്പാക്കാൻ നിലവില്‍ സംവിധാനമില്ല. കഴിഞ്ഞ ദിവസം കൊല്ലത്ത് രണ്ടുപേര്‍ക്ക് കൊവിഡ് ബാധയുണ്ടായത് എ.ടി.എം കൗണ്ടറില്‍ നിന്നാണെന്ന സംശയമുയർന്നിരുന്നു. ദിവസവും നിരവധി പേര്‍ നേരിട്ടിടപഴകുന്ന എ.ടി.എം കൗണ്ടറുകളില്‍ ബാങ്ക് അധികൃതര്‍ സാനിറ്റൈസറുകള്‍ വയ്ക്കാറുണ്ടെങ്കിലും ഇതിന്റെ ഉപയോഗവും ആരോഗ്യജാഗ്രത പൂര്‍ണ്ണമായും പാലിക്കപ്പെടുന്നുണ്ടോ എന്നതും കൃത്യമായി പരിശോധിക്കപ്പെടാറില്ല. പൊന്നാനി ഉള്‍പ്പെടെ ജില്ലയിടെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് സമൂഹ വ്യാപന സാദ്ധ്യത ശക്തമാണ്. പൊതുജനാരോഗ്യം സംരക്ഷിക്കാന്‍ കൂടുതല്‍ പേര്‍ സമ്പര്‍ക്കം പുലര്‍ത്തുന്ന ഇടങ്ങളിൽ ജാഗ്രതയോടെയുള്ള ഇടപെടലുക
ൾ അനിവാര്യമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
കൈവെടിയരുത് ജാഗ്രത
പ്രമുഖ ബാങ്കുകളുടെ എ.ടി.എം കൗണ്ടറുകളിൽപ്പോലും സുരക്ഷ ഉദ്യോഗസ്ഥരില്ല. ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്റെ ആദ്യഘട്ടത്തില്‍ എ.ടി.എമ്മുകളിലും പ്രധാന ഇടങ്ങളിലുമെല്ലാം സാനിറ്റൈസറുകളും കൈകഴുകാനുള്ള സംവിധാനങ്ങളും ഒരുക്കിയിരുന്നെങ്കിലും പിന്നീടങ്ങോട്ട് വലിയ അലംഭാവമുണ്ടായി. പല എ.ടി. എമ്മുകളിലും സാനിറ്റൈസര്‍ തീര്‍ന്നിട്ടും പുതിയത് വയ്ക്കുന്നില്ലെന്ന പരാതിയുണ്ട്.