സീറ്റ് കാലി, ഓട്ടം നിറുത്തി ബസുകൾ
മലപ്പുറം: തിരൂരിൽ നിന്ന് മഞ്ചേരി വരെ 40 കിലോമീറ്ററിൽ കളക്ഷനായി ലഭിച്ചത് 240 രൂപ. യാത്രക്കാർ ഏറെയുണ്ടാവേണ്ട വൈകിട്ടത്തെ ട്രിപ്പിന്റെ അവസ്ഥയാണിതെന്ന് ഈ റൂട്ടിലെ പിക്നിക് ബസ് ജീവനക്കാർ പറയുന്നു. ടിക്കറ്റ് നിരക്ക് ഉയർത്തിയിട്ടും യാത്രക്കാർ തീരെ കുറഞ്ഞതോടെ ജില്ലയിൽ ബസ് വ്യവസായ മേഖല തീർത്തും പ്രതിസന്ധിയിലാണ്. ദിവസം 200 മുതൽ 250 ബസുകളാണ് നിലവിൽ സർവീസ് നടത്തുന്നത്. അവധി ദിവസങ്ങളിൽ ബസുകളുടെ എണ്ണം വീണ്ടും കുറയും. ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ജീവനക്കാരായുള്ളത്. 1,600ഓളം ബസുകളും 8,000ത്തോളം ജീവനക്കാരുമുള്ള സ്ഥാനത്താണിത്. ഇതര സംസ്ഥാനക്കാർ പോയതോടെ ചിലർ നിർമ്മാണ മേഖലയിലേക്ക് ചുവടുമാറ്റിയിട്ടുണ്ട്. കാലങ്ങളായി ബസ് മേഖലയിൽ ജോലി ചെയ്യുന്നവർക്ക് മറ്റ് ജോലികൾക്ക് പോവാനാവുന്നില്ല.
കൊവിഡ് ഭീതിയെ തുടർന്ന് ബസുകളിൽ കയറാൻ ആളുകൾ മടിക്കുന്നുണ്ട്. പ്രായമായവരും സ്ത്രീകളും കുട്ടികളുമായിരുന്നു ബസ് യാത്രക്കാരിൽ കൂടുതലും. കൊവിഡിന് പിന്നാലെ അത്യാവശ്യക്കാർ മാത്രമാണ് പുറത്തിറങ്ങുന്നത്. യാത്രക്കാരിൽ 10 മുതൽ 15 ശമാനം വരെ ഇതരസംസ്ഥാനക്കാരായിരുന്നു. സർക്കാർ ജീവനക്കാർ അടക്കമുള്ള സ്ഥിരം യാത്രക്കാരുടെ എണ്ണവും കുറഞ്ഞു.
ലോക്ക്ഡൗണിന് മുമ്പ് ഓടിയിരുന്ന സമയക്രമമനുസരിച്ച് തന്നെ സ്ഥിരമായി ട്രിപ്പ് നടത്താനാണ് ചില ബസ് ഉടമകളുടെ തീരുമാനം. ഇതോടെ സ്ഥിരം യാത്രക്കാരെ തിരിച്ചുപിടിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഇവർ. മാർച്ച് മുതൽ മേയ് വരെയുള്ള നികുതി സർക്കാർ ഒഴിവാക്കിയിരുന്നു. ജൂലൈ മുതൽ നികുതി നൽകേണ്ടിവരും. ജിഫോം പിൻവലിച്ചവർക്ക് സർവീസ് നടത്തുകയല്ലാതെ നിവൃത്തിയില്ല.
കൂലിയായി 200 രൂപ
ജില്ലയിൽ യാത്രക്കാർ ഏറെയുള്ള തിരൂർ - മഞ്ചേരി റൂട്ടിലെ ബസ് ജീവനക്കാർക്ക് ദിവസക്കൂലിയായി ലഭിച്ചത് 200 രൂപയാണ്.
ആറ് ട്രിപ്പുകൾ ഓടിച്ചപ്പോൾ കളക്ഷനായി ലഭിച്ചത് 3,200 രൂപ.
ഇതിൽ നിന്ന് ഡീസലിന് മാത്രം ചെലവായത് 2,800 രൂപ.
ശേഷിച്ച 400 രൂപ രണ്ട് ജീവനക്കാർ പകുതിയായി വീതിച്ചു.
വഴിക്കടവ് - തിരൂർ റൂട്ടിൽ മുഴുവൻ ട്രിപ്പും ഓടിയ മറ്റൊരു ബസിന് ലഭിച്ചത് 5,700 രൂപ.
275 കിലോമീറ്റർ ഓടിയപ്പോൾ 70 ലിറ്റർ ഡീസലടിച്ചു. 4,800 രൂപയോളം ഡീസലിനായി.