കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ മൂന്നു യാത്രക്കാരിൽ നിന്നായി എയർ കസ്റ്റംസ് ഇന്റലിജൻസ് ഒന്നരക്കോടിയുടെ സ്വർണം പിടികൂടി. റാസൽഖൈമയിൽ നിന്ന് സ്പൈസ് ജെറ്റ് വിമാനത്തിലെത്തിയ മലപ്പുറം തേഞ്ഞിപ്പലം ടി.പി. ജിഷാർ, കോഴിക്കോട് കോടഞ്ചേരി പി.എം. അബ്ദുൾ ജലീൽ, ദോഹയിൽ നിന്നു ഖത്തർ വഴി ഇൻഡിഗോ വിമാനത്തിലെത്തിയ കോഴിക്കോട് കൊടുവള്ളി മുഹമ്മദ് റിയാസ് എന്നിവരിൽ നിന്നാണ് 3.3 കിലോഗ്രാം സ്വർണമിശ്രിതം പിടികൂടിയത്.സ്വർണം പൊടിച്ചു ചെറിയ പാക്കറ്റുകളിലാക്കി ഒളിപ്പിച്ചായിരുന്നു കടത്ത്. ചാർട്ടേഡ് വിമാനങ്ങളിലെത്തിയവരാണ് മൂവരും.
അടിവസ്ത്രത്തിൽ ഒളിപ്പിച്ച 2.045 കിലോ സ്വർണമിശ്രിതമാണ് അബ്ദുൾ ജലീലിൽ നിന്നു കണ്ടെടുത്തത്. മുഹമ്മദ് റിയാസിന്റെ അടിവസ്ത്രത്തിൽ നിന്നു 800 ഗ്രാം സ്വർണം കണ്ടെടുത്തു. ധരിച്ചിരുന്ന ജീൻസിന്റെ പ്രത്യേക പോക്കറ്റിലാണ് 500 ഗ്രാം സ്വർണമിശ്രിതം ജിഷാർ ഒളിപ്പിച്ചിരുന്നത്. നേരത്തേ സൂചന ലഭിച്ചിരുന്നു.