മലപ്പുറം: ജില്ലയിൽ പല മേഖലകളിലും സമ്പർക്കത്തിലൂടെ കൊവിഡ് രോഗവ്യാപനമുണ്ടാകുന്ന സാഹചര്യത്തിൽ മലപ്പുറം പി.എച്ച് ലാബിൽ കൊവിഡ് പരിശോധനക്കുള്ള സൗകര്യങ്ങൾ ഒരുക്കാനും താലൂക്ക് തലത്തിൽ സാമ്പിൾ ശേഖരണത്തിനുള്ള സൗകര്യങ്ങൾ സജ്ജമാക്കാനും സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന അടിയന്തര യോഗത്തിൽ തീരുമാനിച്ചു. ജില്ലയിലെ രണ്ടാമത്തെ സർക്കാർ അംഗീകൃത ലാബായിരിക്കും ഇത്. പ്രത്യേക സാഹചര്യം പരിഗണിച്ച് പൊന്നാനി താലൂക്കിൽ അഞ്ച് സാമ്പിൾ ശേഖരണ കേന്ദ്രങ്ങൾ ആരംഭിക്കും. പി.എച്ച് ലാബിൽ ആർ.ടി.പി.സി.ആർ സൗകര്യമൊരുക്കുന്നതിന് വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള ബുക്ക് ഡിപ്പോയുടെ കെട്ടിടം ലാബിനായി ഉപയോഗപ്പെടുത്തും. ബുക് ഡിപ്പോക്ക് പകരം സംവിധാനം ഒരുക്കും.
സ്വകാര്യ ആശുപത്രികളിൽ കൊവിഡ് ചികിത്സയ്ക്ക് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യും. സ്വകാര്യ ആശുപത്രികളുമായി ധാരണയിലെത്തുന്നതിന് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായ സാഹചര്യത്തിലാണിത്. കെ.എം.എസ്.സി.എൽ മുഖേന ഓർഡർ നൽകിയ മെഡിക്കൽ ഉപകരണങ്ങൾ സമയത്തിന് ലഭിക്കുന്നില്ലെന്ന പരാതി ഗൗരവമായി കാണും. ഇവ അടിയന്തരമായി ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
ആംബുലൻസുകളുടെ എണ്ണം 100 ആക്കും
രോഗികളേയും സ്രവ പരിശോധനക്കായി രോഗ ലക്ഷണമുള്ളവരെ കൊണ്ടുവരുന്നതിനും തിരിച്ച് വീട്ടിലെത്തിക്കുന്നതിനും കൂടുതൽ ആംബുലൻസ് സൗകര്യം ആവശ്യമായതിനാൽ 40 ആംബുലൻസുകൾ കൂടി ജില്ലയിൽ ഏർപ്പെടുത്തും. ആംബുലൻസ് സൗകര്യമൊരുക്കുന്നതിനും 24 മണിക്കൂറും സേവനം ലഭ്യമാക്കുന്നതിനും പ്രത്യേക കൺസോൾ ഉണ്ടാക്കും. ഇതിന്റെ പൂർണ്ണ ചുമതല റീജിയനൽ ട്രാൻസ്‌പോർട്ട് ഓഫീസർക്കായിരിക്കും. ആംബുലൻസുകൾ കുടുംബശ്രീയുടെ സഹായത്തോടെ പ്രാദേശിക തലത്തിൽ അണുവിമുക്തമാക്കുന്നതിന് സൗകര്യമൊരുക്കും.
പരിശോധനയ്ക്ക് 50,000 കിറ്റുകൾ
കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കൂടുതൽ പേരിൽ രോഗബാധയുണ്ടോ എന്ന് കണ്ടെത്തുന്നതിന് കൂടുതൽ പരിശോധനകൾ നടത്തും. ഇതിനായി അടിയന്തരമായി 50,000 പരിശോധന കിറ്റുകൾ ലഭ്യമാക്കാനും പരിശോധനാ ഫലം വേഗത്തിൽ ലഭിക്കുന്നതിനും നടപടി സ്വീകരിക്കും. കൂടുതൽ ഐ.സി.യു ബെഡുകളും വെന്റിലേറ്ററുകളും ജില്ലയിലൊരുക്കും.
ആർ.ആർ.ടി സംവിധാനം ശക്തമാക്കും
എം.എൽ.എമാരുടെ നേതൃത്വത്തിൽ ആർ.ആർ.ടി സംവിധാനം ശക്തമാക്കി കൂടുതൽ പ്രതിരോധ നടപടികൾ ശക്തമാക്കാനും സ്പീക്കർ നിർദ്ദേശം നൽകി. അന്യസംസ്ഥാന തൊഴിലാളികൾക്കായി പ്രത്യേക ഷെൽറ്റർ ഒരുക്കും. സ്കൂൾ വിദ്യാർത്ഥികൾക്ക് നൽകുന്ന ഭക്ഷ്യ കിറ്റുകൾ തീരദേശ മേഖലയിൽ ഉടൻ വിതരണം ചെയ്യാനും സ്പീക്കർ നിർദ്ദേശിച്ചു. ഇതിനായി ജില്ലാ സപ്ലൈ ഓഫീസർ, വിദ്യാഭ്യാസ ഉപഡയറക്ടർ, എ.ഡി.എം എന്നിവരെ ചുമതലപ്പെടുത്തി.
പുറത്തിറങ്ങാൻ റേഷൻ കാർഡ് നിർബന്ധം
പൊന്നാനി നഗരസഭാ പരിധിയിൽ അവശ്യവസ്തുക്കൾ വാങ്ങുന്നതുൾപ്പടെയുള്ള അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങുന്ന ആളുകൾ നിർബന്ധമായും റേഷൻ കാർഡ് കൈവശം വെക്കണം. റേഷൻ കാർഡില്ലാത്ത ആളുകൾ നഗരസഭ ഓഫീസിൽ നിന്ന് പ്രത്യേക അനുമതി പത്രം വാങ്ങി കൈവശം വെക്കണം. കുട്ടികളും 65 വയസിന് മുകളിൽ പ്രായമുള്ളവരുമല്ലാത്ത റേഷൻ കാർഡിൽ പേരുള്ള ആളുകൾ മാത്രമേ പുറത്തിറങ്ങാവൂ. തിങ്കൾ, ബുധൻ, വെള്ളി എന്നീ ദിവസങ്ങളിൽ റേഷൻ കാർഡ് നമ്പറിന്റെ അവസാന അക്കം ഒറ്റ അക്കത്തിൽ വരുന്ന കാർഡുടമകൾക്കും ചൊവ്വ, വ്യാഴം , ശനി എന്നീ ദിവസങ്ങളിൽ റേഷൻ കാർഡ് നമ്പറിന്റെ അവസാന അക്കം ഇരട്ട അക്കത്തിൽ വരുന്ന കാർഡുടമകൾക്കും അവശ്യവസ്തുക്കൾ വാങ്ങുന്നതിലേക്കായി മാത്രം യാത്ര അനുവദിക്കും. റേഷൻ കാർഡ് യാതൊരു കാരണവശാലും ദുരുപയോഗം ചെയ്യാൻ പാടുള്ളതല്ല.
ഇന്ന് സമ്പൂർണ ലോക്ക് ഡൗൺ
പൊന്നാനി നഗരസഭാ പരിധിയിൽ ഇന്ന് സമ്പൂർണ ലോക്ക് ഡൗണായിരിക്കുമെന്ന് ജില്ലാകളക്ടർ അറിയിച്ചു. നഗരസഭാ പരിധിയിൽ രോഗവ്യാപനം കൂടിയ സാഹചര്യത്തിലാണ് തീരുമാനം. മെഡിക്കൽ ആവശ്യങ്ങൾക്കും മറ്റ് അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ആളുകൾ പുറത്തിറങ്ങരുത്. നിയമ ലംഘകർക്കെതിരെ നടപടി സ്വീകരിക്കും. യോഗത്തിൽ എ.ഡി.എം എൻ.എം.മെഹറലി, ജില്ലാ പൊലീസ് മേധാവി യു.അബ്ദുൾ കരീം, അസിസ്റ്റന്റ് കളക്ടർ വിഷ്ണുരാജ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.സക്കീന, കൊവിഡ് ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. കെ.വി.നന്ദകുമാർ, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എ.ഷിബുലാൽ, ജില്ലാ സപ്ലൈ ഓഫീസർ കെ. രാജീവ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി.റഷീദ് ബാബു, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഇ.എ.രാജൻ, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ പി.എൻ പുരുഷോത്തമൻ, എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ടി.ജി ഗോകുൽ പങ്കെടുത്തു.