മലപ്പുറം: കൊവിഡ് മഹാമാരിയോട് പോരാടുന്ന നാടിനൊപ്പം പ്രതിരോധപ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുകയാണ് കൊവിഡ് വിമുക്തരായ ഒരു കൂട്ടം ചെറുപ്പക്കാർ. കൊവിഡ് രോഗികൾക്കുള്ള പ്ലാസ്മ തെറാപ്പിക്കായി പ്ലാസ്മ നൽകാനാണ് ഇവർ സ്വയം സന്നദ്ധരായി മുന്നിട്ടിറങ്ങിയത്. മഞ്ചേരി മെഡിക്കൽ കോളേജിലെ വിദഗ്ധ ചികിത്സയ്ക്ക് ശേഷം കൊവിഡ് ഭേദമായ 22 പേരാണ് ഇന്നലെ രാവിലെ വീണ്ടും ആശുപത്രിയിലേക്ക് തിരിച്ചുവന്നത്. പ്ലാസ്മ നൽകുന്നതിലൂടെ കൊവിഡ് രോഗികളുടെ ജീവൻ രക്ഷിക്കാനാവുന്നതിൽ സന്തോഷമുണ്ടെന്നും അവർ പ്രതികരിച്ചു.
കൊവിഡ് രോഗാണുവിനെതിരായ ആന്റിബോഡി കൊവിഡ് വിമുക്തരുടെ പ്ലാസ്മയിൽ നിന്ന് ലഭ്യമാവും. കൊവിഡ് ഭേദമായി 14 ദിവസം മുതൽ നാല് മാസം വരെയുള്ള കാലയളവിലാണ് ഒരു വ്യക്തിയിൽ നിന്ന് പ്ലാസ്മ ശേഖരിക്കുക. ഇത് ഒരു വർഷം വരെ സൂക്ഷിച്ച്വയ്ക്കാൻ സാധിക്കും. പതിനെട്ടിനും അമ്പതിനും ഇടയിൽ പ്രായമുള്ള 55 കിലോയിലധികം ഭാരമുള്ള കൊവിഡ് വിമുക്തരിൽ നിന്നാണ് പ്ലാസ്മ ശേഖരിക്കുന്നത്.
കൊവിഡ് വൈറസ് പടരുന്ന സാഹചര്യത്തെ ഫലപ്രദമായി നേരിടാനാണ് ഈ മുന്നൊരുക്കം നടത്തുന്നതെന്ന് കൊവിഡ് നോഡൽ ഓഫീസർ ഡോ.ഷിനാസ് ബാബു പറഞ്ഞു. പ്ലാസ്മ നൽകാനായി എല്ലാവരും മുന്നോട്ട് വന്നതിൽ സന്തോഷമുണ്ടെന്നും ചികിത്സാ സമയത്ത് കൊടുത്ത സ്‌നേഹം അവർ ഇരട്ടിയായി തിരിച്ചു തരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പെരിന്തൽമണ്ണ അഗ്നി രക്ഷാസേന സ്റ്റേഷൻ ഓഫീസർ ബാബുരാജ്, സിവിൽ ഡിഫൻസ് വളണ്ടിയർമാരായ ആനമങ്ങാട് വാളങ്കുളം ഷീബ (31), കരുവാരകുണ്ട് ഇരിങ്ങാട്ടിരി നടുത്തൊടിക സിറാജുദീൻ (30) പെരുമണ്ണ സ്വദേശി അദ്നാൻ ക്ളാരി(45) , വെളിയങ്കോട് കറുപ്പറമ്പിൽ മുംഷിദ് (34), കടലുണ്ടി നഗരം പി.എൻ.ഷഹദ്(24), ആലത്തിയൂർ പരപ്പേരി ഷംസുദീൻ(47), വെള്ളിയാമ്പ്രം വി ലത്തീഫ്(45), നമ്പൻകുന്ന് മുഹമ്മദ് ഷാഫി(38), എടപ്പാൾ കുളങ്ങര ഫാസിൽ(32), കാഴിക്കൽ മുഹമ്മദലി(48), മുഹമ്മദ് ഫാരിസ്(35),മഞമ്പാട്ട് അബ്ദുൽ ഹക്കീം(33), കളളിതടത്തിൽ അബ്ദുറഹിമാൻ(27), കൊത്തുപറമ്പ് മുഹമ്മദ് റിഫാസ്(27), ചാലയിൽ ഷംസുദീൻ(47), വെളിയംങ്കോട് കുന്നപറമ്പിൽ മുംഷിദ്(34), പൊൻമുണ്ടം പന്നിക്കോറ മുസ്തഫ(46), വെള്ളിയത്ത് സൈഫുദീൻ(33), നൗഷാദ്, വിജേഷ് കേഷബ്, സഫ്വാൻ എന്നിവരാണ് പ്ലാസ്മ നൽകാനെത്തിയത്.