കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ സ്ത്രീ ഉൾപ്പെടെ നാല് യാത്രക്കാരിൽ നിന്ന് എയർ കസ്റ്റംസ് ഇന്റലിജൻസ് 1.14 കോടിയുടെ സ്വർണം ഇന്നലെ പുലർച്ചെ പിടികൂടി. ഒളിപ്പിച്ചു കടത്തിയ മൂന്ന് കിലോഗ്രാമോളം മിശ്രിതത്തിൽ നിന്ന് 2.3 കിലോ സ്വർണം വേർതിരിച്ചെടുത്തു.
വെള്ളിയാഴ്ച മൂന്നുപേരിൽ നിന്നായി ഒന്നരക്കോടിയുടെ സ്വർണം പിടികൂടിയിരുന്നു. തിരുവനന്തപുരത്തെ സ്വർണക്കടത്ത് വിവാദമായി നിറയുന്നതിനിടയിലാണ് കരിപ്പൂരിലൂടെയുള്ള കടത്ത് തുടരുന്നത്.
റാസൽഖൈമയിൽ നിന്ന് സ്പൈസ് ജെറ്റിൽ കരിപ്പൂരിലെത്തിയ തിരുവനന്തപുരം സ്വദേശിനി സീനമോൾ, കാസർകോട് സ്വദേശികളായ അബ്ദുൾ സത്താർ, മുഹമ്മദ് ഫൈസൽ, മുഹമ്മദ് മിഥുലാജ് എന്നിവരിൽ നിന്നാണ്
സ്വർണം പിടികൂടിയത്.അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ 1.8 കിലോ സ്വർണ മിശ്രിതവുമായാണ് സീനമോൾ കരിപ്പൂരിലെത്തിയത്. അബ്ദുൾ സത്താറിൽ നിന്ന് 388 ഗ്രാമും, മുഹമ്മദ് ഫൈസലിൽ നിന്ന് 390 ഗ്രാമും, മുഹമ്മദ് മിഥുലാജിൽ നിന്ന് 387 ഗ്രാമും പിടിച്ചെടുത്തു. സ്വർണം പേസ്റ്റ് രൂപത്തിലാക്കി ജീൻസിന്റെ വെയ്സ്റ്റ് ബാൻഡിനുളളിൽ ഒളിപ്പിച്ച നിലയിലായിരുന്നു.