subaida

മഴയെത്ര പെയ്തിട്ടും മലപ്പുറത്തിന്റെ മനസിൽ ആശങ്കയുടെ ചൂടാണ്. പൊന്നാനിയും എടപ്പാളും കൊവിഡ് സമ്പർക്ക വ്യാപനത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ടിട്ടില്ല. ആദ്യ ലോക്ക്ഡൗണിൽ പുറത്തിറങ്ങാൻ പല വഴികളും തേടിയവർ ഇപ്പോൾ അത്യാവശ്യത്തിന് വീടിന് പുറത്തിറങ്ങാൻ പോലും പലവട്ടം ആലോചിക്കും. കൊവിഡ് സമൂഹ വ്യാപനത്തിന്റെ കാർമേഘം മലപ്പുറത്തിന്റെ തീരപ്രദേശങ്ങളിൽ മൂടിയിട്ടുണ്ട്. പോയവാരം മലപ്പുറത്തിന് ആശങ്കകൾ മാത്രമായിരുന്നു. ഇതിനിടയിലും മലപ്പുറത്തെ രസിപ്പിച്ചൊരാളുണ്ട്. മൊറയൂർ എടപ്പറമ്പിലെ കൊണ്ടോട്ടിപ്പറമ്പൻ സുബൈദ എന്ന തൊണ്ണൂറുകാരി. ആശങ്കകളൊന്നുമില്ലാതെ പേരക്കുട്ടികൾക്കൊപ്പം ഓൺലൈൻ ക്ലാസിൽ രസിച്ച് പഠിക്കുന്നൊരു വല്യുമ്മ.

പഠിക്കുകയാണ്

സുബൈദുമ്മ

ചോണൽ എന്ന് പറയുമ്പോൾ മക്കൾ കൈകൾ ഉയർത്തണം, കുഞ്ഞൻ എന്ന് പറയുമ്പോൾ കൈകൾ താഴ്ത്തണം, ഒന്നാംതരത്തിലെ ഗണിത ശാസ്ത്രം ഓൺലൈൻ ക്ലാസിൽ അദ്ധ്യാപികയുടെ നിർദ്ദേശം കൊച്ചുകുട്ടിയെ പോലെ അനുസരിക്കുന്ന സുബൈദയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മൊബൈലിൽ നോക്കി പേരക്കുട്ടികൾ കൈകൾ ഉയർത്തുന്നതും താഴ്ത്തുന്നതും കണ്ട് കൗതുകത്തിന് ഒപ്പം കൂടിയതാണീ വല്യുമ്മ. സ്‌കൂളിന്റെ പടിപോലും കാണാത്ത സുബൈദയ്ക്ക് വല്ലാത്ത കൗതുകമായി. സംഗതി ഇഷ്ടപ്പെട്ടപ്പോൾ പിന്നെയൊന്നും നോക്കിയില്ല, പേരക്കുട്ടിയുടെ സ്ലേറ്റെടുത്ത് ഒന്ന് എന്ന ആദ്യ അക്കമെഴുതി. ഇന്ന് പത്ത് വരെ ഏത് അക്കവും പെട്ടെന്നെഴുതും ഈ വല്യുമ്മ. മുമ്പ് സാക്ഷരതാ ക്ലാസിൽ പോയാണ് സ്വന്തം പേരെഴുതാൻ പഠിച്ചത്. എഴുത്തിന്റെ രസം അന്നേ മനസിൽ പതിഞ്ഞിരുന്നു. എന്നാൽ പിന്നീട് തുടരാൻ കഴിഞ്ഞില്ല.

ഓൺലൈൻ ക്ലാസിൽ അറബി, കണക്ക്, മലയാളം വിഷയങ്ങളിൽ മുഴുവൻ ഹാജറുമുണ്ട് സുബൈദയ്ക്ക്. പേരക്കുട്ടികൾ ഇല്ലെങ്കിലും രാവിലെ പത്തരയായാൽ മകളുടെ മൊബൈൽ ഫോൺ വാങ്ങിച്ച് ക്ലാസുകൾ കേൾക്കും. ഒരു ക്ലാസ് പോലും നഷ്ടമാവരുതെന്ന് സുബൈദയ്ക്ക് നി‌ർബന്ധമുണ്ട്. പേരക്കുട്ടികൾക്കൊപ്പം പഠിക്കുന്ന വീഡിയോ വാട്സ് ആപ്പിൽ വീട്ടുകാർ വെറുതെയിട്ടതാണ്. പിന്നെയത് കണക്കുകൂട്ടലുകൾക്കപ്പുറം വൈറലായി. സുബൈദയുടെ പഠനം കണ്ടവരുടെ ഫോൺ വിളിയുടെ ബഹളമായിരുന്നു ഇതിനിടയ്ക്ക്. കുട്ടികൾക്കിടയിലും താരമാണിപ്പോൾ ഈ തൊണ്ണൂറുകാരി.

ജോലി യാചിച്ച്

ഭിന്നശേഷിക്കാരൻ

ഇന്റർവ്യൂ നടത്തിക്കോളൂ,​ നിയമനം ഞങ്ങൾ നടത്തുമെന്ന് രാഷ്ട്രീയ കേന്ദ്രങ്ങൾ തീരുമാനിക്കുന്നതിൽ കൊവിഡ് കാലത്തും യാതൊരു മാറ്റവും വന്നിട്ടില്ലെന്നത് തെളിവാണ് നിസഹായനായ ഈ ഭിന്നശേഷിക്കാരൻ.

സർ,​ അടുത്ത തവണ എനിക്ക് വേണ്ടി ശിപാർശ ചെയ്യാമോ, ജോലിക്കായി പലതവണ അഭിമുഖങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ഇതുവരെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്ന് വിളി വന്നിട്ടില്ല. കഴിഞ്ഞ ദിവസം നടന്ന കളക്ടറുടെ പരാതി പരിഹാര അദാലത്തിൽ പങ്കെടുത്ത ചെറുകോട്ടെ 50 വയസുകാരനായ ഭിന്നശേഷിക്കാരന്റെ അപേക്ഷയായിരുന്നു ഇത്. സങ്കടം തളംകെട്ടിനിന്ന ആ മനുഷ്യന്റെ ദുരവസ്ഥയുടെ കാരണം കളക്ടർ എംപ്ലോയ്മെന്റ് ഓഫീസറോട് ചോദിച്ചപ്പോൾ തനിക്ക് നിയമനാധികാരമില്ലെന്ന് കൈമലർത്തി. ഈ വർഷം രണ്ട് തവണ കൂടി അഭിമുഖ അവസരം നൽകുമെന്നും ഇതിനുള്ള അറിയിപ്പ് വരുമ്പോൾ തന്നെ അറിയിക്കണമെന്നുമുള്ള കളക്ടറുടെ മറുപടിയിൽ പ്രതീക്ഷയർപ്പിക്കുകയാണ് ഭിന്നശേഷിക്കാരൻ.

കൊവിഡിന് പിന്നാലെ താത്ക്കാലിക നിയമന അഭിമുഖങ്ങളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. എന്നാൽ ഇതിന് തൊട്ടുമുമ്പത്തെ അവസ്ഥ ഇതല്ലായിരുന്നു. അഭിമുഖങ്ങളുടെ നിര തന്നെയുണ്ടായിരുന്നു. പൊതുമരാമത്ത് വകുപ്പിലേക്കായി മലപ്പുറം സിവിൽ സ്റ്റേഷനിൽ നടന്ന അഭിമുഖത്തിന് എത്തിയവരെ മുട്ടിനടക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. കൈകുഞ്ഞുങ്ങളുമായി അടക്കം അതിരാവിലെ എത്തിയവർ. സാങ്കേതിക പരിജ്ഞാനം വേണ്ട തസ്തികയിലേക്കുള്ള അഭിമുഖത്തിൽ ഉദ്യോഗാ‌ർത്ഥികളോട് ചോദിച്ചത് എവിടെയാണ് വീട് എന്ന് മാത്രം. സാങ്കേതിക നടപടികൾ പൂർത്തിയാക്കാനുള്ള തട്ടിക്കൂട്ടൽ. പിന്നെ റാങ്ക് ലിസ്റ്റുമില്ല, തുടർവിവരവുമില്ല. ശിപാർശ കത്തുകളുടെ ബഹളത്തിൽ അതെല്ലാം അപ്രസക്തമായി.