മലപ്പുറം: കൊവിഡ് രോഗികളുടെ എണ്ണവും സാമൂഹ്യവ്യാപന ആശങ്കയും വർദ്ധിച്ചതോടെ 108 ആംബുലൻസുകളുടെ എണ്ണക്കുറവ് വലിയ പ്രതിസന്ധിയാവുന്നു. ആംബുലൻസുകളുടെ എണ്ണം 100 ആക്കി ഉയർത്താൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണന്റെ നേതൃത്വത്തിൽ തീരുമാനമെടുത്തെങ്കിലും ഇതു നടപ്പായിട്ടില്ല. നിലവിൽ 108 ആംബുലൻസുകൾ 32 എണ്ണമാണുള്ളത്. ഇതിൽ 23 ആംബുലൻസുകൾക്ക് 24 മണിക്കൂർ ഡ്യൂട്ടിയായിരുന്നു. രോഗികളുടെ എണ്ണം വർദ്ധിച്ചതോടെ കഴിഞ്ഞ ദിവസം മുതൽ മുഴുവൻ ആംബുലൻസുകളും 24 മണിക്കൂറാക്കി മാറ്റി. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ(ഐ.എം.എ) ഏർപ്പെടുത്തിയ 17 സൗജന്യ ആംബുലൻസുകളും സർവീസ് തുടങ്ങി. ആംബുലൻസുകൾക്ക് കിലോമീറ്റർ നിരക്കിൽ ഐ.എം.എ തുക നൽകും. ആകെ 49 ആംബുലൻസുകൾ ജില്ലയിൽ സർവീസ് നടത്തുന്നുണ്ട്. പൊന്നാനി, എടപ്പാൾ ഭാഗങ്ങളിൽ രോഗഭീതി വർദ്ധിച്ചതോടെ നിലവിലെ ആംബുലൻസുകൾ ഒന്നിനും തികയാത്ത അവസ്ഥയാണ്. കൊവിഡ് സ്ഥിരീകരിച്ച രോഗികളെ ആശുപത്രികളിലേക്ക് കൊണ്ടുവരാനും ഡിസ്ചാർജ്ജ് രോഗികളെ വീട്ടിലെത്തിക്കാനും മണിക്കൂറുകളോളം കാത്തുനിൽക്കണം.
ആംബുലൻസ് ജീവനക്കാരുടെ ജോലിഭാരവും വലിയതോതിൽ ഉയർന്നിട്ടുണ്ട്. ഡ്രൈവർമാരും നേഴ്സുമാരുമായി 120ഓളം ജീവനക്കാരുണ്ട്. ഇതിൽ 70 പേർ ഡ്രൈവർമാരാണ്. നേഴ്സുമാരുടെ കുറവ് രണ്ടുദിവസത്തിനകം പരിഹരിക്കുമെന്നാണ് വിവരം. മുഴുവൻ ആംബുലൻസുകളും 24 മണിക്കൂർ ആക്കിയതോടെ നിലവിലുള്ള ഡ്രൈവർമാർക്ക് അവധിയെടുക്കാനാവുന്നില്ല. പുതിയ ഡ്രൈവർമാരുടെ ഇന്റർവ്യു കഴിഞ്ഞിട്ടുണ്ട്. കൂടുതൽ വണ്ടികൾ എത്തിയാലേ ഇവരുടെ സേവനം പ്രയോജനപ്പെടുത്താനാവൂ.
കൊണ്ടുവരുന്നത് രാത്രിയിൽ
വിമാനങ്ങൾ കുറഞ്ഞതോടെ കരിപ്പൂരിൽ എത്തുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. നേരത്തെ ഓരോ ആംബുലൻസിനും 15ന് മുകളിൽ സർവീസ് നടത്തേണ്ടിയിരുന്നു. ഇതിപ്പോൾ പകുതിയിൽ താഴെയായി. എട്ട് ആംബുലൻസുകളാണ് കൊണ്ടോട്ടി കേന്ദ്രീകരിച്ച് സർവീസ് നടത്തുന്നത്. അതേസമയം എടപ്പാൾ, പൊന്നാനി ഭാഗങ്ങളിൽ രോഗികളുടെ എണ്ണം വർദ്ധിച്ചതോടെ ഇവിടങ്ങളിലേക്കുള്ള സർവീസ് ഇരട്ടിയിലധികമായി. പ്രതിഷേധം ഭയന്നും അയൽക്കാർ കാണേണ്ടെന്നും കരുതി തീരപ്രദേശങ്ങളിൽ നിന്ന് രോഗികളെ കൊണ്ടുവരുന്നത് രാത്രിയിലാണ്. ചിലയിടങ്ങളിൽ പൊലീസ് സുരക്ഷയോടെയാണ് പോവുന്നത്. രാത്രി സർവീസുകളുടെ എണ്ണം വലിയതോതിൽ ഉയർന്നു. കൈയേറ്റ ശ്രമങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും ആംബുലൻസ് ജീവനക്കാർക്ക് ആശങ്കയുണ്ട്.
108 ആംബുലൻസ് കാണുമ്പോൾ തന്നെ പലരും മുഖംപൊത്തുന്നുണ്ട്. ഭക്ഷണം കഴിക്കാനായി ഇറങ്ങിയാൽ ചില ഹോട്ടലുകാർ അങ്ങോട്ട് വരേണ്ട വണ്ടിയിലേക്ക് കൊണ്ടുതരാമെന്ന് പറയും. വാഹനം ദൂരെ പാർക്ക് ചെയ്യാനും ആവശ്യപ്പെടും. ആളുകളുടെ ഇത്തരത്തിലുള്ള പെരുമാറ്റം കാണുമ്പോൾ പലപ്പോഴും സങ്കടം തോന്നാറുണ്ട്.
കൊണ്ടോട്ടിയിലെ 108 ആംബുലൻസ് ഡ്രൈവർ