vfvv
.

മലപ്പുറം: ഓൺലൈൻ ക്ലാസ് തുടങ്ങിയിട്ടും പാഠപുസ്തകം ലഭിക്കാത്ത ആശങ്ക ഇനിയില്ല. ജില്ലയിലെ 1,​389 സർക്കാ‌ർ,​ എയ്ഡഡ് സ്കൂളുകളിലായി 5​0.​5​4 ലക്ഷം പുസ്തകങ്ങളുടെ വിതരണം ഇന്നലത്തോടെ പൂർത്തിയായി. മേയ് 11നാണ് പുസ്തക വിതരണം തുടങ്ങിയത്. ഈമാസം 15നകം പുസ്തക വിതരണം പൂർത്തിയാക്കാനായിരുന്നു സർക്കാർ നിർദ്ദേശം. സൊസൈറ്റികളിലെത്തിച്ച പാഠപുസ്തകങ്ങൾ സ്കൂളുകളിലെത്തിച്ച് രക്ഷിതാക്കളെ വിവരമറിച്ച് കൈമാറുന്നുണ്ട്.

210 അൺഎയ്ഡഡ് സ്കൂളുകളിലേക്കുള്ള പുസ്തക വിതരണമാണിപ്പോൾ നടക്കുന്നത്. 6.14 ലക്ഷം പുസ്തകങ്ങൾ ഇവിടങ്ങളിലേക്ക് ആവശ്യമുണ്ട്. ഇതിൽ രണ്ടര ലക്ഷം പുസ്തകങ്ങൾ ഇന്നലെ വരെ വിതരണം ചെയ്തു. രണ്ടുദിവസത്തിനകം ഇവിടങ്ങളിലേക്കുള്ള പുസ്തക വിതരണം പൂർത്തിയാവും. അൺഎയ്ഡഡ് സ്കൂൾ അധികൃതർ ജില്ലാ ബുക്ക് ഡിപ്പോയിൽ നേരിട്ടെത്തി സ്വന്തംവാഹനത്തിൽ വേണം പുസ്തകങ്ങൾ കൊണ്ടുപോവാൻ. സർക്കാർ,​ എയ്ഡഡ് സ്കൂളുകളിലെ പുസ്തക വിതരണ ചുമതലയാണ് ജില്ലാ ബുക്ക് ഡിപ്പോ നേരിട്ട് നിർവഹിക്കുന്നത്.

കുട്ടികൾ കൂടി

സർക്കാർ,​ എയ്ഡഡ് സ്കൂളുകളിൽ ഇത്തവണ കുട്ടികളുടെ എണ്ണം കൂടിയിട്ടുണ്ട്. ആറാം പ്രവൃത്തിദിന കണക്ക് പ്രകാരമുള്ള റിപ്പോർട്ട് അതത് സ്കൂളുകൾ എ.ഇ.ഒമാർക്ക് കൈമാറിയിട്ടുണ്ട്. നവംബറിൽ നൽകിയ ഇൻഡന്റ് പ്രകാരമുള്ള പാഠപുസ്തകങ്ങളാണ് ഓരോ സ്കൂളുകളിലും എത്തിച്ചിട്ടുള്ളത്. ഈ അദ്ധ്യയന വർഷം അധികമായി ചേർന്ന കുട്ടികളുടെ എണ്ണം സംബന്ധിച്ച റിപ്പോർട്ട് ഡി.ഡി.ഇ മുഖാന്തരം തിരുവനന്തപുരം ബുക്ക് ഡിപ്പോ അധികൃതർക്ക് കൈമാറേണ്ടതുണ്ട്. ഇതിനുശേഷമാവും ഇവ‌ർക്കുള്ള പുസ്തകങ്ങൾ വിതരണം നടത്തുക. സാധാരണഗതിയിൽ 10 ശതമാനം പുസ്തകങ്ങൾ അധികം പ്രിന്റ് ചെയ്യാറുണ്ട്. ഈ ആഴ്ച്ചയ്ക്കകം കുട്ടികളുടെ എണ്ണം സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കണമെന്ന് ബുക്ക് ഡിപ്പോ അധികൃതർ അറിയിച്ചിട്ടുണ്ട്.

അൺഎയ്ഡഡ് സ്കൂളുകളിലേക്കുള്ള പുസ്തകങ്ങൾ സ്റ്റോക്കുണ്ട്. വേഗത്തിൽ പുസ്തകങ്ങൾ കൈപ്പറ്റണമെന്ന് സ്കൂൾ അധികൃതരെ അറിയിച്ചിട്ടുണ്ട്

മനോഹരൻ,​ ജില്ലാ പാഠപുസ്തക വിതരണ കോർഡിനേറ്റർ

സർക്കാർ,​ എയ്ഡഡ് സ്കൂളുകളിലേക്കുള്ള

പാഠപുസ്തകങ്ങൾ - 50,​54,​902

അൺഎയ്ഡഡ് സ്കൂളുകളിലേക്ക് - 6,​14,​000

ആകെ പാഠപുസ്തകങ്ങൾ - 56,​68,​​902