മലപ്പുറം: കേരളത്തിലെ നിലവിലെ കലഹങ്ങളെല്ലാം സ്വർണത്തെച്ചൊല്ലിയാണ്. സ്വർണം പോലെ തിളക്കമേറിയതല്ല പക്ഷേ, സ്വർണാഭരണ നിർമ്മാണ തൊഴിലാളികളായ തട്ടാൻമാരുടെ ജീവിതം. കൊവിഡിനും ലോക്ക് ഡൗണിനും മുമ്പു തന്നെ പ്രതിസന്ധിയിലായിരുന്നു ഇവർ. ജോലിയില്ലാത്തതിനാൽ മിക്കവരും പരമ്പരാഗത തൊഴിൽ ഉപേക്ഷിച്ച് മറ്റ് തൊഴിലുകളിലേക്ക് ചേക്കേറുകയാണ്. കൊവിഡ് കൂടി വന്നതോടെ പ്രതിസന്ധിയുടെ ആഴക്കടലിലാണിവർ.
തുച്ഛമായ കൂലിക്കാണ് സ്വർണപ്പണിക്കാർ ജോലി ചെയ്യുന്നത്. ഒരു ഗ്രാം സ്വർണത്തിലെ പണിക്ക് ജുവലറിക്കാരിൽ നിന്ന് കിട്ടുന്നത് 25 മുതൽ 60 രൂപ വരെയാണ്. നിരവധി പ്രക്രിയകൾക്കൊടുവിലാണ് ആഭരണത്തിന്റെ പണി പൂർത്തിയാവുക. അതുവരെയുള്ള ചെലവുകൾ വഹിക്കേണ്ടത് സ്വർണപ്പണിക്കാരാണ്. ഉണ്ടാക്കുന്ന ആഭരണത്തിന്റെ സ്വഭാവത്തിനനുസരിച്ചാണ് പ്രയത്നവും സമയവും ചെലവഴിക്കേണ്ടി വരിക. തൂക്കം കുറവുള്ള ആഭരണത്തിന് സമയം കൂടുതലെടുക്കും. കൂലിയിൽ പക്ഷേ, മാറ്റമുണ്ടാവില്ല.
സാധാരണ ജുവലറിക്കാർ സ്വർണ പണിക്കാർക്ക് നൽകുന്നത് 24 കാരറ്റ് തങ്കവും ചെമ്പുമാണ്. തങ്കവും ചെമ്പും ഉപയോഗിച്ച് സ്വർണമാക്കണം. ഡെെകടയിൽ നൽകി സ്വർണം വേണ്ട രൂപത്തിലാക്കി വിളക്കുകയും പോളിഷ് ചെയ്യുകയും വേണം, കട്ടിംഗ്, കളറിംഗ് എന്നിങ്ങനെ വിവിധ പ്രക്രിയകളിലൂടെ കടന്ന് പോകണം. ഈ പ്രക്രിയയിൽ തന്നെ 100 മില്ലിഗ്രാം വരെ തേയ്‌മാനം സ്വാഭാവികമായി സംഭവിക്കും. ഇങ്ങനെയുണ്ടാകുന്ന തേയ്‌മാനത്തിന്റെ നഷ്ടവും സ്വർണപ്പണിക്കാർ സഹിക്കേണ്ടി വരുന്നു.
സ്വർണത്തിനുണ്ടാകുന്ന വില വർദ്ധനവ് ഇവരുടെ കൂലിയിൽ മാറ്റം വരുത്തുന്നില്ല. പണിക്കിടെയുണ്ടാവുന്ന സ്വാഭാവികമായ തേയ്‌മാനത്തിന്റെ ചെലവ് കൂടി ജുവലറിക്കാർക്ക് കൈയിൽ നിന്ന് നൽകേണ്ടി വരുന്നതായി കഴിഞ്ഞ 35 വർഷമായി ആഭരണ നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്ന പി.കെ മോഹനൻ പറയുന്നു.
മുൻകാലങ്ങളിൽ തേയ്‌മാനത്തിനുള്ള കൂലി കൂടി തട്ടാൻമാർക്ക് കിട്ടിയിരുന്നു. അതിനാൽ തന്നെ നഷ്ടം സഹിക്കേണ്ടി വരുമായിരുന്നില്ല. ജുവലറിക്കാരാവട്ടെ തേയ്‌മാനക്കൂലി ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്നുമുണ്ടെന്ന് മോഹനൻ പറയുന്നു.