ggg
കളക്ടറേറ്റിന് മുന്നിൽ ശവപ്പെട്ടിയിൽ കിടന്ന് പ്രതിഷേധ സമരം നടത്തുന്ന ഉദ്യോഗാർത്ഥികൾ

മലപ്പുറം: സിവിൽ പൊലീസ് ഓഫീസർ ഉദ്യോഗം സ്വപ്നം കണ്ടവർ അഞ്ച് ദിവസമായി മലപ്പുറം കളക്ടറേറ്റിന് മുന്നിൽ ശവപ്പെട്ടിയിൽ കിടക്കുകയാണ്. സിവിൽ പൊലീസ് ഓഫീസർ എം.എസ്.പി ബറ്റാലിയനിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളാണ് നീതി നിഷേധത്തിനെതിരെ പ്രതീകാത്മക സമരം നടത്തുന്നത്. മുൻവർഷങ്ങളിൽ സപ്ലിമെന്ററി ലിസ്റ്റിൽ നിന്നുള്ളവർ പോലും നിയമനം നേടിയെങ്കിൽ ഇത്തവണ മെയിൻലിസ്റ്റിൽ നിന്നുതന്നെ പലരും പുറത്തായി. 1,259 പേർ മെയിൻ ലിസ്റ്റിലും 533 പേർ സപ്ലിമെന്ററി ലിസ്റ്റിലുമായി 1,792 പേരുള്ളപ്പോൾ ആകെ നിയമം നടന്നത് 832 പേർക്ക് മാത്രം. ജോലിക്ക് സന്നദ്ധരല്ലെന്ന് അറിയിച്ച 70 പേരെയടക്കം കൂട്ടിയാണിത്. ഫലത്തിൽ 762 പേർക്കാണ് നിയമനം ലഭിച്ചത്. ഇതിൽ 626 പേർക്ക് ആദ്യം തന്നെ അഡ്വൈസ് മെമ്മോ നൽകിയിരുന്നു. പിന്നീട് നിയമനങ്ങൾ ഇഴഞ്ഞു.

1,200ഓളം ഒഴിവുകൾക്ക് പുറമെ 2021 ഡിസംബർ 31 വരെയുള്ള പ്രതീക്ഷിത നിയമനങ്ങളിലൂടെ 338 പേർക്കും അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഉദ്യോഗാർത്ഥികൾ. 2018 ജൂലൈ ഒന്നിന് റാങ്ക് ലിസ്റ്റ് നിലവിൽ വന്നെങ്കിലും കോപ്പിയടിയും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്തും ഉണ്ടാക്കിയ വിവാദങ്ങൾക്കിടയിൽ കോടതി റാങ്ക് ലിസ്റ്റ് അഞ്ചുമാസത്തേക്ക് സ്‌റ്റേ ചെയ്തിരുന്നു. 2019 ഫെബ്രുവരി 17ന് ആണ് ആദ്യ അഡ്വൈസ് മെമ്മേ അയച്ചത്. അവസാന അഡ്വൈസ് മെമ്മോ മാർച്ച് 17നും. കൊവിഡിന് പിന്നാലെ മൂന്നുമാസം നിയമനങ്ങളുമുണ്ടായില്ല.

നിയമനം ഉടൻ നടത്തുകയോ റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടുകയോ ചെയ്യാതിരുന്നതോടെ നിരവധി ഉദ്യോഗാർത്ഥികളുടെ ജോലിസ്വപ്നമാണ് ഇല്ലാതായത്. മുഖ്യമന്ത്രി, പി.എസ്.സി ചെയർമാൻ, പൊലീസ് മേധാവി അടക്കമുള്ളവർക്ക് നിയമനം വേഗത്തിലാക്കണമെന്ന് അറിയിച്ച് നിവേദനങ്ങൾ നൽകിയിരുന്നെങ്കിലും പരിഗണിക്കപ്പെട്ടില്ലെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു.

കൂടുതൽപേർ പുറത്തായത് എം.എസ്.പി ലിസ്റ്റിൽ

സംസ്ഥാനത്തെ ഏഴ് ബറ്റാലിയനുകളിൽ നിന്നായി 25 ശതമാനത്തോളം പേരാണ് പുറത്തായത്. 7,580 പേരുള്ള മെയിൻ ലിസ്റ്റിൽ നിന്ന് 5,667 പേർക്ക് മാത്രമാണ് നിയമനം ലഭിച്ചത്. എം.എസ്.പിയിലെ കഴിഞ്ഞ റാങ്ക് ലിസ്റ്റിൽ നിന്ന് 104 ശതമാനമായിരുന്നു നിയമനമെങ്കിൽ ഇത്തവണ 64 ശതമാനത്തിൽ ഒതുങ്ങി. കഴിഞ്ഞ തവണ മെയിൻ ലിസ്റ്റിലെ മുഴുവൻ പേർക്കും നിയമനം ലഭിച്ചിരുന്നു. 27 വർഷത്തിന് ശേഷമാണ് എം.എസ്.പി മെയിൻ ലിസ്റ്റിൽ നിന്നുള്ളവർ പുറത്താവുന്നതെന്നും ഉദ്യോഗാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു.

ഒഴിവുകളിൽ ഉടൻ നിയമനം നൽകുമെന്ന് ഉറപ്പേകിയ അധികൃതർ കബളിപ്പിച്ചു. ലിസ്റ്റിൽ ഉൾപ്പെട്ട പലരും പ്രായപരിധി കഴിയുന്നവർ ആണെന്നതിനാൽ ഇനി പരീക്ഷ എഴുതാനാവില്ല. നഷ്ടപ്പെട്ട മാസങ്ങൾ കണക്കിലെടുത്തെങ്കിലും ലിസ്റ്റിന്റെ കാലാവധി നീട്ടി നിയമനം വേഗത്തിലാക്കണം.

മുഹമ്മദ് മുഹ്സിൻ,​ ഉദ്യോഗാർത്ഥി