മലപ്പുറം: കൊവിഡിന്റെ വരവോടെ നിലച്ച പി.എസ്.സി പരീക്ഷകളുടെ നടത്തിപ്പ് അനിശ്ചിതമായി നീളും. ഓൺലൈനായി പരീക്ഷകൾ നടത്താനുള്ള നീക്കവും അവതാളത്തിലായി. കഴിഞ്ഞ ജനുവരിയിലെ വിജ്ഞാപന പ്രകാരമുള്ള 93 പരീക്ഷകളിൽ 23 എണ്ണമേ നടത്തിയിട്ടുള്ളൂ.
പരീക്ഷാ കേന്ദ്രങ്ങളായ സ്‌കൂളുകളും കോളേജുകളും പൂർണതോതിൽ തുറന്ന ശേഷമേ എഴുത്തുപരീക്ഷ പുനരാരംഭിക്കാനാവൂ എന്നാണ് പി.എസ്.സിയുടെ നിലപാട്. അപേക്ഷകർ താരതമ്യേന കുറവുള്ള പരീക്ഷകൾ ഓൺലൈനായി നടത്താൻ ആലോചിച്ചതാണ്. എന്നാൽ,പി.എസ്.സിയുടെ കേന്ദ്രങ്ങളിലും എൻജിനിയറിംഗ് കോളേജുകളിലുമായി പരമാവധി 10,000 പേർക്കേ ഓൺലൈൻ പരീക്ഷാ സൗകര്യമുള്ളൂ. സാമൂഹിക അകല മാനദണ്ഡപ്രകാരം 5,000 പേരെയേ പ്രവേശിപ്പിക്കാനാവൂ.
മേയ് 30 വരെയുള്ള എല്ലാ പരീക്ഷകളും മാറ്റിവയ്ക്കുകയും ജൂൺ, ജൂലായ് മാസങ്ങളിലെ ഷെഡ്യൂളുകൾ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. മാർച്ച് മുതൽ മേയ് വരെ 62 തസ്തികകളിലെ പരീക്ഷകളാണ് മാറ്റിവച്ചത്. മേയ് ഏഴിന് നടക്കേണ്ടിയിരുന്ന ഫയർമാൻ പരീക്ഷയ്ക്ക് 2,50,495 അപേക്ഷകരുണ്ട്. ലോക്ക് ഡൗണിൽ മുടങ്ങിയ വകുപ്പുതല പരീക്ഷകൾക്കുള്ള വിജ്ഞാപനം കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആഗസ്റ്റ് 19 വരെ അപേക്ഷ സ്വീകരിക്കും.
ഈ വർഷം നടത്താനിരുന്ന
പ്രധാന പരീക്ഷകളും
അപേക്ഷകരുടെ എണ്ണവും
* എൽ.ഡി.സി - 17,58,338
*സെക്രട്ടേറിയറ്റ് ഓഫീസ് അറ്റൻഡന്റ് - 10,59,000
*ലാസ്റ്റ് ഗ്രേഡ് സർവന്റ് - 6,98,797
*എക്‌സൈസ് ഇൻസ്‌പെക്ടർ - 5,60,471
*സിവിൽ പൊലീസ് ഓഫീസർ - 3,59,456
* സിവിൽ എക്‌സൈസ് ഓഫീസർ - 3,35,885
*ഫയർമാൻ - 2,50,495
*സബ് ഇൻസ്‌പെക്ടർ - 2,72,
ഓൺലൈൻ പരീക്ഷ പോലും നടത്താൻ പറ്റിയ സാഹചര്യമല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൂർണതോതിൽ തുറക്കേണ്ടതുണ്ട്. പുനരാരംഭിക്കുമ്പോൾ കൺഫർമേഷൻ നൽകിയ പരീക്ഷകൾക്കാവും മുൻഗണന.
-എം.കെ. സക്കീർ,
പി.എസ്.സി ചെയർമാൻ