ration-card
.

മലപ്പുറം: മുൻഗണന കാർഡിനായി നിരവധി അർഹർ കാത്തുനിൽക്കുമ്പോഴും കൊവിഡ് കാലത്തെ റേഷനും സൗജന്യ കിറ്റും വാങ്ങാതെ 1,824 കാർഡുടമകൾ. മൂന്നുമാസത്തിനിടെ റേഷൻ വാങ്ങാത്ത പി.എച്ച്.എച്ച് (പിങ്ക്)​ - 1,​652,​ എ.എ.വൈ (മഞ്ഞ)​ - 172 എണ്ണം കാർഡുകൾ അധികൃതർ കണ്ടെത്തി. ഇതിൽ 503 കാർഡുകൾ മുൻഗണനേതര വിഭാഗത്തിലേക്ക് മാറ്റി. ഒഴിവാക്കിയവർക്ക് പരാതി നൽകാൻ അവസരമുണ്ട്. പരാതി വസ്തുതാപരമാണെങ്കിൽ പട്ടികയിൽ നിലനിറുത്തും. അല്ലെങ്കിൽ ഇതുവരെ വാങ്ങിയ റേഷന് പൊതുവിപണിയിലെ വില പിഴയായി ഈടാക്കും. നിർധനർക്കും വരുമാന മാർഗ്ഗമില്ലാത്ത കാൻസർ, കിഡ്നി തുടങ്ങിയ ഗുരുതര അസുഖ ബാധിതർക്കും മാത്രമാണ് എ.എ.വൈ കാർഡിന് അർഹത. എന്നാൽ സമ്പന്നർ പോലും മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നതിന്റെ തെളിവ് കൂടിയാണ് തുടർച്ചയായി റേഷൻ വാങ്ങാത്തവരുടെ എണ്ണം.

അനർഹമായി മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടവരെ കണ്ടെത്തുന്നതിനായി റേഷനിംഗ് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ പരിശോധന നടത്തുന്നുണ്ട്. കൊവിഡിന് പിന്നാലെ രോഗസാദ്ധ്യത മുൻനിറുത്തി വീടുകൾ തോറും പരിശോധന നടത്തുന്നത് താത്കാലികമായി നിറുത്തി.

അ‌ർഹതയില്ല

ഒരേക്കറിന് മുകളിൽ ഭൂമിയുള്ളവർ,​ ആയിരം ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടുള്ളവർ, നാല് ചക്രവാഹനം സ്വന്തമായുളളവർ, കുടുംബത്തിന് പ്രതിമാസം 25,​000 രൂപയിൽ അധികം വരുമാനമുള്ളവർ എന്നിവർക്ക് മുൻഗണനാ,​എ.എ.വൈ കാർഡിന് അർഹതയില്ല.

ഇവർ കാർഡുകൾ തിരിച്ചേൽപ്പിച്ചില്ലെങ്കിൽ നിയമ നടപടികളെടുക്കുമെന്ന് അധികൃതർ നൽകിയ മുന്നറിയിപ്പും കാര്യമായ പ്രതിഫലനമുണ്ടാക്കിയിട്ടില്ല.

ർമുൻഗണനാ വിഭാഗത്തിലേക്ക് ഉൾപ്പെടുത്തുന്നതിനായി ജില്ലയിൽ താലൂക്ക് അടിസ്ഥാനത്തിൽ പട്ടിക തയ്യാക്കിയിട്ടുണ്ട്. അനർഹരെ ഒഴിവാക്കിയാൽ മാത്രമേ ഇവരെ ലിസ്റ്റിൽ ഉൾപ്പെടുത്താനാവൂ.

താലൂക്ക് കാർഡുകൾ മാറ്റിയത്
ഏറനാട് 358 - 2
നിലമ്പൂർ 513 - 1
പെരിന്തൽമണ്ണ 326 - 489
തിരൂർ 14 - 0
തിരൂരങ്ങാടി 401 - 2
പൊന്നാനി 109 - 2
കൊണ്ടോട്ടി 103 - 0

അനർഹമായി മുൻഗണന കാർഡ് കൈവശം വയ്ക്കുന്നവർക്കെതിരെ നിയമ നടപടിയെടുക്കും. റേഷനും കിറ്റും വാങ്ങാത്തവരുടെ ലിസ്റ്റ് പരിശോധിക്കുന്നുണ്ട്.

കെ. രാജീവ്, ജില്ലാ സിവിൽ സപ്ലൈസ് ഓഫീസർ