നിലമ്പൂർ: സെന്റർ റോഡ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (സി.ആർ.ആർ.ഐ) പഠന റിപ്പോർട്ട് വൈകുന്നത് മൂലം നാടുകാണി ചുരം റോഡിലെ തകർന്ന ഭാഗത്തെ സുരക്ഷാപ്രവൃത്തി നീളുന്നു . 2019 ആഗസ്റ്റിൽ പ്രളയ സമയത്ത് ഉരുൾപൊട്ടലും മറ്റും മൂലം റോഡിൽ വിള്ളൽ അനുഭവപ്പെട്ടിരുന്നു. ചുരത്തിൽ തേൻപാറയിലും തകരപ്പാടിയിലുമാണ് ഉരുൾപൊട്ടലുണ്ടായത്. അടുത്ത ദിവസം തന്നെ ജാറത്തിന് സമീപം റോഡിൽ വിള്ളൽ കാണപ്പെട്ടു.
പൊതുമരാമത്തിന്റെ നിർദ്ദേശ പ്രകാരം സംസ്ഥാന സർക്കാർ ഡൽഹി ആസ്ഥാനമായുള്ള സി.ആർ.ആർ.ഐയുടെ പഠന സഹായം തേടി. ലക്ഷങ്ങളാണ് പ്രാഥമിക പഠനത്തിന് ചെലവഴിച്ചത്. ഒക്ടോബർ ഒമ്പതിന് സംഘം ചുരത്തിലെത്തി പ്രാഥമിക പഠനം നടത്തി. എന്നാൽ ഇതുവരെയും പഠന റിപ്പോർട്ട് ലഭിച്ചിട്ടില്ല. റിപ്പോർട്ട് ലഭിക്കാതെ പ്രവൃത്തി നടത്താനാവില്ലെന്നാണ് പൊതുമരാമത്ത് വിഭാഗം പറയുന്നത്.
റോഡിൽ വിള്ളലുണ്ടായ ഭാഗത്ത് വലിയ ചരക്കുവാഹനങ്ങൾക്ക് പൊതുമരാമത്ത് ഏർപ്പെടുത്തിയ വിലക്ക് ഇപ്പോഴും നിലനിൽക്കുന്നുണ്ട്. റോഡ് സുരക്ഷിതമല്ലെന്ന പൊതുമരാമത്തിന്റെ മുന്നറിയിപ്പ് ബോർഡ് എടുത്തുമാറ്റിയിട്ടില്ല.
നാടുകാണി പരപ്പനങ്ങാടി റോഡ് നവീകരണ പ്രവൃത്തി ചുരത്തിൽ 95 ശതമാനവും പൂർത്തീകരിച്ചു. തകർന്ന ഭാഗം ഒഴിച്ചിട്ടിരിക്കുകയാണ്.
ഭൂഗർഭ ഭാഗത്തിലൂടെയുള്ള വെള്ളത്തിന്റെ കുത്തൊഴുക്ക് മൂലം മണ്ണിന്റെ ബലം കുറയുകയും അടിയിൽ ഭൂമി നിരങ്ങിനീങ്ങി മുകൾഭാഗത്ത് താഴ്ചയുണ്ടാവുകയും ചെയ്യുന്നതാണ് വിള്ളലിന് കാരണമെന്ന് പ്രാഥമിക വിലയിരുത്തലുണ്ട്. പരിഹാര പ്രവൃത്തി നടത്തണമെങ്കിൽ വിദഗ്ദ്ധ സംഘത്തിന്റെ റിപ്പോർട്ട് ലഭിക്കേണ്ടതുണ്ടെന്ന് പ്രവൃത്തി ഏറ്റെടുത്തു നടത്തുന്ന ഊരാളുങ്കൽ ലേബർ സൊസൈറ്റി എൻജിനീയറിംഗ് വിഭാഗം പറയുന്നു.