touriest-bus

മലപ്പുറം: ബസ് ഗ്യാരേജിൽ നിന്ന് പുറത്തിറക്കിയിട്ട് മാസം നാലായി. ബാറ്ററി തകരാറിലായതോടെ സ്റ്റാർട്ട് ചെയ്യാനാവുന്നില്ല. ഇനി സർവീസ് നടത്തണമെങ്കിൽ എഞ്ചിനടക്കം പരിശോധിക്കേണ്ടി വരും. വരുമാനം നിലച്ചതോടെ കടം വാങ്ങേണ്ട അവസ്ഥയിലാണ്. ടൂറിസ്റ്റ് വാഹന ഉടമകളും ജീവനക്കാരും ഒരുപോലെ പറയുന്നു. കൊവിഡും ലോക് ഡൗണും മൂലം വർഷത്തിൽ മികച്ച വരുമാനം ലഭിക്കുന്ന സീസൺ നഷ്‌ടമായതിന്റെ ആഘാതത്തിലാണ് ടൂറിസ്റ്റ് വാഹന മേഖല. ജില്ലയിൽ അഞ്ഞൂറോളം ടൂറിസ്റ്റ് ബസുകളും ഇതിനെ ആശ്രയിച്ച് നാലായിരത്തോളം ജീവനക്കാരുമുണ്ട്. കൊവിഡ് ഭീതിയിൽ സ്വകാര്യ ബസുകളിൽ പോലും യാത്രക്കാ‌ർ കയറാൻ മടക്കുന്ന അവസ്ഥയിൽ ടൂറിസ്റ്റ് ബസ് മേഖല പ്രതീക്ഷയറ്റ നിലയിലാണ്. തൊഴിലാളികളിൽ മിക്കവരും മറ്റു മേഖലകളിൽ തൊഴിൽ തേടുന്നുണ്ട്.

ഏപ്രിൽ, മെയ് മാസങ്ങളിലാണ് കൂടുതൽ കല്ല്യാണ, കുടുംബ യാത്രകൾ കൂടുതലായും ഉണ്ടാവാറുള്ളത്. വിവാഹ ചടങ്ങുകളിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം 50 ആയി നിജപ്പെടുത്തുകയും യാത്രകൾക്ക് നിയന്ത്രണങ്ങൾ വരുകയും ചെയ്തതോടെ ടൂറിസ്റ്റ് ബസുകളുടെ ആവശ്യം ഇല്ലാതായി. വിനോദ,​ തീർത്ഥാടന,​ വിവാഹ യാത്രകൾ, വിവിധ സംഘടനകളുടെ സമ്മേളനങ്ങൾ തുടങ്ങിയ ആവശ്യങ്ങൾക്കാണ് പ്രധാനമായും ടൂറിസ്റ്റ് ബസുകൾ ഉപയോഗിക്കുന്നത്.

നഷ്ടം വലുത്

കൊവിഡിനെ തുടർന്നുണ്ടായ അടച്ചുപൂട്ടലിൽ ടൂറിസ്റ്റ് ബസുകൾക്ക് ഷെഡിനകത്ത് ഇരിക്കേണ്ടി വന്നു. ബസിന്റെ എഞ്ചിൻ ഉൾപ്പടെയുള്ള സ്പെയർ പാർട്സുകൾ കേടുവരാതിരിക്കാൻ ലോക്ഡൗൺ കാലയളവിൽ നാല് ദിവസം കൂടുമ്പോൾ പത്ത് മിനുറ്റ് സ്റ്റാർട്ട് ആക്കി നിർത്തുമായിരുന്നെങ്കിലും ബാറ്ററിയുടെ ചാർജ്ജും ബസിലെ ഡീസലും തീ‌ർന്നതോടെ ബസ് സ്റ്റാർട്ടാക്കാൻ കഴിയാതെയായി. ഇനി ബസ് ഓടി തുടങ്ങിയാലെ ടയറുകളുടെയൊക്കെ കേടുപാടുകൾ മനസിലാക്കാൻ സാദ്ധിക്കു. തൊഴിലാളികളുടെ ക്ഷേമനിധി, വാഹനത്തിന്റെ ടാക്സ്, ലോൺ, തൊഴിലാളികളുടെ കൂലി തുടങ്ങി നിരവധി ചെലവുകളാണ് ഓപ്പറേറ്റർമാർക്ക് വഹിക്കേണ്ടി വരുന്നത്. സാമൂഹിക അകലവും പരിപാടികളിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം ചുരുക്കുകയും ചെയ്ത സാഹചര്യത്തിൽ ഈ വർഷം ഈ മേഖലയിൽ ഒരു ഉണർവ് ഇവർ പ്രതീക്ഷിക്കുന്നില്ല.

ലോക്ഡൗൺ കാലയളവിൽ ആറു മാസത്തെ മൊറൊട്ടോറിയം സർക്കാർ അനുവദിച്ചത് ആശ്വാസകരമാണ്. എന്നാൽ ഇത് ഭാവിയിൽ പ്രയാസപ്പെടും. പലിശ രഹിത മൊറട്ടോറിയം സർക്കാർ അനുവദിക്കണം.

എം.കെ മുഹമ്മദ് അലി

ജില്ലാ ട്രഷറർ

കോൺട്രാക്ട് ഗ്യാരേജ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ