മലപ്പുറം: കൊവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന രണ്ട് പേർ കൂടി പ്ലാസ്മ തെറാപ്പിയിലൂടെ രോഗമുക്തരായി വീട്ടിലേക്ക് മടങ്ങി. വേങ്ങര കണ്ണമംഗലം സ്വദേശി മുഹമ്മദ് ഷിഹാബ് (36), താനാളൂർ സ്വദേശി അബ്ദുൽ കരീം (55) എന്നിവരാണ് ആശുപത്രി വിട്ടത്. കൊവിഡ് മുക്തരായ മുഹമ്മദാലിയും അബ്ദുൽ ഫുഖാറുമാണ് ഇവർക്ക് പ്ലാസ്മ നൽകിയത്. സൗദിയിൽ സൂപ്പർ മാർക്കറ്റ് ജീവനക്കാരനായ മുഹമ്മദ് ഷിഹാബ് ജൂൺ 19നാണ് നാട്ടിലെത്തിയത്. 22ന് രോഗം സ്ഥിരീകരിച്ച് മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പൾമിനറി ട്യൂബർകുലോസിസ്, കടുത്ത ന്യുമോണിയ, വാതം, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രോം എന്നീ അവസ്ഥകൾ കണ്ടെത്തിയതോടെ സ്റ്റേറ്റ് മെഡിക്കൽ ബോർഡിന്റെ നിർദ്ദേശപ്രകാരം പ്ലാസ്മ തെറാപ്പി നടത്തി.
മുംബെയിൽ നിന്ന് മെയ് 23നാണ് അബ്ദുൽ കരീം നാട്ടിലെത്തിയത്. 31ന് രോഗം സ്ഥിരീകരിച്ചു. കടുത്ത ന്യുമോണിയ, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രോം എന്നീ രോഗാവസ്ഥകൾ ഉണ്ടായിരുന്ന അബ്ദുൽ കരീം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയത്. സ്റ്റേറ്റ് മെഡിക്കൽ ബോർഡിന്റെ നിർദേശപ്രകാരം പ്ലാസ്മ തെറാപ്പി നടത്തി. രോഗം ഭേദമായതോടെ സ്റ്റേറ്റ് മെഡിക്കൽ ബോർഡിന്റെയും ജില്ലാ മെഡിക്കൽ ബോർഡിന്റെയും ജില്ലാ മെഡിക്കൽ ഓഫീസറുടെയും അനുവാദത്തോടെ ഇരുവരെയും സ്റ്റെപ്പ് ഡൗൺ വാർഡിലേക്ക് മാറ്റി.
രണ്ട് പേരെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയതിന്റെ സന്തോഷത്തിലാണ് പ്ലാസ്മ ദാതാക്കളായ മുഹമ്മദാലിയും അബ്ദുൽ ഫുഖാറും. ഏപ്രിൽ പത്തിനാണ് കോഴിച്ചെന സ്വദേശിയായ മുഹമ്മദാലിക്ക് കൊവിഡ് ബാധിച്ചത്. 18ന് വീട്ടിലേക്ക് മടങ്ങി. തൂവക്കാട് സ്വദേശിയായ അബ്ദുൽ ഫുഖാറിന് മാർച്ച് 25നാണ് രോഗം സ്ഥിരീകരിച്ചത്. ഏപ്രിൽ 25ന് കൊവിഡ് ഭേദമായി ആശുപത്രി വിട്ടു.
മഞ്ചേരി മെഡിക്കൽ കോളജ് സൂപ്രണ്ടും കോവിഡ് ജില്ലാ സർവൈലൻസ് ഓഫീസറുമായ ഡോ. കെ.വി. നന്ദകുമാർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ എം.പി ശശി, നോഡൽ ഓഫീസർ ഡോ. പി. ഷിനാസ് ബാബു എന്നിവർ രോഗമുക്തരായവരെ യാത്രയയക്കാൻ എത്തിയിരുന്നു.