മലപ്പുറം: മൺസൂൺ ഒന്നരമാസം പിന്നിട്ടിട്ടും മഴയുടെ ലഭ്യതയിൽ ജില്ല സംസ്ഥാന ശരാശരിക്കും പിറകിൽ. സംസ്ഥാനത്ത് 25 ശതമാനത്തിന്റെ കുറവാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് രേഖപ്പെടുത്തിയതെങ്കിൽ മലപ്പുറത്ത് ഇത് 31 ശതമാനമാണ്. ജൂണിൽ 20 ശതമാനത്തിന്റെ കുറവായിരുന്നു. മഴ ഏറെ പ്രതീക്ഷിച്ച ജൂലൈ പകുതിയായിട്ടും മഴക്കുറവിന്റെ അളവ് കൂടുകയാണ്. ജൂലൈയിൽ 172.9 മില്ലീമീറ്റർ മഴ പ്രതീക്ഷിച്ചപ്പോൾ ഇന്നലെ വരെ ലഭിച്ചത് 26.1 മില്ലീമീറ്റർ മഴയാണ്. 85 ശതമാനത്തിന്റെ കുറവുണ്ടായി. മലപ്പുറം, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, വയനാട് ജില്ലകളിലാണ് 80 ശതമാനത്തിന് മുകളിൽ കുറവ് രേഖപ്പെടുത്തിയത്. കാസർകോട് മാത്രമാണ് നല്ല നിലയിൽ മഴ ലഭിച്ചത്.
മലപ്പുറത്ത് ജൂൺ മുതൽ ജൂലൈ 16 വരെ 1,008.9 മില്ലീമീറ്റർ മഴ പ്രതീക്ഷിച്ചപ്പോൾ ലഭിച്ചത് 694.1 മില്ലീമീറ്റർ മാത്രം. 31 ശതമാനത്തിന്റെ കുറവ്. സംസ്ഥാനത്ത് 1,009. 2 മില്ലീമീറ്റർ മഴ പ്രവചിച്ചപ്പോൾ ലഭിച്ചത് 754.8 മില്ലീമീറ്ററും. മലപ്പുറം, ഇടുക്കി, തൃശൂർ, വയനാട് ജില്ലകളാണ് മൺസൂൺ മഴക്കുറവിൽ മുന്നിലുള്ളത്. കണ്ണൂർ, കാസർകോട്, കോട്ടയം, കോഴിക്കോട്, പത്തനംതിട്ട ജില്ലകളിൽ സാധാരണ തോതിലുള്ള മഴ ലഭിച്ചു.
ഇന്ന് യെല്ലോ അലേർട്ട്
കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ജില്ലയിൽ സാമാന്യം നല്ല മഴ കിട്ടുന്നുണ്ട്. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് ഇന്ന് ജില്ലയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കരിപ്പൂരിൽ 45.4 മില്ലീ മീറ്റർ മഴയാണ് ഇന്നലെ രേഖപ്പെടുത്തിയത്. പൊന്നാനി- 25 , മഞ്ചേരി - 25.6, അങ്ങാടിപ്പുറം - 18, പെരിന്തൽമണ്ണ - 19 മില്ലീ മീറ്റർ എന്നിങ്ങനെ മഴയും രേഖപ്പെടുത്തി.
കഴിഞ്ഞ മൂന്നുദിവസം മലപ്പുറത്ത് നല്ല തോതിൽ മഴ ലഭിച്ചിട്ടുണ്ട്. ഇന്ന് യെല്ലോ അലേർട്ടാണ്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാദ്ധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം.
കാലാവസ്ഥ നിരീക്ഷണ വകുപ്പ് അധികൃതർ