ccc
.

മലപ്പുറം: കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നെങ്കിലും മുഖം കരുവാളിച്ച് ബ്യുട്ടിപാർലർ മേഖല. മുടി വെട്ടാൻ മാത്രമാണ് നിലവിൽ അനുമതി. പക്ഷേ, ഭീതി കാരണം ആളുകൾ വരുന്നില്ല.

ഫേഷ്യൽ, ഹന്ന, കളറിംഗ്, ത്രെഡിംഗ് തുടങ്ങിയവയാണ് ബ്യൂട്ടി പാർലറുകളുടെ പ്രധാന വരുമാനം. ഇവ നടക്കാത്തതിനാൽ വരുമാനം നിലച്ച മട്ടാണ്. വിവാഹമടക്കമുള്ള ചടങ്ങുകളുടെ പൊലിമ കുറഞ്ഞതും ബ്യൂട്ടിപാർലറുകൾക്ക് വിനയായി. വലിയ തോതിൽ ആളുകൾ ബ്യൂട്ടി പാ‌ർലറുകളെ സമീപിക്കുന്ന സന്ദർഭങ്ങളാണിവ. വധുവിനെ ഒരുക്കൽ ആണ് ബ്യൂട്ടിപാർലറുകളുടെ പ്രധാന ആകർഷണം. കൂടുതൽ കല്ല്യാണങ്ങൾ നടക്കുന്ന ഏപ്രിൽ, മേയ് മാസങ്ങളിൽ വിവാഹങ്ങളിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ കർശന നിയന്ത്രണം വന്നതോടെ മേഖല പാടെ സ്തംഭിച്ചു.

സ്ത്രീകളാണ് ഈ മേഖലയിൽ കൂടുതൽ ജോലി ചെയ്യുന്നത് . മേഖലയിലെ വരുമാനം കൊണ്ട് നിത്യച്ചെലവുകൾ നടത്തിയിരുന്ന സ്ത്രീകൾ പ്രതിസന്ധിയിലായി. തുടർച്ചയായി സ്ഥാപനങ്ങൾ അടഞ്ഞു കിടന്നതോടെ വിലകൂടിയ ക്രീമുകൾ കേടായി. വരുമാനമില്ലാതായതോടെ വാടകയും മുടങ്ങി.

കൊവിഡിന് മുമ്പു തന്നെ സ്ഥാപനങ്ങൾ സാനിറ്റെെസ് ചെയ്ത് വൃത്തിയാക്കിയും കെെയുറകളും മാസ്കും ധരിച്ച് ആരോഗ്യ സുരക്ഷയ്ക്ക് മുൻഗണന നൽകിയും ജോലി ചെയ്യുന്നവരാണ് ബ്യൂട്ടീഷ്യൻമാർ. എന്നാൽ കൊവിഡ് നിയന്ത്രണങ്ങൾ നടപ്പായതോടെ ബ്യൂട്ടി പാർലറുകൾക്കും താഴ് വീണു.

ബ്യൂട്ടി പാർലറുകൾ കഴിഞ്ഞ നാലു മാസമായി അടഞ്ഞുകിടക്കുന്നതിനാൽ വരുമാനമാർ‌ഗ്ഗം നഷ്ടമായി. പലിശ രഹിത വായ്പ നൽകി കെെതാങ്ങാവാൻ സർക്കാർ തയ്യാറാവണം.

ഡോ.കമറുന്നീസ റഹൂഫ്

ബ്യൂട്ടി പാർലർ ഉടമ,

തിരൂരങ്ങാടി.