മലപ്പുറം: പ്രളയം തകർത്ത നിലമ്പൂരിലെ ചളിക്കൽ കോളനി നിവാസികളുടെ പുനരധിവാസം യാഥാർത്ഥ്യമാവുന്നു. കോളനിയിലെ കുടുംബങ്ങൾക്ക് ചെമ്പൻകൊല്ലിയിൽ നിർമ്മിച്ച 34 വീടുകളുടെ താക്കോൽ ദാനം ജൂലൈ 21ന് വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. പോത്തുകല്ല് ഫാമിലി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ നിയമസഭ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ അദ്ധ്യക്ഷനാവും.
2019ലെ പ്രളയത്തിൽ ചാലിയാറിന്റെ പോഷകനദിയായ നീർപ്പുഴ കര കവിഞ്ഞൊഴുകിയാണ് പണിയ വിഭാഗത്തിലെ 34 കുടുംബങ്ങൾ താമസിക്കുന്ന പോത്തുകല്ല് പഞ്ചായത്തിലെ ചളിക്കൽ കോളനി തകർന്നത്. ആദിവാസി പുനരധിവാസ വികസന മിഷന്റെ പദ്ധതി പ്രകാരം ജില്ലാ ഭരണകൂടവും പട്ടിക വർഗ്ഗ വികസനവകുപ്പും എടക്കര വില്ലേജിൽ ചെമ്പൻകൊല്ലി മലച്ചിയിൽ വാങ്ങിയ 2.1327 ഹെക്ടർ ഭൂമിയിലാണ് ഫെഡറൽ ബാങ്ക് കോർപറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി പദ്ധതിയിൽ കോളനി നിവാസികൾക്കായി 34 വീടുകൾ നിർമ്മിച്ചത്. ഭവന നിർമ്മാണത്തിനായി ഫെഡറൽ ബാങ്ക് 2.20 കോടി രൂപയും ഭൂമി വാങ്ങുന്നതിനും വൈദ്യുതീകരണത്തിനും കുടിവെള്ള കണക്‌ഷനുമായി പട്ടികവർഗ്ഗ വികസന വകുപ്പ് 1,72,31,500 രൂപയുമാണ് ചെലവഴിച്ചത്.
ഓരോ കുടുംബത്തിനും 10 സെന്റ് സ്ഥലവും വീടുമാണ് നൽകുന്നത്. രണ്ട് മുറികളും ഹാളും അടുക്കളയും ശുചിമുറിയുമടങ്ങുന്നതാണ് വീട്. കളിസ്ഥലം, ശ്മശാനം, കമ്മ്യൂണിറ്റി ഹാൾ എന്നിവയ്ക്ക് ആവശ്യമായ സ്ഥലം പ്രത്യേകമായി മാറ്റി വച്ചിട്ടുണ്ട്.