നിലമ്പൂർ: രേഖകളില്ലാതെ കൊണ്ടുവന്ന 1.57 കോടി രൂപ ഞായറാഴ്ച പുലർച്ചെ 1.30ഓടെ വടപുറം പാലത്തിനു സമീപം വച്ച് പൊലീസ് പിടികൂടി. നാഗ്പൂരിൽ നിന്നും അരിയുമായി കോഴിക്കോട്ടേക്കു പോവുകയായിരുന്ന ലോറിയിൽ മൂന്നു ചാക്കുകളിലായി കൊണ്ടുവന്ന പണം മറ്റൊരു ലോറിയിലേക്ക് മാറ്റുന്നതു കണ്ട് സംശയം തോന്നി പൊലീസ് പരിശോധിച്ചപ്പോഴാണ് പണം കണ്ടെത്തിയത്. രണ്ടു ലോറികളും എടപ്പാൾ സ്വദേശികളുടേതാണ്. അടയ്ക്ക വിറ്റ പണമാണ് കൈമാറിയതെന്ന് ലോറികളിലുണ്ടായിരുന്നവർ പറയുന്നു. എന്നാൽ മതിയായ രേഖകളില്ലാത്തതിനാൽ പണവും രണ്ടു ലോറികളും പൊലീസ് കസ്റ്റഡിയിലെടുത്തു. ലോറികളിലുണ്ടായിരുന്ന മൂന്നു പേരെ കസ്റ്റഡിയിലെടുത്തെങ്കിലും ഉപാധികളോടെ വിട്ടയച്ചു. എൻഫോഴ്സ്‌മെന്റിനെ വിവരം അറിയിച്ചിട്ടുണ്ട്.