jjjj
.

പൊന്നാനി: കൊവിഡ് കാലത്തെ കടലാക്രമണത്തിൽ ഒറ്റപ്പെടലിന്റെ കയ്പ്പറിഞ്ഞ് തീരദേശം. ട്രിപ്പിൾ ലോക്ക് ഡൗൺ നിലനിൽക്കുന്ന പൊന്നാനി തീരദേശത്ത് കഴിഞ്ഞ രണ്ടുദിവസമായി രൂക്ഷമായ കടലേറ്റമാണ് അനുഭവപ്പെടുന്നത്. കടലാക്രമണ ദുരിതം ഒറ്റയ്ക്ക് സഹിക്കേണ്ട ദുരിതാവസ്ഥയിലാണ് തീരദേശവാസികളുള്ളത്. കൊവിഡ് കേസുകൾ സ്ഥിരീകരിച്ച സാഹചര്യത്തിൽ നിരവധി പേർ വീടുകളിൽ ക്വാറന്റൈനിലാണ്. ഈ സാഹചര്യത്തിൽ വീടുകളെ തകർച്ചാഭീഷണിയിലാക്കി ആർത്തലച്ചു വന്ന തിരമാലകൾ ആശങ്കയുടെ ആഴം കൂട്ടുന്നു.

കുറച്ചു ദിവസത്തെ ഇടവേളയ്ക്കുശേഷം ശനിയാഴ്ച്ച രാവിലെ മുതലാണ് പൊന്നാനി തീരത്ത് കടലാക്രമണം രൂക്ഷമായത്. പൊന്നാനി അഴീക്കൽ, മരക്കടവ്, മുറിഞ്ഞഴി, ഹിളർ പള്ളിക്ക് തെക്കുഭാഗം, എം.ഇ.എസ് കോളേജിന് പിൻവശം എന്നിവിടങ്ങളിലാണ് കടൽകയറ്റം അനുഭവപ്പെട്ടത്. നിരവധി വീടുകളിലേക്ക് വെള്ളം കയറി. തീരത്തുനിന്ന് മണൽ ഒലിച്ചുപോകുന്നത് തടയാൻ വീടുകൾക്ക് ചുറ്റും മണൽചാക്കുകൾ നിറച്ച് സംരക്ഷണമൊരുക്കിയിട്ടുണ്ടെങ്കിലും ഫലമില്ല. മണൽ വ്യാപകമായി ഒലിച്ചുപോകുന്നത് വീടുകളെ തകർച്ചാ ഭീഷണിയിലാക്കുകയാണ്.

കടലാക്രമണം രൂക്ഷമായാൽ തീരത്തെ വീടുകളിൽ താമസിക്കുന്നവർ ബന്ധുവീടുകളിലേക്ക് താമസം മാറ്റുന്നതാണ് പതിവ്. ക്വാറന്റൈൻ കാരണം പല‌ർക്കും ഇതിനാവുന്നില്ല. കടൽ പ്രക്ഷുബ്ധമാകുന്ന വേലിയേറ്റ സമയങ്ങളിൽ വീടുകളിൽ നിന്ന് പുറത്തിറങ്ങി നിൽക്കുകയാണിവർ.

കടുത്ത ദുരിതവേളയിലും ബന്ധപ്പെട്ട അധികാരികളാരും തീരദേശത്തേക്ക് തിരിഞ്ഞു നോക്കുന്നില്ലെന്ന പരാതി തീരദേശക്കാർക്കുണ്ട്. മഴവെള്ളവും കടൽവെള്ളവും ചേർന്ന് രൂക്ഷമായ വെള്ളക്കെട്ട് കടുത്ത ആരോഗ്യഭീഷണി സൃഷ്ടിക്കുന്നു. തിരമാലകൾക്കൊപ്പം തീരത്തേക്ക് പ്രവഹിച്ച മണൽ മൂടിയ നിലയിലാണ് റോഡുകളുള്ളത്. രൂക്ഷമായ വെള്ളക്കെട്ട് കുടിവെള്ള സ്രോതസ്സുകളെ മലിനമാക്കുമെന്ന ആശങ്കയുണ്ട്.

ട്രോളിംഗ് നിരോധനത്തിനും കൊവിഡിനുമൊപ്പം കടലാക്രമണം കൂടി നേരിടേണ്ടി വന്നത് തീരത്തെ ദുരിതക്കടലിലാഴ്ത്തി. ആഴ്ച്ചകളായി വരുമാനം നിലച്ച ഇവർ റേഷനരിയുടെ പിൻബലത്തിലാണ് ജീവിതം തള്ളിനീക്കുന്നത്. കൊവിഡ് ഇനിയും തുടർന്നാൽ തീരദേശം മുഴുപ്പട്ടിണിയിലാവും.

'പൊന്നാനി തീരദേശത്തെ കടലാക്രമണ പ്രശ്നങ്ങളിൽ അടിയന്തര ഇടപെടൽ ഉണ്ടാകുമെന്ന് ജില്ലകളക്ടർ ഉറപ്പു നൽകിയിട്ടുണ്ട്. പൊന്നാനി തീരദേശം സന്ദർശിച്ച് ജില്ല കളക്ടറുമായി ആശയവിനിമയം നടത്തി. തീരത്തിന്റെ ഇപ്പോഴത്തെ സാഹചര്യം ചിത്രങ്ങൾ അയച്ചുകൊടുത്ത് കളക്ടറെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.

കെ.വി. ശിവരാമൻ ,​ കെ.പി.സി.സി അംഗം