fff
.

മലപ്പുറം: ലോക്ക് ഡൗണിന് ശേഷം കൃഷിക്ക് നല്ല കാലമാണ്. പച്ചക്കറിക്കൃഷി ചെയ്യുന്നവരുടെയും പൂന്തോട്ടമൊരുക്കുന്നവരുടെയും എണ്ണമേറുന്നു. വിത്ത്,​ ചെടി,​ കാർഷിക ഉപകരണങ്ങൾ എന്നിവയ്ക്ക് ജില്ലയിൽ ആവശ്യക്കാരേറി. ദിവസം 150 മുതൽ 200 വരെ ആളുകളാണ് കൃഷിക്കാവശ്യമായ സാമഗ്രികൾ വാങ്ങാൻ വിവിധ അഗ്രിക്കൾച്ചറൽ നഴ്സറികളിലെത്തുന്നതെന്ന് ഉടമകൾ പറയുന്നു.

അഗ്രിക്കൾച്ചറൽ നഴ്സറി മേഖലയിലേക്ക് കടന്നുവരുന്നവരുടെ എണ്ണവും കൂടി. ദേശീയപാതയുടെ ഇരുവശങ്ങളിലുമായി ധാരാളം നഴ്സറികൾ പുതുതായി ആരംഭിച്ചിട്ടുണ്ട്. മലപ്പുറം നഗരത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ മാത്രം അഞ്ച് നഴ്സറികൾ പ്രവർത്തിക്കുന്നു. ഉപഭോക്താക്കളുടെ വീടിന്റെയും സ്ഥലത്തിന്റെയും സ്വഭാവമനുസരിച്ചും താത്പര്യമനുസരിച്ചുമാണ് പച്ചക്കറി വിത്തുകളും പൂച്ചെടികളും വൃക്ഷത്തൈകളും നൽകുന്നത്. പൂച്ചെടികൾ തൂക്കിയിടുന്ന പാത്രങ്ങളുടെ വിൽപ്പന വ‌ർദ്ധിച്ചു. വീടിന്റെ മുറ്റത്തും ടെറസിലും കൃഷി ചെയ്യാനുപയോഗിക്കുന്ന ഗ്രോബാഗുകളുടെ ഡിമാൻഡുമേറി.

തൃശൂ‌ർ, മെെസൂ‌‌‌‌ർ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ സ്വകാര്യ നഴ്സറികളിൽ നിന്നാണ് ചെടികൾ കൊണ്ടുവരുന്നത്. ഫലവൃക്ഷ തെെകൾ, ഇൻഡോർ പ്ലാന്റ്സ്, പച്ചക്കറി വിത്തുകൾ, പൂക്കളുടെ വിത്തുകൾ, പൂച്ചെടികൾ, ജെെവകീടനാശിനികൾ, ജെെവവളങ്ങൾ, ഗ്രോ ബാഗുകൾ, ചകിരിച്ചോർ, ഗാർഡൻ ടൂൾസ് തുടങ്ങിയവയുടെ വിൽപ്പനയിലും വ‌ർദ്ധനവുണ്ടായി. ലോക്ക് ഡൗണിന് ശേഷം കച്ചവടം 150 ശതമാനം വർദ്ധിച്ചതായി മലപ്പുറത്തെ പ്രമുഖ നഴ്സറി ഉടമ പറഞ്ഞു.

ലോക്ക് ഡൗണിന് ശേഷം കൃഷി സാധനങ്ങൾ വാങ്ങിക്കാൻ വരുന്ന ആളുകളുടെ എണ്ണത്തിൽ വർദ്ധനവുണ്ട്.

പി.മുഹമ്മദ് ഫെെസൽ ,​ ഉടമ,​ ഫാം ആഗ്രോ ടെക്

ജനങ്ങൾ കൃഷിയിലേക്ക് തിരിയാനുള്ള കാരണം

1.ലോക്ക് ഡൗൺ മൂലം ഒഴിവുസമയമേറെ

2. ഗ്രോബാഗ് കൃഷിയോടുള്ള പ്രിയം

3.സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയിലൂടെയുള്ള പ്രോത്സാഹനം

4.വിഷാംശമില്ലാത്ത പച്ചക്കറിയോടുള്ള താത്പര്യം

5.കുറ‌ഞ്ഞ ചെലവ്, മാനസിക-ശാരീരിക ഉന്മേഷം

6.ക്ലബുകളുടെയും പാർട്ടികളുടെയും നേതൃത്വത്തിലുള്ള കാർഷിക കൂട്ടായ്മകളുടെ പ്രോത്സാഹനം