ggg
ചായ കുടിച്ച ശേഷം ചായക്കടയിലെ പുസ്തകത്തിൽ വിലാസം രേഖപ്പെടുത്തുന്നയാൾ

എടപ്പാൾ: കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ വലിയ കരുതലിലൂടെ ശ്രദ്ധേയമാവുകയാണ് ഒരു കൊച്ചു ചായക്കട. മലപ്പുറം- തൃശൂർ ജില്ലാ അതിർത്തിയായ കടവല്ലൂരിനടുത്ത് റോഡരികിൽ അക്കിക്കാവ് ക്ഷേത്രത്തിന് സമീപം തട്ടുകടയിൽ ചായ കുടിക്കാൻ കയറിയാൽ ആദ്യം കൈയിൽ സാനിറ്റൈസർ പുരട്ടണം. ഒപ്പം മേശപ്പുറത്തെ പുസ്തകത്തിൽ പേരും അഡ്രസും മൊബൈൽ നമ്പറും കുറിച്ചിടണം. വലിയ സ്ഥാപനങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഈ കൊച്ചുകടയിലും കൃത്യമായി പാലിക്കുന്നു. അക്കിക്കാവ് കല്ലേട്ടുകുഴിയിൽ മോഹനൻ-ലളിത എന്നിവർ നടത്തുന്ന തട്ടുകടയിൽ പേരും മൊബൈൽ നമ്പറും നിർബന്ധമാണ്. കടയിൽ നിന്ന് ചായ കുടിക്കുന്നവരുടെ സുരക്ഷിതത്വം തങ്ങളുടെ കടമയാണെന്ന് ഇവർ പറയുന്നു. കാലത്ത് അഞ്ചിന് തുടങ്ങുന്ന ചായ കച്ചവടം വൈകിട്ട് അഞ്ച് വരെ നീളും. സ്വന്തം വീട്ടിൽ തയ്യാറാക്കുന്ന പൊരിക്കടികൾ മാത്രമേ വിൽക്കാറുള്ളൂ. ടി.ടി.സി വരെ പഠിച്ച മരുമകൾ ബിനിതയാണ് പൊരിക്കടികൾ വീട്ടിൽ തയ്യാറാക്കുന്നത്. മോഹനൻ വിദേശത്ത് പല ജോലികളും ചെയ്തിരുന്നു. പിന്നീട് നാട്ടിലെത്തി വാർപ്പ്, തേപ്പ്, ടൈൽസ് പണികളും ചെയ്തു. ഒരു വർഷം മുമ്പാണ് മോഹനനും ഭാര്യ ലളിതയും ചേർന്ന് തട്ടുകട തുടങ്ങിയത്. കൊവിഡിന് മുമ്പ് കഞ്ഞിയും ഉണ്ടായിരുന്നു. കൊവിഡ് തുടങ്ങിയതോടെ കഞ്ഞിവിൽപ്പന നിറുത്തി.രണ്ടുമക്കളാണ് ദമ്പതികൾക്കുള്ളത്.