faris
ഫാരിസ് ക്വാറന്റീൻ കേന്ദ്രത്തിൽ

പൊന്നാനി: നൂറ് ദിവസമായി ഫാരിസ് പുറം ലോകം കണ്ടിട്ട്. വീട്ടിൽ പോകാറില്ല. സുഹൃത്തുക്കളെ കാണാറില്ല. മറ്റു യാതൊരു വിനോദങ്ങളുമില്ല. പൊന്നാനി കുണ്ടുകടവ് ജംഗ്ഷനിലെ നഗരസഭ ക്വാറന്റൈൻ സെന്ററിൽ വിദേശത്ത് നിന്നെത്തുന്നവരേയും അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരേയും പരിചരിച്ചു കഴിയുകയാണ് ഈ യുവാവ്.

പൊന്നാനി നഗരസഭ പ്ലാസ ട്രൂത്ത് ടൂറിസ്റ്റ് ഹോമിൽ ക്വാറന്റൈൻ സെന്റർ ആരംഭിച്ചത് മുതൽ ഫാരിസ് ഇവിടെ വളണ്ടിയറാണ്. ഏപ്രിൽ പത്തിനാണ് ചുമതലയേറ്റത്. ഇപ്പോഴും പരിചരണം തുടരുകയാണ്. റജിസ്‌ട്രേഷൻ, റൂം സജ്ജമാക്കൽ, ഭക്ഷണം എത്തിച്ചു നൽകൽ എന്നിവയാണ് ചുമതല. 72 പേർ ഇതുവരെ ക്വാറന്റൈൻ പൂർത്തിയാക്കി. നിലവിൽ 13 പേരുണ്ട്. പ്രവാസികളോടും അന്യസംസ്ഥാനത്ത് നിന്നെത്തുന്നവരോടുമുള്ള കരുതലെന്ന നിലയിലാണ് ഫാരിസ് വളണ്ടിയർ സേവനത്തെ കാണുന്നത്.

നൂറ് ദിവസമായുള്ള 'അടച്ചിടൽ' ഫാരിസിന് യാതൊരു അലോസരവും ഉണ്ടാക്കുന്നില്ല. ക്വാറന്റൈനിൽ കഴിയുന്നവർക്ക് മാനസിക പിന്തുണ നൽകിയും ആവശ്യമായ സൗകര്യങ്ങളൊരുക്കിയും കൊവിഡ് കാലത്തെ പൊതുപ്രവർത്തനമായാണ് ഫാരിസ് വളണ്ടിയർ സേവനത്തെ കാണുന്നത്. അലക്കിയ വസ്ത്രങ്ങൾ സഹോദരൻ എത്തിച്ചു നൽകും. ഫോണിലൂടെ സുഹൃത്തുക്കളുടെ പിന്തുണയുമുണ്ട്. സജീവ ഡി.വൈ.എഫ്.ഐ പ്രവർത്തകനായ ഫാരിസ് ഈഴുവത്തിരുത്തി ഈസ്റ്റ് മേഖല കമ്മിറ്റി അംഗവും കുണ്ടുകടവ് യൂണിറ്റ് സെക്രട്ടറിയുമാണ്.