നിലമ്പൂർ: വടപുറം താളിപ്പൊയിലിൽ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി പുളിക്കൽ മാമ്മൂട്ടിൽ സിദ്ദിഖിന്റെ കൃഷിയിടത്തിലാണ് കാട്ടാനയുടെ വിളയാട്ടം. വീടിനു തൊട്ടടുത്തുള്ള കൃഷിയിടത്തിലാണ് കാട്ടനയെത്തിയത്. വാഴ, തെങ്ങിൻതൈ എന്നിവയെല്ലാം നശിപ്പിച്ചു. കഴിഞ്ഞ ദിവസം നട്ട തെങ്ങിൻതൈകളും പിഴുതെടുത്തു.വർഷങ്ങളായി ഈ മേഖലയിൽ കാട്ടാനകളുടെ ശല്യം രൂക്ഷമാണ്. രണ്ടുമാസം മുമ്പ് ഓടായിക്കലിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു സ്ത്രീ മരിച്ചിരുന്നു. ചില സ്ഥലങ്ങളിൽ സോളാർ വേലി നിർമ്മിച്ചിരുന്നുവെങ്കിലും തകർന്നിട്ടുണ്ട്. തിങ്കളാഴ്ച പുലർച്ചെ 2.30നാണ് കാട്ടാനയെത്തിയത്. എടക്കോട് വനത്തിൽ നിന്ന് ചാലിയാർ പുഴ കടന്നാണ് ആനയെത്തുന്നത്. വനം വകുപ്പിന്റ സൗരോർജ്ജ വൈദ്യുതി വേലി ഉണ്ടെങ്കിലും പ്രവർത്തന രഹിതമാണ്. ഇക്കാര്യം വനംവകുപ്പിനെ അറിയിച്ചിട്ടും നടപടികളുണ്ടായില്ലെന്ന് കർഷകർ പറയുന്നു.