dog
തെരുവുനായ

മലപ്പുറം: ജില്ലയിലെ തെരുവ് നായകളുടെ വന്ധ്യംകരണത്തിനായി എ.ബി.സി (അനിമൽ ബെർത്ത് കൺട്രോൾ) പദ്ധതിൽ ഉൾപ്പെടുത്തി നാല് പുതിയ സെന്ററുകൾ തുടങ്ങാൻ നടപടികളുമായി ജില്ലാ മൃഗ സംരക്ഷണ വകുപ്പ്. നിലവിലെ തിരൂ‌ർ, മഞ്ചേരി, നിലമ്പൂർ സെന്ററുകൾക്ക് പുറമെയാണിത്. ഇതുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്തുമായും എ.ബി.സി പദ്ധതിയുടെ ചുമതലക്കാരായ കുടുംബശ്രീയുമായും ഉടൻ ചർച്ച നടത്തും. ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ പഞ്ചായത്തുകൾക്ക് കീഴിലെ സ്ഥല സൗകര്യമുള്ള മൃഗാശുപത്രികളിൽ ഓപ്പറേഷൻ സൗകര്യങ്ങളോട് കൂടിയ വന്ധ്യംകരണ സെന്റകൾ തുടങ്ങാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. നിലവിലുള്ള മൂന്ന് സെന്ററുകളിലെയും സൗകര്യങ്ങൾ വ‌ർദ്ധിപ്പിക്കും. സ്ഥലം ലഭ്യമാകുമെങ്കിൽ ജനവാസമില്ലാത്ത ഇടങ്ങളിൽ സ്ഥിരം എ.ബി.സി സെന്ററുകൾ തുടങ്ങാനും ആലോചനയുണ്ട്.

തെരുവ് നായകളെ പിടികൂടുന്നതിന് കുടുംബശ്രീയെ ഏൽപ്പിച്ചിരുന്നെങ്കിലും വന്ധ്യംകരണത്തിന് സംവിധാനങ്ങൾ ഒരുക്കാതെ വന്നതോടെ പദ്ധതി നിലച്ചു. പിടികൂടിയ നായകളെ ചുങ്കത്തറയിലെ വന്ധ്യംകരണ സെന്ററിലേക്ക് എത്തിച്ചെങ്കിലും പ്രദേശത്തെ മാലിന്യ പ്രശ്നം ചൂണ്ടിക്കാട്ടി നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെ പിടികൂടിയ ഏഴ് നായകളെ കുടുംബശ്രി തന്നെ തൃശൂരിലെത്തിച്ചാണ് വന്ധ്യംകരണം നടത്തിയത്. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ മൃഗസംരക്ഷണ വകുപ്പിന് കത്ത് നൽകിയിരുന്നെങ്കിലും യാതൊരു മറുപടിയും ലഭിച്ചില്ലെന്ന് കുടുംബശ്രീ അധികൃതർ പറയുന്നു. കഴിഞ്ഞ ഏപ്രിൽ വരെ ഒരുവർഷത്തേക്കാണ് നായകളെ പിടികൂടുന്നതിന് കുടുംബശ്രീയെ ചുമതലയേൽപ്പിച്ചിരുന്നത്. ഇത് പുതുക്കിയിട്ടില്ലെന്നതിനാൽ പദ്ധതിയുടെ തുടർപ്രവർത്തനങ്ങളിൽ കുടുംബശ്രീയും കൈമലർത്തുന്നു. നേരത്തെ സ്വകാര്യ ഏജൻസിയാണ് തെരുവ് നായകളെ ജില്ലയിൽ പിടികൂടിയിരുന്നത്. സർക്കാർ ഉത്തരവിനെ തുടർന്നാണ് കുടുംബശ്രീയെ ഏൽപ്പിച്ചത്.

വന്ധ്യംകരണ സെന്ററുകളുടെ കുറവ് പരിഹരിക്കും. തെരുവ് നായകളെ വന്ധ്യംകരിക്കേണ്ടത് പൊതുജന പ്രശ്നമാണ്. എത്രയും പെട്ടെന്ന് തന്നെ പദ്ധതി നടപ്പിലാക്കും.

ഡോ. ബി.സുരേഷ്

ഡെപ്യൂട്ടി ഡയറക്ട‌‌ർ‌

ജില്ലാ മൃഗസംരക്ഷണ വകുപ്പ്