മലപ്പുറം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ വിപുലീകരിക്കുന്നു. തിരൂരങ്ങാടി, പരപ്പനങ്ങാടി, താനൂർ മേഖലകളിലായി കൂടുതൽ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓഡിറ്റോറിയവും ആരോഗ്യ വകുപ്പ് അധികൃതർ ഏറ്റെടുത്തു.
പരപ്പനങ്ങാടി കൊടപ്പാളിയിലെ പീസ് ഓഡിറ്റോറിയം, അഞ്ചപ്പുരയിലെ തഹ്ലീ മുൽ ഇസ്ലാം ഓർഫനേജ് ഹൈസ്‌കൂൾ, സൂപ്പി ക്കുട്ടി നഹ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂൾ, പുത്തരിക്കലിലെ പി.ഇ.എം സ്‌കൂൾ, തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ്, ചെമ്മാട്ടെ ദാറുൽ ഹുദ ഇസ്ലാമിക് യൂനിവേഴ്സിറ്റി, താനൂർ ദേവധാർ ഹയർ സെക്കൻഡറി സ്‌കൂൾ എന്നീ സ്ഥാപനങ്ങളാണ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ ഒരുക്കുന്നതിനായി ഏറ്റെടുത്തത്. ഈ സ്ഥാപനങ്ങളിൽ 100 വീതം കിടക്കകൾ സജ്ജീകരിക്കും.
കാലിക്കറ്റ് സർവകലാശാല വനിത ഹോസ്റ്റലിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ നിലവിൽ 70 കൊവിഡ് രോഗികളെ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവിടെ രോഗികൾക്കായി ചികിത്സാ സൗകര്യവും നിരീക്ഷണ സംവിധാനവും വിനോദ ഉപാധികളും ഒരുക്കിയിട്ടുണ്ട്. 10 ഡോക്ടർമാർ, 50 സ്റ്റാഫ് നഴ്സുമാർ, 50 ട്രോമ കെയർ വളണ്ടിയർമാർ എന്നിവരുടെ മുഴുവൻ സമയ സേവനവുമുണ്ട്. കൊവിഡ് പ്രതിരോധ നടപടികൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പരപ്പനങ്ങാടി നഗരസഭാ ഓഫീസിൽ ചേർന്ന യോഗത്തിൽ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കാൻ തീരുമാനമായി. ജില്ലയുടെ മറ്റ് ഭാഗങ്ങളിലും കൂടുതൽ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ ഒരുക്കികൊണ്ടിരിക്കുകയാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ സക്കീന അറിയിച്ചു.
കോട്ടപ്പടിയിലെ ഡെയ്‌ലി മാർക്കറ്റ് അടച്ചിടും
മലപ്പുറം: മലപ്പുറം കോട്ടപ്പടിയിലുള്ള നഗരസഭയുടെ ഡെയ്ലി മാർക്കറ്റിലുള്ള തൊഴിലാളിക്ക് ആന്റിജൻ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചതിനാൽ ഇന്ന്മുതൽ ഒരാഴ്ച മാർക്കറ്റ് പൂർണമായും അടച്ചിടും. പെതുജനങ്ങൾ പൂർണമായും സഹകരിക്കണമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.