ponnanio
ക​ട​ലാ​ക്രമ​ണം രൂ​ക്ഷമായ പൊ​ന്നാ​നി തീരം

പൊന്നാനി: വെളിയങ്കോടും പാലപ്പെട്ടിയിലും കടലാക്രമണം രൂക്ഷമായി തുടരുന്നു. പൊന്നാനിയിൽ നേരിയ ശമനം. വെളിയങ്കോട് തണ്ണിത്തുറ, പത്തുമുറി, പാലപ്പെട്ടി അജ്മീർ നഗർ, കാപ്പിരിക്കാട് എന്നിവിടങ്ങളിലാണ് കടലാക്രമണം രൂക്ഷമായി അനുഭവപ്പെട്ടത്. കടൽ വെള്ളം തീരത്ത് കെട്ടിനിൽക്കുന്നത് തീരവാസികൾക്ക് കടുത്ത ബുദ്ധിമുട്ടുണ്ടാക്കുന്നു.
കഴിഞ്ഞ ശനിയാഴ്ച്ച മുതൽ തുടങ്ങിയ കടലാക്രമണം വെളിയങ്കോട്, പാലപ്പെട്ടി മേഖലയിൽ മാറ്റമില്ലാതെയാണ് തുടരുന്നത്. തണ്ണിത്തുറ, പത്തുമുറി തീരത്തെ നിരവധി വീടുകളിലേക്ക് വെള്ളം കയറി. പല വീടുകളും തകർച്ച ഭീഷണിയിലാണ്. അജ്മീർ നഗറിൽ കടൽവെള്ളം തീരത്തേക്ക് ആഞ്ഞടിച്ച് റോഡുകൾ പൂർണ്ണമായും വെള്ളത്തിനടിയിലായി. മുപ്പതോളം തെങ്ങുകൾ കടപുഴകി. പുതുപൊന്നാനി, മുറിഞ്ഞഴി, മരക്കടവ്, അഴീക്കൽ മേഖലയിലും കടലാക്രമണം തുടർന്നു. തിങ്കളാഴ്ച്ച അനുഭവപ്പെട്ട അത്രയും തീവ്രത ഇന്നലെ ഉണ്ടായില്ല. രണ്ടാൾ പൊക്കത്തിലാണ് തിങ്കളാഴ്ച്ച തിരമാലകൾ തീരത്ത് പതിച്ചത്. കടൽഭിത്തികൾ കടന്നെത്തിയ തിരമാലകൾ നിരവധി വീടുകൾക്കകത്തേക്ക് കയറി. പുതുപൊന്നാനി ബീവി ജാറവും അലിയാർ പള്ളിയും കടലാക്രമണ ഭീഷണി നേരിടുന്നുണ്ട്. കടൽഭിത്തി കടന്നെത്തുന്ന തിരമാലകൾ ബിവി ജാറത്തിന്റെ ചുമരിലാണ് പതിക്കു​ന്നത്.