എത്ര കാലമായി ആർത്തലയ്ക്കുന്ന തിരമാലയ്ക്ക് മുന്നിൽ ഇവരെയിങ്ങനെ നിറുത്താൻ തുടങ്ങിയിട്ട്. മേൽക്കൂരയോളം ഉയരത്തിൽ കൂറ്റൻ തിരമാലകൾ ആഞ്ഞടിക്കുമ്പോൾ പുറത്തേക്കൊന്ന് ഓടാൻ പോലുമാവാതെ നിസഹായതയിലാണ് തീരത്തെ കുടുംബങ്ങൾ. കടൽഭിത്തിയെന്ന ഇവരുടെ ആവശ്യം മാറിമാറിവന്ന സർക്കാരുകൾക്ക് വാഗ്ദാനങ്ങൾ നൽകാനുള്ള അവസരം മാത്രമായതോടെ കടലിന്റെ കലിക്ക് മുന്നിൽ നെഞ്ച് പിടയുകയാണ് മലപ്പുറത്തിന്റെ തീരദേശത്തിന്. എല്ലാതവണയും കൈയിൽ കിട്ടുന്നതെല്ലാം പെറുക്കിയെടുത്ത് ക്യാമ്പിലേക്ക് ഓടിയിരുന്നെങ്കിൽ കൊവിഡ് സ്ഥിരീകരിച്ചതോടെ നിരവധി കുടുംബങ്ങളും ക്വാറന്റീനിലാണ്. തീരത്ത് കൊവിഡ് പടരുന്ന പശ്ചാത്തലത്തിൽ ക്യാമ്പുകളിലേക്ക് പോവാൻ മറ്റുള്ളവരും മടിക്കുന്നു. ഓലകൊണ്ട് മറച്ച കുടിലിലേക്ക് ഏതുനിമിഷവും തിരയടിച്ച് കയറാമെന്നതിനാൽ ചെറിയ കുഞ്ഞുങ്ങളെ
നിലത്ത് വയ്ക്കാൻ പോലും അമ്മമാർക്ക് പേടിയാണ്. ഉച്ചയ്ക്കും രാത്രിയിലുമാണ് കടലാക്രമണം ഏറെ രൂക്ഷം. സമാധാനത്തോടെ ഒന്ന് ഉറങ്ങിയിട്ട് ദിവസങ്ങളായി. തീരത്തേക്കുള്ള പ്രധാന റോഡുകളടക്കം കടലെടുത്ത് കഴിഞ്ഞു. കിണറുകളിൽ ഉപ്പ് വെള്ളം നിറഞ്ഞതോടെ കുടിവെള്ളത്തിനും നെട്ടോട്ടം. പ്രളയകാലത്ത് ഹീറോകളായിരുന്ന തീരത്തിന്റെ മക്കൾക്ക് വേണ്ടി ഉറക്കെ ശബ്ദമുയർത്താൻ മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ പോലും തയ്യാറായിട്ടില്ല. പ്രളയത്തിൽ കഴുത്തോളം വെള്ളത്തിൽ മുങ്ങിക്കിടന്നപ്പോൾ ജീവിതത്തിലേക്ക് കൈനീട്ടിയവരുടെ ദുരിതം വേണ്ട വിധത്തിൽ ചർച്ചയാക്കുന്നതിൽ പൊതുസമൂഹവും ശ്രദ്ധിക്കുന്നില്ല.
ഇനി എടുക്കാൻ ബാക്കിയില്ല
കൂറ്റൻ തിരമാലകൾ ഇതിനകം 30 വീടുകൾ തകർത്തിട്ടുണ്ട്. ഭാഗികമായി തകർന്ന വീടുകൾ നിരവധിയാണ്. ഓലമേഞ്ഞ കുരകൾക്കുള്ളിൽ മുട്ടോളം വെള്ളം കെട്ടിക്കിടക്കുന്നുണ്ട്. പൊന്നാനി ലൈറ്റ് ഹൗസ്, മരക്കടവ്, അലിയാർ പള്ളി, മുറിഞ്ഞഴി, ചുവന്നറോഡ്, മൈലാഞ്ചിക്കാട്, അബൂഹുറൈറ പള്ളി പരിസരം, പുതുപൊന്നാനി, വെളിയങ്കോട് എന്നിവിടങ്ങളിലാണ് തിരമാല കനത്ത നാശനഷ്ടം വിതയ്ക്കുന്നത്. കൊവിഡിന്റെ സാഹചര്യത്തിൽ കിടപ്പിലായ രോഗികളെയും കുട്ടികളെയും കൊണ്ട് ക്യാമ്പിലേക്ക് പോവാൻ കഴിയില്ലെന്ന് ഇവർ പറയുന്നു. ബന്ധു വീടുകളിലും ഇതേ സാഹചര്യമായതിനാൽ അവിടേക്കും പോവാനാവില്ല. വള്ളം നിറയെ മീൻ കണ്ട കാലം ഇവർ മറന്നിട്ടുണ്ട്. വറുതിക്ക് പിന്നാലെ ട്രോളിംഗും ഇടിത്തീ പോലെ കൊവിഡും വന്നതോടെ വാടകയക്ക് വീടെടുത്ത് താമസിക്കുകയെന്നത് ആലോചിക്കാൻ പോലുമാവില്ലെന്ന് മത്സ്യതൊഴിലാളികൾ പറയുന്നു.
ആരും തിരിഞ്ഞു നോക്കുന്നില്ല
കടലാക്രമണത്തിൽ കടുത്ത ദുരിതം അനുഭവിക്കുമ്പോഴും ഉത്തരവാദപ്പെട്ട അധികൃതർ ആരും തന്നെ തീരദേശത്തേക്ക് തിരിഞ്ഞു നോക്കിയില്ലെന്ന പരാതിയുണ്ട്. കൊവിഡിന്റെ സാഹചര്യത്തിൽ എന്താണ് ചെയ്യേണ്ടതെന്നറിയാതെ പകച്ചു നിൽക്കുകയാണ് തീരത്തുള്ളവർ. ആഞ്ഞടിച്ചെത്തുന്ന തിരമാലയിൽ നിലംപൊത്താവുന്ന തരത്തിലാണ് ശേഷിക്കുന്ന കൂരകൾ. കടൽവെള്ളം കയറിയ വീടുകളിലൊക്കെയും ചെളി നിറഞ്ഞ മണൽ അടിഞ്ഞുകൂടിയിട്ടുണ്ട്. മഴവെള്ളവും കടൽവെള്ളവും ചേർന്ന് രൂക്ഷമായ വെള്ളക്കെട്ട് ഉയർത്തുന്ന ആരോഗ്യപ്രശ്നങ്ങൾ വേറെയും. ശാസ്ത്രീയമായ അഴുക്കുചാലുകളുടെ അഭാവമാണ് വെള്ളക്കെട്ടിന് ഇടയാക്കുന്നത്. കടലിലേക്കുള്ള ഓവുകളിലൂടെ കടൽവെള്ളം തീരത്തേക്ക് എത്തുന്നത് സൃഷ്ടിക്കുന്ന ദുരിതം വേറെയും. തിരമാലകൾക്കൊപ്പമെത്തിയ മണൽ റോഡാകെ മൂടിയതോടെ ഗതാഗതവും മുട്ടി. മൂറിഞ്ഞഴി മേഖലയിലെ റോഡ് മണൽ മൂടിയ അവസ്ഥയിലാണ്.കടൽ ശാന്തമാകുമ്പോൾ റോഡിലെ മണൽ എടുത്തു മാറ്റിയാണ് ഗതാഗതയോഗ്യമാക്കുകയാണ് പതിവ്. എന്നാൽ ഓഖി ദുരന്തകാലത്ത് മണൽ മൂടിപ്പോയ റോഡുകൾ ഇപ്പോഴുമുണ്ട്.
നിയമസഭ സ്പീക്കർ പി.ശ്രീരാമകൃഷ്ണനാണ് പൊന്നാനി മണ്ഡലത്തിന്റെ സാരഥി. മുസ്ലിം ലീഗിൽ നിന്ന് പിടിച്ചടക്കിയാണ് താനൂർ ഇടതുപക്ഷം നേടിയത്. ഇരു മണ്ഡലങ്ങളിലുമാണ് കടലാക്രമണം ഏറെ രൂക്ഷം. രാഷ്ട്രീയ വ്യത്യാസമില്ലാതെ കാലങ്ങളായി മണ്ഡലം സ്വന്തമാക്കിയവരെല്ലാം ഒരുപോലെ വാഗ്ദാനങ്ങൾ മാത്രമേകി. കടലാക്രമണം പ്രതിരോധിക്കാൻ കടൽഭിത്തി നിർമ്മിക്കണമെന്ന തീരദേശവാസികളുടെ കാലങ്ങളായുള്ള മുറവിളി ആരും കേട്ടില്ല. നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ജിയോ ട്യൂബ് പദ്ധതി പാതിവഴി പോലും എത്തിയിട്ടില്ല. സ്ഥാപിച്ചയിടങ്ങളിൽ കൃത്യമായി ചെയ്യാതിരുന്നതിനാൽ ഇവ കടലെടുത്തിട്ടുണ്ട്.
തീരദേശത്തിന്റെ ദുരിതം കുറയ്ക്കുന്നതിനായി പ്രഖ്യാപിച്ച പദ്ധതികളെല്ലാം ഇപ്പോഴും കടലാസിലാണ്.