മലപ്പുറം: മൺസൂൺ ആഗസ്റ്റിലേക്ക് കടക്കുമ്പോൾ ഒന്നാകെ മുക്കിക്കളഞ്ഞ രണ്ട് പ്രളയ ഓർമ്മകളിൽ നെഞ്ചുപിടയ്ക്കുകയാണ് ജില്ലയ്ക്ക്. കവളപ്പാറയിലെ 59 ജീവനുകൾ അപഹരിച്ചതിന്റെ ഞെട്ടൽ ഇനിയും വിട്ടുമാറിയിട്ടില്ല. പ്രളയസാദ്ധ്യത തള്ളിക്കളയാത്തതിനാൽ, ഏറെ ദുരിതമനുഭവിച്ച മലയോര ജനത കടുത്ത ആശങ്കയിലാണ്. കഴുത്തറ്റം വെള്ളത്തിൽ ജീവനും മുറുകെപ്പിടിച്ച് രക്ഷാപ്രവർത്തകരുടെ വരവിനായി മണിക്കൂറുകളോളം മനമുരുകിയത് ഇന്നും പേടിപ്പെടുത്തുന്ന ഓർമ്മയാണ്. അഗ്നിശമന സേനയുടെ പ്രാധാന്യം ബോദ്ധ്യപ്പെടുത്തുന്നതായിരുന്നു പിന്നീടുള്ള കാഴ്ച്ചകൾ. രക്ഷപ്പെടുത്താൻ അപേക്ഷിച്ച് ഫയർസ്റ്റേഷനുകളിലേക്ക് നിലയ്ക്കാത്ത ഫോൺവിളികളായിരുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ കുറവിൽ പകച്ചുനിൽക്കാതെ, രാവുംപകലുമില്ലാതെ രക്ഷാപ്രവർത്തനങ്ങളിലായിരുന്നു അഗ്നിശമന സേനാംഗങ്ങൾ. പ്രളയദുരന്തങ്ങളിൽ നേരിട്ട വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ ജില്ലയിൽ ഫയർഫോഴ്സിന് കൂടുതൽ സൗകര്യങ്ങളും സ്റ്റേഷനുകളും സ്ഥാപിക്കുമെന്ന ഉറപ്പ് ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. ജില്ലയിൽ പലയിടങ്ങളിലും അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ല. നേരത്തെ ജീവനക്കാരുടെ വലിയ കുറവായിരുന്നു വെല്ലുവിളിയെങ്കിൽ ഇപ്പോൾ ജീവൻരക്ഷാ ഉപകരണങ്ങളുടെയും സംവിധാനങ്ങളുടെയും കുറവാണ് പ്രതിസന്ധി തീർക്കുന്നത്. രണ്ട് പ്രളയകാലത്തും ജീവൻരക്ഷാ ഉപകരണങ്ങൾക്കായി മറ്റ് ജില്ലകളെ ആശ്രയിക്കേണ്ടി വന്നു.
കാണാനില്ല ഫയർസ്റ്റേഷനുകൾ
ഓരോ നിയോജകമണ്ഡലത്തിലും ഒരു ഫയർസ്റ്റേഷൻ സ്ഥാപിക്കുമെന്നായിരുന്നു സർക്കാർ വാഗ്ദാനം. ജില്ലയിലെ 16 നിയോജകമണ്ഡലങ്ങളിലായി ആകെയുള്ളത് ഏഴ് ഫയർസ്റ്റേഷനുകൾ മാത്രം. നിലമ്പൂർ, മഞ്ചേരി, തിരുവാലി, മലപ്പുറം, പെരിന്തൽമണ്ണ, തിരൂർ, പൊന്നാനി എന്നിവിടങ്ങളിലാണിത്. ഇതിൽ മഞ്ചേരി, പൊന്നാനി എന്നിവ 18 ജീവനക്കാർ മാത്രമുള്ള മിനി ഫയർസ്റ്റേഷനുകളാണ്. ഒരുവാഹനം മാത്രമാണ് ഇവിടെയുള്ളത്. 34 പൊലീസ് സ്റ്റേഷനുകൾ ജില്ലയിലുണ്ട്. ക്രമസമാധാന പരിപാലനം പോലെ തന്നെ പ്രാധാന്യമേറിയതാണ് ജീവൻസുരക്ഷാ പ്രവർത്തനങ്ങളുമെന്നത് ഉന്നതാധികാരികൾ മുഖവിലയ്ക്കെടുക്കുന്നില്ല. 14 നിയോജക മണ്ഡലങ്ങളുള്ള എറണാകുളത്ത് 19 ഫയർസ്റ്റേഷനുകളുണ്ട്. പ്രളയ പശ്ചാത്തലത്തിൽ എടക്കര കേന്ദ്രീകരിച്ച് ഫയർസ്റ്റേഷൻ അടിയന്തരമായി തുടങ്ങണമെന്ന ആവശ്യം പരിഗണിക്കപ്പെട്ടിട്ടില്ല. കേരളത്തിൽ സ്ഥാപിക്കേണ്ട ഫയർ സ്റ്റേഷനുകൾ സംബന്ധിച്ച് 2002ൽ ദേശീയ ദുരന്ത നിവാരണ അതോറിറ്റി നടത്തിയ പഠനത്തിൽ ജില്ലയിൽ 37 ഫയർ സ്റ്റേഷനുകളുടെ ആവശ്യമുണ്ടെന്ന് കണ്ടെത്തിയിരുന്നു. 21 റൂറലും 16 അർബൻ ഫയര്‍സ്റ്റേഷനും വേണമെന്നാണ് കണ്ടെത്തൽ. ഫയർഫോഴ്‌സ് നവീകരണ കമ്മിഷൻ ചെയർമാൻ ജാംഗ്പാംഗി 2015ൽ സമർപ്പിച്ച റിപ്പോർട്ടിലും ജില്ലയിൽ 16 ഇടങ്ങളിൽ ഫയർ സ്റ്റേഷനുകൾ സ്ഥാപിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. കാളികാവ്, അരീക്കോട്, കൊണ്ടോട്ടി, വളാഞ്ചേരി, വേങ്ങര, യൂണിവേഴ്‌സിറ്റി, വട്ടപ്പാറ, തിരൂരങ്ങാടി, താനൂർ അടക്കം ഇതിൽ ഉൾപ്പെട്ടിരുന്നു.
എന്നിട്ടും തുറന്നില്ല
അടുത്തിടെ നാടുകാണിയിൽ മരം വീണ് ഗതാഗതം തീർത്തും തടസപ്പെട്ടു. കൂടെ ശക്തമായ മഴയും. ചുരത്തിൽ വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നുണ്ട്. മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാദ്ധ്യത ഏറെയും. ലോറി ഡ്രൈവർമാർ മുഖേന വിവരം നിലമ്പൂർ ഫയർസ്റ്റേഷനിൽ ലഭിച്ചു. പക്ഷേ, മൂന്ന് പ്രധാന നഗരങ്ങളിലെ തിരക്ക് പിന്നിട്ട് 25 കിലോമീറ്ററിലധികം ദൂരംതാണ്ടി എത്തുമ്പോഴേക്കും സമയം ഏറെ വൈകും. അടിയന്തര പരിഹാരമെന്ന നിലയിൽ റോഡിൽ നിന്ന് മരം മാറ്റാൻ വഴിയുണ്ടോയെന്ന് ചരക്കുവാഹനക്കാരോട് അഭ്യർത്ഥിക്കേണ്ടിവന്നു അധികൃതർക്ക്. എടക്കരയിൽ ഫയർസ്റ്റേഷൻ സ്ഥാപിച്ചാൽ നാടുകാണി, പോത്തുകല്ല്, വഴിക്കടവ് ഭാഗങ്ങളിലേക്ക് വേഗത്തിൽ എത്തിപ്പെടാനാവും. പുഴയും മലയും ഉള്ളതിനാൽ ഹൈറിസ്ക്ക് ഏരിയ കൂടിയാണിത്. പോത്തുകല്ല്, എടക്കര, അരീക്കോട്, കാളികാവ് എന്നിവിടങ്ങളിൽ ഫയർ സ്റ്റേഷനുകളില്ലാത്തത് രണ്ട് പ്രളയകാലയളവിലും രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സമായിരുന്നു. ചാലിയാറും ഏഴോളം കൈവരികളുമുള്ളതിനാൽ പ്രളയകാലത്ത് മലയോരം തീർത്തും തുരുത്തുകളായി മാറിയിരുന്നു. ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് പോവാൻ കഴിയാത്ത അവസ്ഥ. ഇതിനിടയിലാണ് 30 കിലോമീറ്ററിലധികം ചുറ്റുപരിധിക്കായി ഒരുഫയർസ്റ്റേഷൻ മാത്രമുള്ളത്.
(അരക്കോടി മനുഷ്യർക്കായി കിട്ടിയത് അഞ്ച് ഡിങ്കി - നാളെ)