മലപ്പുറം: പ്രളയത്തിൽ നാടാകെ തുരുത്തുകളായപ്പോൾ ജീവൻരക്ഷാ ഉപകരണങ്ങൾക്കുള്ള നെട്ടോട്ടത്തിലായിരുന്നു ജില്ലയിൽ അഗ്നിശമന സേന. ചാലിയാറും കൈവരികളും ഗതിമാറി ഒഴുകിയതോടെ ഓരോ പ്രദേശങ്ങളും ഒറ്റപ്പെട്ട തുരുത്തുകളായി. ഏതു നിമിഷവും പുഴ തങ്ങളെയും മൂടാമെന്ന അവസ്ഥയിലും രക്ഷപ്പെടാനാവാതെ നിസ്സഹായരായി സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേർ. ചുറ്റും വെള്ളം നിറഞ്ഞ് തുരുത്തിലകപ്പെട്ടവർക്ക് പുറത്തുവരാൻ തോണിയല്ലാതെ മറ്റ് മാർഗ്ഗമില്ല. സമീപ ജില്ലകളിൽ നിന്ന് റബർ ഡിങ്കികളെത്തിച്ചും മത്സ്യത്തൊഴിലാളികളുടെ തോണികളുപയോഗിച്ചുമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
നിലമ്പൂർ മേഖലയിൽ മാത്രം രണ്ട് പ്രളയങ്ങളിലും ഒരേസമയം അഞ്ച് റബർ ഡിങ്കികൾ വരെ ഉപയോഗിക്കേണ്ടി വന്നിട്ടുണ്ട്. ജില്ലയിലെ ഏഴ് ഫയർസ്റ്റേഷനുകളിലായി ആകെ രണ്ട് റബർ ഡിങ്കികളേ ഉണ്ടായിരുന്നുള്ളൂ എന്നതിനാൽ പാലക്കാട്, തൃശൂർ ജില്ലകളിൽ നിന്നാണ് ഇവ കൊണ്ടുവന്നത്. മുൻപ്രളയാനുഭവങ്ങൾ മുൻനിറുത്തി കൂടുതൽ റബർ ഡിങ്കികൾ വേണമെന്ന ആവശ്യത്തിൽ ഇതുവരെ നടപടിയുണ്ടായിട്ടില്ല.
കവളപ്പാറ ദുരന്തത്തിന് ശേഷം ജില്ലയിലെ ഫയർസ്റ്റേഷനുകളിൽ അത്യാവശ്യമായി ഒരുക്കേണ്ട ഉപകരണങ്ങൾ സംബന്ധിച്ച പ്രത്യേക റിപ്പോർട്ട് മുഖ്യമന്ത്രി, ഫയർഫോഴ്സ് ഡയറക്ടറേറ്റ്, കളക്ടർ എന്നിവർക്ക് സമർപ്പിച്ചിരുന്നു. നിലമ്പൂരിൽ മൂന്ന് റബർ ഡിങ്കികളെങ്കിലും വേണമെന്ന ആവശ്യവും ഉന്നയിച്ചിരുന്നു. സംസ്ഥാനത്ത് ആകെ 15 ഡിങ്കികളാണ് പുതുതായി എത്തിയത്. ഇതിൽ മൂന്നെണ്ണം മലപ്പുറത്തിന് അനുവദിച്ചു. മറ്റ് ഉപകരണങ്ങളൊന്നും ലഭിച്ചിട്ടില്ല.
കിട്ടിയത് മൂന്നെണ്ണം മാത്രം
മഞ്ചേരി, തിരൂർ, പൊന്നാനി ഫയർസ്റ്റേഷനുകളിലാണ് പുതിയ റബർ ഡിങ്കി ലഭിച്ചത്. നിലവിൽ മലപ്പുറം, നിലമ്പൂർ ഫയർ സ്റ്റേഷനുകളിൽ റബർ ഡിങ്കിയുണ്ട്. പെരിന്തൽമണ്ണയിൽ ഉണ്ടായിരുന്നെങ്കിലും കാലപ്പഴക്കം മൂലം ഉപയോഗ ശൂന്യമാണ്. പുതിയതടക്കം ജില്ലയിൽ ആകെ അഞ്ചെണ്ണമേയുള്ളൂ. നിലമ്പൂരിലെ റബർ ഡിങ്കിയുടെ എൻജിൻ കഴിഞ്ഞ പ്രളയകാല രക്ഷാപ്രവർത്തനത്തിനിടെ കേടായി. അരീക്കോട്ടെ രണ്ട് ടെക്നീഷ്യന്മാർ സൗജന്യമായി നന്നാക്കി നൽകുകയായിരുന്നു.
സുരക്ഷിതം റബർ ഡിങ്കികൾ
റബ്ബർ ഡിങ്കിക്കും എൻജിനും അഞ്ചു ലക്ഷം രൂപയാണ് ചെലവ്. എൻജിന്റെ ശക്തിയനുസരിച്ച് വില മാറാം. ഒമ്പത്, 25 എച്ച്.പി ശക്തിയുള്ള എൻജിനുകളാണ് പഴയ റബർ ഡിങ്കികളിൽ. 40 എച്ച്.പിയുടെ എൻജിനാണ് പുതിയവയിൽ. എൻജിന്റെ ശക്തി കൂടുന്നതോടെ ഒരേസമയം കൂടുതൽപേരെ കയറ്റാനും ശക്തമായ ഒഴുക്കുള്ള ഇടങ്ങളിൽ ഉപയോഗിക്കാനുമാവും. നിലമ്പൂരിലുള്ളത് എട്ടുപേരെ ഉൾക്കൊള്ളാനാലുന്ന റബർ ഡിങ്കിയാണ്. കഴിഞ്ഞ പ്രളയകാലത്ത് വേങ്ങരയിൽ 20 പേരെ വരെ ഇത്തരം റബർ ഡിങ്കിയിൽ ഒരേസമയം രക്ഷപ്പെടുത്തേണ്ടി വന്നിട്ടുണ്ട്. പുഴ ഗതിമാറി ഒഴുകാൻ തുടങ്ങിയതോടെ ശേഷിച്ച മുഴുവൻ പേരെയും ഒരുമിച്ച് കൊണ്ടുവരാൻ നിർബന്ധിതമായി. തോണിയെ അപേക്ഷിച്ച് റബർ ഡിങ്കികളാണ് കൂടുതൽ സുരക്ഷിതം. അത്ര പെട്ടെന്ന് മറിയില്ല. പ്രളയമേഖലയിൽ കമ്പിയോ മറ്റ് കുറ്റികളോ തട്ടുന്നതാണ് വെല്ലുവിളി. മൂന്ന് കമ്പാർട്ട്മെന്റുകളായാണ് ഡിങ്കികൾ നിർമ്മിക്കുന്നതെന്നതിനാൽ ഒരു കമ്പാർട്ട്മെൻറ് കീറിയാലും മറ്റ് രണ്ടെണ്ണത്തിലും വായുവുണ്ടാവും. ലൈഫ് ജാക്കറ്റ് ധരിപ്പിച്ചാണ് ആളുകളെ കൊണ്ടുവരുന്നതെന്നതിനാൽ കൂടുതൽ സുരക്ഷിതമാണ്. അടിയന്തര രക്ഷാപ്രവർത്തനത്തിന് റബർ ഡിങ്കികൾ ഏറെ സഹായകമാണെന്നതിനാൽ ജില്ലയിൽ ഇവ കൂടുതൽ ഒരുക്കേണ്ടത് അനിവാര്യമാണ്.