വിദ്യാർത്ഥികൾക്ക് ആശ്വാസമാവും മെെക്രോ ചിട്ടി

മലപ്പുറം: ഓൺലൈൻ പഠനത്തിന് വിദ്യാ‌‌‌ർത്ഥികൾക്ക് സഹായകമായി കുടുംബശ്രീയും കെ.എസ്.എഫ്.ഇയും ചേർന്ന് നടത്തുന്ന ലാപ്ടോപ് ചിട്ടി. ജില്ലയിൽ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച സ‌ർക്കുല‌ർ ചൊവ്വാഴ്ച ജില്ലാ കുടുംബശ്രീ മിഷന് ലഭിച്ചു. നി‌ർദ്ദേശം പഞ്ചായത്ത്, വാ‌ർ‌ഡുതല കുടുംബശ്രീകൾക്ക് കെെമാറി.

ലാപ്ടോപ്പ് ആവശ്യമുള്ള കുടുംബശ്രീ അംഗങ്ങൾക്ക് ചിട്ടിയിൽ ചേരാം. ഒരംഗത്തിന് ഒരു ചിട്ടിയിലേ ചേരാനാവൂ. മാസത്തവണ 500 രൂപയാണ്. 30 മാസമാണ് കാലാവധി. 500 രൂപ വീതം മൂന്നുതവണ അടച്ച ശേഷം ലാപ്ടോപ്പ് ആവശ്യമുണ്ടെങ്കിൽ അയൽക്കൂട്ടത്തെ അറിയിക്കാം. നാലുവർഷം ഗ്യാരണ്ടിയുള്ള ലാപ്ടോപ്പിന്റെ തുക 15,000ത്തിൽ താഴെയാവും. ലാപ്ടോപ്പിന്റെ വില കഴിഞ്ഞ് തുകയുണ്ടെങ്കിൽ ചിട്ടിയുടെ അടവ് തിരകെ ലഭിക്കും. ജില്ലയിൽ 4,50,000 അയൽക്കൂട്ടം അംഗങ്ങളുണ്ട്.

തിരിച്ചടവ് മുടക്കാത്തവർക്ക് 15,000 രൂപയ്ക്ക് പകരം 13,500 രൂപ അടച്ചാൽ മതി. ബാക്കി 1,500 രൂപ കെ.എസ്.എഫ്.ഇ അടയ്ക്കും. ലാപ്ടോപ്പ് ആവശ്യമില്ലാത്ത അംഗങ്ങൾക്കും ചിട്ടിയിൽ ചേരാം. 13 മാസത്തവണ അടച്ചാൽ 14ാം മാസം ആവശ്യമെങ്കിൽ ലേലം കൂടാതെ രൂപ പിൻവലിക്കാം.

ജില്ലയിൽ നിലവിൽ സി.ഡി.എസ് ചെയർപേഴ്സൺമാരിലൂടെയും എ.ഡി.എസ് സെക്രട്ടറിമാരിലൂടെയും എത്ര പേർക്ക് ലാപ്ടോപ്പ് വേണമെന്ന് കണക്കെടുക്കുകയാണ്.

എം.എ അജീഷ

ജില്ലാം പ്രോഗ്രാം മാനേജ‌ർ, മെെക്രോ ഫിനാൻസ്

കുടുംബശ്രീ