fff
.

മലപ്പുറം: കൊവിഡ് കാലത്തും മയക്കുമരുന്നുകൾക്കുള്ള ഡിമാൻഡ് നിലയ്ക്കുന്നില്ല. മാർച്ച് 24 മുതൽ ജൂലെെ 21 വരെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് 95 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കാറുകളിൽ പ്രത്യേകം അറകളുണ്ടാക്കിയും പച്ചക്കറിയടക്കമുള്ള അവശ്യസാധനങ്ങൾ കൊണ്ടുവരുന്ന ലോറികൾ വഴിയുമാണ് മയക്കുമരുന്നെത്തിക്കുന്നത്. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് ഇതുവരെ 45 കേസുകൾ എടുത്തിട്ടുണ്ട്. നിരോധിത പുകയിലയുത്പന്നങ്ങൾ മുതൽ വീര്യം കൂടിയ സിന്തറ്റിക് ഡ്രഗ്സ് വരെ ജില്ലയിലെത്തുന്നു. കൊവിഡ് സാഹചര്യത്തിൽ വാഹന പരിശോധന കുറഞ്ഞതാണ് ലഹരി മാഫിയ മുതലെടുക്കുന്നത്. മേയ് 30ന് ആനമറി എക്‌സൈസ് ചെക്‌പോസ്റ്റിൽ നടത്തിയ പരിശോധനയിൽ 14 ചാക്കുകളിലായി 1200 ചെറുപാക്കറ്റുകളിലായി ലഹരിവസ്തുക്കൾ പിടിച്ചെടുത്തിരുന്നു. മൈസൂരുവിൽ നിന്നും മലപ്പുറത്തേക്ക് വന്ന ബൊലേറോ പിക്കപ്പിലാണ് പച്ചക്കായയുടെ മറവിൽ ലഹരി വസ്തുക്കൾ കടത്താൻ ശ്രമിച്ചത്. വിപണിയിൽ കിലോയ്ക്ക് 25,​000 രൂപ വരെ വിലവരും. എക്സെെസിന്റെ നേതൃത്വത്തിൽ നടത്തുന്ന കഞ്ചാവുവേട്ടയിൽ ഇതുവരെ 54 പേരെ അറസ്റ്റ് ചെയ്യുകയും 94,250 രൂപ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ജില്ലാ ആന്റി നാർക്കോട്ടിക് ഡിവൈ.എസ്.പി പി.പി .ഷംസിന്റെ കീഴിലുള്ള ജില്ലാ ആന്റി നാർക്കോട്ടിക്ക് സ്‌പെഷൽ ആക്‌ഷൻ ഫോഴ്സിന് (ഡി.എ.എൻ.എസ്.എ.എഫ്) കീഴിൽ ലഹരി മാഫിയക്കെതിരെ നടപടി ശക്തമാക്കിയിട്ടുണ്ട്. മലപ്പുറം, തിരൂർ, പെരിന്തൽമണ്ണ സബ്ഡിവിഷനുകളാക്കി വേർതിരിച്ചാണ് പ്രവർത്തനം.

കൊവിഡ് പണി നൽകുന്നു

പ്രതികളെ പിടിക്കുന്നതോടെ പ്രതിയുടെ കൊവിഡ് ടെസ്റ്റ് റിസൽട്ട് വരുംവരെ പിടിക്കുന്ന ഉദ്യോഗസ്ഥരും ക്വാറന്റൈനിൽ പോകേണ്ടിവരുന്നു. ഒരു ഓഫീസർക്ക് തന്നെ മൂന്നുതവണ ക്വാറന്റൈനിൽ പോകേണ്ട അവസ്ഥയുണ്ടായി. പരിശോധനാഫലം വരാൻ വൈകുന്നതും വിനയാകുന്നുണ്ട്.മെറ്റാ ആംഫിറ്റമിനുമായി പിടിയിലായ രണ്ട് പ്രതികളെ കഴിഞ്ഞയാഴ്ച പിടികൂടിയ മലപ്പുറം സബ് ഡിവിഷനിലെ സ്‌ക്വാഡ് അംഗങ്ങൾക്കെല്ലാം കൊവിഡ് ടെസ്റ്റിന്റെ ഫലം വരാൻ ഏറെ കാത്തിരിക്കേണ്ടി വന്നു. ഉദ്യോഗസ്ഥരുടെ കൊവിഡ് ടെസ്റ്റ് ഫലം വേഗം ലഭ്യമാക്കാൻ നടപടി വേണമെന്നാണ് ആവശ്യം.

കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് എക്സെെസിന്റെ ലഹരി പിടിത്തം. ലോക്ക്ഡൗണിലും എക്സെെസിൻ്റെ പ്രവ‌‌‌ർത്തനങ്ങൾ ശക്തമായി മുന്നോട്ട് പോകുന്നുണ്ട്.

പി.വി. ഏലിയാസ്

ഡെപ്യൂട്ടി എക്സെെസ് കമ്മീഷ്ണ‌‌‌‌ർ,

മലപ്പുറം



. 135 കിലോ കഞ്ചാവാണ് കഴിഞ്ഞ വർഷം നാർക്കോട്ടിക് സംഘം പിടികൂടിയത്.

ലോക്ക് ഡൗണിലെ പ്രധാന വേട്ടകൾ

* ജൂൺ 6-അന്താരാഷ്ട്ര മാർക്കറ്റിൽ അരലക്ഷം രൂപ വിലയുള്ള എൽ.എസ്.ഡി സ്റ്റാമ്പുകളുമായി രണ്ടുപേർ പിടിയിൽ

* ജൂലൈ 16ന് അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന എം.ഡി.എം.എ യുമായി രണ്ടുപേർ പിടിയിൽ