പൊന്നാനി: ലോക്ക് ഡൗണിൽ നിശബ്ദമായ തെരുവിലൂടെ ബൈക്കിൽ ആ ഉപ്പയും മകനും ദിവസവും കറങ്ങാനിറങ്ങും . ഇവരെ കാണുന്നതോടെ പൊലീസും ട്രോമകെയർ വാളണ്ടിയർമാരും അടുത്തെത്തും. പിന്നിലിരിക്കുന്ന കുട്ടിയുടെ കൈയിൽ ഫ്ളാസ്‌ക്കും പ്ലാസ്റ്റിക് പാത്രവും ഡിസ്‌പോസിബിൾ ഗ്ലാസുമുണ്ട്. നാടിനായി കാവലിരിക്കുന്ന പൊലീസുകാർക്കും വാളണ്ടിയർമാർക്കും ചായയും പലഹാരവും എത്തിക്കാനാണ് ചാണ റോഡ് സ്വദേശി കറുപ്പം വീട്ടിൽ നവാസിന്റെയും പ്ലസ് ടു വിദ്യാർത്ഥിയായ മകൻ ഷാനിൽ നവാസിന്റെയും കറക്കം.
നാടിന് സേവനമുനുഷ്ഠിക്കുന്നവർക്കായി തനിക്കെന്തു ചെയ്യാനാകുമെന്ന ആലോചനയിൽ നിന്നാണ് ഈയൊരാശയം രൂപപ്പെട്ടത്. കൂലിപ്പണിക്കാരനാണ് നവാസ്. കഴിഞ്ഞ രണ്ടാഴ്ച്ചയായി പണിയില്ല. വരുമാനവുമില്ല. നീക്കിയിരിപ്പുണ്ടായിരുന്ന പണമെടുത്താണ് ചായയും പലഹാരവും തയ്യാറാക്കിയത്. ഭാര്യ റസീനയാണ് കട്‌ലറ്റ്, പഫ്സ്, പഴംപൊരി എന്നിവ തയ്യാറാക്കിയത്. നാടൻ കോഴികളെ വളർത്തുന്ന മകൻ ഷാനിൽ മുട്ട വിറ്റുകിട്ടിയ ഒരുദിവസത്തെ തുക ചായ വിതരണത്തിനായി ഉപ്പയ്ക്ക് നൽകി.
കഴിഞ്ഞ 14 ദിവസവും ചായയും പലഹാരവും വിതരണം ചെയ്തു. 30 ചായയും പലഹാരവും വിതരണത്തിന് വേണം. നഗരസഭയിലെ മുഴുവൻ താത്കാലിക പൊലീസ് ചെക്ക് പോസ്റ്റുകളിലും അവർ ചായയുമായെത്തി. ട്രിപ്പിൾ ലോക്ക് ഡൗൺ പിൻവലിച്ച വെള്ളിയാഴ്ചയും ഇവരെത്തിയെങ്കിലും
അധികം പൊലീസുകാരുണ്ടായിരുന്നില്ല.
പരാധീനതകൾക്കിടയിലും കൊവിഡ് പ്രതിരോധത്തിൽ തന്നെക്കൊണ്ടാവുന്നത് ചെയ്യാനായതിൽ സംതൃപ്തനാണ് നവാസ്. ഉറൂബ് നഗറിൽ വാടകവീട്ടിലാണ് താമസം. ഷാനിൽ തൃക്കാവ് ജി.എച്ച്.എസ്.എസ് വിദ്യാർത്ഥിയാണ്.