പൊന്നാനി: കൊവിഡിന്റെ സമൂഹ വ്യാപന സാഹചര്യത്തിൽ സാമൂഹിക അകലം പാലിച്ച് എങ്ങനെ കച്ചവടം ചെയ്യുമെന്ന് തല പുകക്കുന്നവർക്ക് പ്രതിരോധത്തിന്റെ പുതിയ പാഠം പറഞ്ഞു തരികയാണ് പുതുപൊന്നാനിയിലെ കരിപ്പോട്ടയിൽ അബു. വീടിനോട് ചേർന്ന തന്റെ കടയുടെ മുന്നിൽ പ്ലാസ്റ്റിക് നാരുകൾ കൊണ്ട് ചിലന്തിവല പോലെ ബാരിക്കേഡ് തീർത്താണ് അബു വ്യത്യസ്തനാക്കുന്നത്. സാധനങ്ങൾ വാങ്ങാൻ വരുന്നവരെ വലക്ക് പുറത്ത് നിറുത്തി സാധനങ്ങൾ അകത്തു നിന്ന് നൽകി സാമൂഹ്യ അകലം പാലിക്കുകയാണ് ഈ വ്യാപാരി. ദീർഘകാലം പ്രവാസിയായിരുന്ന അബു. നാട്ടിൽ വന്നതിന് ശേഷമാണ് കട തുടങ്ങിയത്. കൊവിഡ് വ്യാപനത്തോടെ സാമൂഹ്യ അകലം പാലിച്ച് വിൽപ്പന നടത്താൻ സാധിക്കാതെ വന്നു. വലിയ ബാരിക്കേഡ് പണിയാനുള്ള തുക കൈയ്യിലുമില്ല. അപ്പോഴാണ് ഈയൊരു ആശയം അബു നടപ്പിലാക്കിയത്.
കഴിഞ്ഞ അഞ്ച് ദിവസമായി പൊന്നാനിയിൽ ക്യാമ്പ് ചെയ്തിരുന്ന ജില്ലാ മെഡിക്കൽ സംഘത്തിന്റെ റാപ്പിഡ് മെഡിക്കൽ ആക്ഷൻ ഫോഴ്‌സ് അബുവിന്റെ മാതൃകയെ കൈയടിയോടെ സ്വീകരിച്ചു. കഴിഞ്ഞ ദിവസം നടന്ന അവലോകന യോഗത്തിലെ റിപ്പോർട്ടിൽ ഈ മാതൃക സ്ഥാനം പിടിക്കുകയും ചെയ്തു. യോഗത്തിൽ വെച്ച് നഗരസഭാ ചെയർമാൻ സി.പി. മുഹമ്മദ് കുഞ്ഞി അബുവിനെ കൗൺസിലിന് വേണ്ടി അഭിനന്ദിച്ചു. ആരുടേയും പ്രേരണയില്ലാതെ അബു നടപ്പിലാക്കിയ ബ്രേക്ക് ദി ചെയിൻ തീരദേശത്തിനാകെ മാതൃകയാവുകയാണ്.