മഞ്ചേരി: നെല്ലികുത്ത് പാലത്തിന് സമീപമുള്ള കാക്കത്തോട്ടിലേക്ക് നിയന്ത്രണം വിട്ട കാർ മറിഞ്ഞ് മറിഞ്ഞ് യുവാവ് മരിച്ചു. പയ്യനാട് താമരശ്ശേരി കളത്തിൽ വീട്ടിൽ അബ്ദു നാസറിന്റെ മകൻ മുഹമ്മദ് നാസിഫ് (23) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന സുഹൃത്തുക്കളായ നാലുപേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പയ്യനാട് താമരശ്ശേരി സ്വദേശികളായ ഷിബിലി (23), മണ്ണയിൽ സഫ്വാൻ (24), മുഹമ്മദ് നബീൽ (20), കെ. അജ്മൽ (22) എന്നിവർക്കാണ് പരിക്കേറ്റത്. ഷിബിലിയെ കോഴിക്കോട് മെഡിക്കൽ കോളേജിലും മറ്റുള്ളവരെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 3.50 തോടെയായിരുന്നു അപകടം. പയ്യനാട് കാരേപറമ്പിലുള്ള സുഹൃത്തിന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്ത് തിരിച്ചു വരുന്നതിനിടെ ഇവർ സഞ്ചരിച്ച കാർ നെല്ലിക്കുത്ത് പാലത്തിൽ നിന്ന് കാക്കത്തോടിലേക്ക് മറിയുകയായിരുന്നു. മഞ്ചേരി അഗ്‌നി രക്ഷാ സേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി അഞ്ചുപേരേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും നാസിഫിനെ രക്ഷിക്കാനായില്ല. മഞ്ചേരി മെഡിക്കൽ കോളേജിലെ ശുചീകരണ തൊഴിലാളിയായ റസിയയാണ് നാസിഫിന്റെ മാതാവ്. സഹോദരങ്ങൾ: നാസിറ നസ്‌റി ബാനു, നാഷിദ ഷെറിൻ ഷാനു, റാഷിദ്.