മലപ്പുറം: കൊണ്ടോട്ടി മാർക്കറ്റുമായി ബന്ധപ്പെട്ട് ജോലി ചെയ്തവരിൽ ചിലർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗപ്രതിരോധ നടപടികൾ ശക്തമാക്കി. കൊണ്ടോട്ടിയിൽ ഒന്നിലധികം രോഗികൾ ഉണ്ടാവുന്ന സാഹചര്യത്തിൽ ആ പ്രദേശത്തെ പ്രത്യേക ക്ലസ്റ്റർ ആയി പ്രഖ്യാപിച്ച് രോഗവ്യാപനതോത് അറിയുന്നതിനായി ആന്റിജെൻ പരിശോധന നടത്തിവരുന്നുണ്ട്. കൊണ്ടോട്ടി മാർക്കറ്റിൽ ജോലി ചെയ്യുന്നവരും അവരുമായി അടുത്ത ബന്ധപ്പെട്ടവരിലും കുടംബാംഗങ്ങളിലും ലക്ഷണമുള്ളവരെ കണ്ടെത്തിയാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. കൂടാതെ കൊണ്ടോട്ടി ടൗണിൽ കൂടുതൽ ജനസമ്പർക്കമുള്ള ജോലികളിൽ ഏർപ്പെടുന്ന വ്യക്തികളിൽ ലക്ഷണമുള്ളവരെ കണ്ടെത്തി മെഡിക്കൽ വിലയിരുത്തലിനുശേഷം പരിശോധിക്കും. നഗരസഭയിലെ എല്ലാ വീടുകളിലും റാപ്പിഡ് സർവേ വഴി ലക്ഷണമുള്ളവരെ കണ്ടെത്തി സമാനരീതിയിൽ പരിശോധനയ്ക്ക് വിധേയമാക്കും.
ടെസ്റ്റ് മൂന്ന് ദിവസത്തിനകം
മലപ്പുറം ടൗൺ, മമ്പാട്, പെരുവള്ളൂർ, നിലമ്പൂർ എന്നീ മേഖലകളിലും രോഗവ്യാപനമുണ്ടായ സ്ഥലങ്ങളിലും സമാന രീതിയിലുള്ള പരിശോധനയും പ്രതിരോധ പ്രവർത്തനങ്ങളും മൂന്നു ദിവസത്തിനകം നടത്തും.
രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ ആന്റിജെൻ പരിശോധനയ്ക്ക് വിധേയമാക്കുമ്പോൾ പോസിറ്റീവ് റിസൾട്ടുകൾ വരാനുള്ള സാദ്ധ്യത കൂടുതലാണ്. എന്നാൽ ആന്റിജെൻ പരിശോധനയിൽ നെഗറ്റീവായതിനാൽ ഒരാൾക്ക് കോവിഡ് രോഗബാധ ഇല്ലെന്ന് ഉറപ്പിക്കാനും കഴിയില്ല. ഇവർക്ക് അടുത്ത ദിവസങ്ങളിൽ രോഗബാധ ഉണ്ടാവാനും സാധ്യതയുണ്ട്.
പൊന്നാനി നഗരസഭയിലെ വീടുകളിൽ നടത്തിയ റാപ്പിഡ് സർവേ പ്രകാരം കണ്ടെത്തിയ 348 പേരെ പരിശോധിച്ചതിൽ അഞ്ച് പേർക്ക് മാത്രമാണ് രോഗം കണ്ടെത്താനായത്. ഇതിന് ശേഷം നാല് ദിവസമായി താലൂക്ക് ആശുപത്രി ഒ.പിയിൽ നടക്കുന്ന സർവയലൻസിൽ 48 പേരെ പരിശോധിച്ചതിൽ ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. ഈ സർവയലൻസ് അടുത്ത 24 ദിവസംകൂടി തുടരുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
ആന്റിജെൻ പരിശോധനയിൽ നെഗറ്റീവായവർ മറ്റുള്ളവരുമായി ഇടപഴകിയാൽ രോഗപകർച്ചാ സാദ്ധ്യത വർദ്ധിപ്പിക്കും.
ഡോ. കെ.സക്കീന, ഡി.എം.ഒ