vvv
പ്രിയ മനോജ്

കുറ്റിപ്പുറം: കൊവിഡ് പശ്ചാത്തലത്തിൽ വീട്ടിലൊതുങ്ങുമ്പോഴും സർഗ്ഗശേഷിക്കു പൂട്ടിടരുതെന്ന ഓർമ്മപ്പെടുത്തലുമായി 'ഹൃദയപുഷ്പാഞ്ജലി' . പ്രശസ്ത നർത്തകി പ്രിയ മനോജ് ആരോഗ്യപ്രവർത്തകർക്കും സന്നദ്ധ സേവാപ്രവർത്തകർക്കും അഭിവാദ്യമർപ്പിച്ച് അവതരിപ്പിച്ച മോഹിനിയാട്ട ആവിഷ്കാരം ഇതിനകം ആസ്വാദകരുടെ മനം കവർന്നുകഴിഞ്ഞു. തന്റെ യു ട്യൂബ് ചാനലായ ഭരതാഞ്ജലിയിലൂടെയാണ് നൃത്തം അവതരിപ്പിച്ചത്. ആത്മപ്രകാശനത്തിനു പുതുവഴികൾ തുറക്കുന്നതാക്കി ലോക്ക് ഡൗൺ കാലത്തെ മാറ്റണമെന്ന കാഴ്ചപ്പാടാണ് 'ഹൃദയപുഷ്പാഞ്ജലി'യുടെ പിറവിക്ക് പിന്നിൽ. കവി ആലങ്കോട് ലീലാകൃഷ്ണനാണ് ആമുഖം അവതരിപ്പിച്ചിരിക്കുന്നത്.

തന്റേതായ അവതരണ ശൈലികൊണ്ടും ശിക്ഷണരീതി കൊണ്ടും ശ്രദ്ധേയയായ തവനൂർ സ്വദേശിനി പ്രിയ മനോജ് അബുദാബിയിൽ 'ഭരതാഞ്ജലി 'എന്ന നൃത്തവിദ്യാലയം നടത്തുന്നുണ്ട്. ഭരതനാട്യവും മോഹിനിയാട്ടവുമാണ് പ്രധാനമായും അഭ്യസിപ്പിക്കുന്നത്. സ്വന്തം രംഗാവതരണത്തിൽ ആശയസംവേദനം ആഴത്തിൽ സാദ്ധ്യമാകുന്നത് മോഹിനിയാട്ടത്തിലൂടെയാണെന്നാണ് ഇവരുടെ അനുഭവം.
കാലോചിതമായ മാറ്റങ്ങളോടെ നൃത്തം സ്വയം ചിട്ടപ്പെടുത്തുന്നതിലാണ് പ്രിയയ്ക്ക് കൂടുതൽ താത്പര്യം. 'സമഗ്രവികസനം നൃത്തത്തിലൂടെ' എന്ന ആശയം മുൻനിറുത്തി ഗവേഷണാത്മകമായ പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകുന്നുണ്ട് .

അബ്ദുൾകലാം സ്മൃതി പുരസ്‌കാരം , നൃത്തചൂഢാമണി പുരസ്‌കാരം എന്നിവ പ്രിയയെ തേടിയെത്തി. അബുദാബിയിലെ വിവിധ കലാ സാംസ്‌കാരിക സംഘടനകളുടെ അംഗീകാരവും ലഭിച്ചിട്ടുണ്ട്..

ഭഗവാൻ കൃഷ്ണന്റെ വിവിധ ഭാവങ്ങളെ ഉൾക്കൊള്ളിച്ച 'നവരസമായൻ ', കുമാരസംഭവത്തിന്റെ നൃത്താവിഷ്‌കാരമായ 'ഷൺമുഖോദയം ' എന്നിവ ഭരതനാട്യത്തിലും കൃഷ്ണനും ദ്രൗപതിയുമായുള്ള സൗഹൃദ സംഭാഷണത്തെ ആസ്പദമാക്കിയ 'കൃഷ്ണ ' , ഗോപികാസമേതനായ കൃഷ്ണനെ അവതരിപ്പിച്ച 'കൃഷ്ണപഞ്ചകം' എന്നിവ മോഹിനിയാട്ടത്തിലും ചിട്ടപ്പെടുത്തിയിട്ടുണ്ട്.

ഭർത്താവ് മനോജ്. മകൻ: അപ്പു.