lll
.

മലപ്പുറം: രണ്ട് പ്രളയങ്ങളും ഒരുപോലെ മുക്കികളഞ്ഞിട്ടുണ്ട് നിലമ്പൂരിനെ. ഒരുപക്ഷേ,​ സംസ്ഥാനത്ത് പ്രളയക്കെടുതി ഏറ്റവും രൂക്ഷമായി അനുഭവിച്ചത് നിലമ്പൂരും സമീപപ്രദേശങ്ങളുമാവും. കവളപ്പാറയിലെ 59 ജീവനുകളടക്കം തിരിച്ചുപിടിക്കാനാവാത്ത നഷ്ടങ്ങൾ നിരവധി. മഴയൊന്ന് നിറുത്താതെ പെയ്താൽ ആധിയാണ് മലയോരത്തിന്. ആഗസ്റ്റിൽ സാധാരണയിൽ കവിഞ്ഞ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ നീരീക്ഷണ വകുപ്പ് പറയുന്നത്. ജീവൻരക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വമേകേണ്ട നിലമ്പൂർ ഫയർഫോഴ്സിന്റെ സ്ഥിതി കണ്ടാൽ ചങ്കിടിപ്പേറുകയേയുള്ളൂ. അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെയാണ് ഈ മൺസൂണിലും നിലമ്പൂർ സ്റ്റേഷൻ പ്രവർത്തിക്കുന്നത്.

2005 ഡിസംബർ 16ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയാണ് നിലമ്പൂർ സ്റ്റേഷൻ ഉദ്ഘാടനം ചെയ്തത്. 15 വർഷമായിട്ടും സ്വന്തം കെട്ടിടമായിട്ടില്ല. കഴി‌ഞ്ഞ വർഷം വരെ നിലമ്പൂർ മുനിസിപ്പാലിറ്റിയുടെ പഴയ ഓഡിറ്റോറിയത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. ഇവിടെ പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി അഗ്നിശമന സേനയെ നഗരസഭ ഒഴിപ്പിച്ചു. പകരം സമീപത്ത് തന്നെ രണ്ട് നിലകളിലായി മൂന്ന് ഷട്ടറുകളുള്ള ചെറിയ കെട്ടിടം നൽകി. 49ഓളം വരുന്ന ജീവനക്കാർ കഴിയേണ്ടത് ഇടുങ്ങിയ ഈ കെട്ടിടത്തിലാണ്. രാത്രിയും പകലും വ്യത്യാസമില്ലാതെ ജീവനക്കാരുടെ സേവനം വേണം. കൊവിഡിന്റെ മാനദണ്ഡം പാലിച്ചാൽ പത്ത് ജീവനക്കാർക്കുള്ള സൗകര്യമേ ഇവിടെയുള്ളൂ. ഫയർസ്റ്റേഷനിലെ വാഹനങ്ങൾ സ്റ്റേഷന് പുറത്ത് മഴയും വെയിലും കൊണ്ട് കിടക്കുകയാണ്. നിറുത്തിയിടാൻ സ്ഥലമില്ലാത്തതിനാൽ പുതിയ വാഹനങ്ങൾ ആവശ്യപ്പെടാനാവില്ല. ഇടുങ്ങിയ സ്ഥലങ്ങളിൽ വേഗത്തിലെത്താൻ ചെറിയ വാഹനങ്ങൾ ആവശ്യമുണ്ട്.

മുഖ്യമന്ത്രിയുടെ വാക്കും പാഴായി

ഫയർസ്റ്റേഷനായി നിലമ്പൂരിലെ ജവഹർ കോളനിയിൽ 45 സെന്റ് സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും നിർമ്മാണം വേഗത്തിൽ തുടങ്ങുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ വർഷം നിയമസഭയിൽ അറിയിച്ചിരുന്നു. പട്ടികജാതി വികസന വകുപ്പിന്റെ കൈവശമുള്ള ഭൂമി ഫയർഫോഴ്സിന് കൈമാറുന്ന നടപടി വേഗത്തിലാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പേകി. 2016ലെ ബഡ്ജറ്റ് മുതൽ കെട്ടിടത്തിന് തുക മാറ്റിവയ്ക്കുന്നുണ്ട്. കഴിഞ്ഞ ബഡ്ജറ്റിൽ അഞ്ച് കോടി രൂപ ടോക്കൺ തുകയായാണ് മാറ്റിവച്ചത്. സ്റ്റേഷനായി കണ്ടെത്തിയ സ്ഥലം വിട്ടുതരാനാവില്ലെന്നാണ് പട്ടികജാതി വികസന വകുപ്പിന്റെ നിലപാട്. 2018ലെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി ഈ സ്ഥലം ആവശ്യമുണ്ടെന്ന് അറിയിച്ചു.

എങ്ങനെ രക്ഷിക്കും

പ്രളയ മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി വഴിക്കടവ് വെട്ടുകത്തിക്കോട്ട മലയിൽ ഉരുൾപൊട്ടൽ മോക്ക് ഡ്രിൽ നടത്തിയിരുന്നു. 30 കിലോമീറ്റർ അകലെയുള്ള ഇവിടേക്ക് നിലമ്പൂരിൽ നിന്നെത്താൻ 30 മിനിറ്റെങ്കിലുമെടുക്കും. നിലമ്പൂർ നഗരത്തിലെ ജ്യോതിപ്പടിയിലും മിനർവ്വപ്പടിയിലും വെളിയംതോട്,​ കരിമ്പുഴ,​ ചുങ്കത്തറ മുട്ടിക്കടവ് എന്നിവിടങ്ങളിലും സ്ഥിരമായി വെള്ളം കയറുന്നുണ്ട്. ഇവ പിന്നിട്ടുവേണം വഴിക്കടവിലെത്താൻ. വെള്ളക്കെട്ട് മൂലം അടിയന്തര സാഹചര്യമുണ്ടായാൽ പോലും ആറോളം പഞ്ചായത്തുകളിലേക്ക് ഫയർഫോഴ്സിന് എത്തിപ്പെടാനാവില്ല. എടക്കര കേന്ദ്രീകരിച്ച് ഫയർസ്റ്റേഷൻ തുറന്നാൽ എടക്കര,​ ചുങ്കത്തറ,​ പോത്തുകല്ല്,​ വഴിക്കടവ്,​ മൂത്തേടം,​ കരുളായി പഞ്ചായത്തുകളിൽ ഫലപ്രദമായി രക്ഷാപ്രവർത്തനം നടത്താൻ പറ്റും. മോക്ക്ഡ്രില്ലിലെ നിരീക്ഷകനും ഈ ആവശ്യകത അധികൃതരെ അറിയിച്ചിട്ടുണ്ട്.

ചെറിയ ബോട്ടുകൾ വേണം

നിലമ്പൂരിലേക്ക് റബർ ഡിങ്കിക്ക് പുറമെ മൂന്ന് ചെറിയ ബോട്ടെങ്കിലും വേണം. നഗരത്തിലെ ഇടുങ്ങിയ വഴികളും ഗേറ്റും കടന്നുള്ള റബർ ഡിങ്കിയിലെ യാത്ര അപകടകരമാണ്. മത്സ്യത്തൊഴിലാളികളുടെ വലിയ തോണികൾക്കും ഇവിടങ്ങളിലേക്ക് എത്തിപ്പെടാനാവില്ല. തുടർന്ന് സിവിൽ ഡിഫൻസ് വാളണ്ടിയർമാരുടെ പങ്കാളിത്തത്തോടെ നിലമ്പൂർ ഫയർസ്റ്റേഷൻ സ്വന്തം നിലയ്ക്ക് പത്ത് പേരെ കൊണ്ടുവരാൻ കഴിയുന്ന ബോട്ടുണ്ടാക്കിയിട്ടുണ്ട്.

മുന്നൊരുക്കം തകൃതി

ഓരോ പഞ്ചായത്തിലും വെള്ളം കയറിയതും​ ഉരുൾപൊട്ടലുമുണ്ടായ സ്ഥലങ്ങളുടെ പട്ടികയുണ്ടാക്കി ആളുകളെ ഒഴിപ്പിക്കേണ്ടത് എങ്ങോട്ടെന്നത് സംബന്ധിച്ച് രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. ഫയർ സ്റ്റേഷനുകൾക്ക് കീഴിൽ 50 സിവിൽ ഡിഫൻസ് വാളണ്ടിയർമാരുണ്ട്. സ്റ്റേഷൻഓഫീസറുടെ നിർദ്ദേശപ്രകാരം വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ അതത് പ്രദേശങ്ങളിലെ മഴയുടെ അവസ്ഥ,​ വെള്ളപ്പൊക്ക സാദ്ധ്യത,​ പുഴകളിലെ ജലനിരപ്പ് എന്നിവ കൈമാറും. ഏത് പ്രദേശത്തേക്കാണോ പെട്ടെന്ന് സഹായം വേണ്ടതെന്ന് കണ്ടെത്താനാവും. ടിപ്പർലോറി,​ ജെ.സി.ബി,​ ഓഫ് റോഡ് ജീപ്പുകാരുടെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ലൈഫ് ബോയ്,​ ജാക്കറ്റ്,​ തോണി എന്നിവ പല പ‍ഞ്ചായത്തുകളും സ്വന്തംനിലയ്ക്ക് ഒരുക്കിയിട്ടുണ്ട്.