മലപ്പുറം:താൻ പ്ലസ് ടു പാസായതിലല്ല കൊണ്ടോട്ടി വെള്ളില സ്വദേശി ഷമ്മാസിന് സന്തോഷം. തനിക്കൊപ്പം ഉപ്പയും ഉമ്മയും പ്ളസ് ടു വിജയിച്ചതിലാണ്. തുല്യതാ പഠനത്തിലൂടെയാണ് 43കാരനായ കൊണ്ടെരിത്തൊടി മുസ്തഫയും 35കാരിയായ ഭാര്യ നസീബയും മകനൊപ്പം വിജയമധുരം നുകർന്നത്. കൊമേഴ്സിലാണ് മൂന്നുപേരുടെയും വിജയമുന്നേറ്റം. 94 ശതമാനം മാർക്കോടെയാണ് മങ്കട ജി.എച്ച്.എസ്.എസ് വിദ്യാർത്ഥിയായ ഷമ്മാസിന്റെ വിജയം.
പത്താം ക്ളാസ് കഴിഞ്ഞപ്പോൾ ഗൾഫിലേക്ക് ജോലിതേടി പോയതാണ് മുസ്തഫ. 18 കൊല്ലം അവിടെയായിരുന്നു. തുടർപഠനത്തിനുള്ള വാതിൽ അടഞ്ഞത് എന്നും ഒരു വിഷമമായി ഉള്ളിൽ കിടന്നു. പ്ളസ് വണ്ണിൽ പഠിക്കുമ്പോഴാണ് നസീബയെ വിവാഹം ചെയ്തത്. വിവാഹശേഷം ഗൾഫിലേക്ക് ഭർത്താവിനൊപ്പം പോയതോടെ നസീബയുടെ പഠനവും മുടങ്ങി. തുടർന്ന് പഠിക്കാനാവാഞ്ഞതിൽ നസീബയ്ക്കുമുണ്ടായിരുന്നു വിഷമം.
അക്ഷയകേന്ദ്രത്തിൽ ഒരാവശ്യത്തിന് പോയപ്പോഴായിരുന്നു തുല്യത പഠനത്തെക്കുറിച്ച് അറിഞ്ഞത്. പഴയ പഠനമോഹം വീണ്ടും മുളപൊട്ടി. മക്കളോട് പറഞ്ഞപ്പോൾ അവർക്കും ആവേശം. ബിസിനസ് പശ്ചാത്തലമുള്ളതിനാൽ കൊമേഴ്സ് തന്നെ തിരഞ്ഞെടുത്തു. മകനും കൊമേഴ്സ് ആയതിനാൽ പഠനസഹായം ആവോളമുണ്ടായിരുന്നു.
മഞ്ചേരി ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിലായിരുന്നു ക്ലാസ്. ക്ളാസിലേക്കുള്ള തിരിച്ചുപോക്ക് വലിയൊരു അനുഭവം തന്നെയായിരുന്നു. അറുപതോളം പേരുണ്ടായിരുന്ന ക്ളാസിൽ ഇരുവരും ദമ്പതികളാണെന്ന് മറ്റുള്ളവർക്ക് മനസ്സിലാവാൻ അൽപ്പം സമയമെടുത്തു. പഴയ പഠന കാലഘട്ടത്തിലെന്ന പോലെ പുതിയ ക്ളാസ് റൂമും ഒരുപാട് സൗഹൃദങ്ങൾ നേടിത്തന്നു. മകനൊപ്പം മാതാപിതാക്കളെയും പഠിപ്പിക്കാനെത്തിയ അദ്ധ്യാപകരുമുണ്ട്. ഞായറാഴ്ചകളിലായിരുന്നു ക്ളാസ്. മക്കൾക്കുള്ള ഭക്ഷണമെല്ലാം നേരത്തെ ഒരുക്കിവച്ചാണ് ക്ളാസിനിറങ്ങുക.
തുടർപഠനം എങ്ങനെ വേണമെന്ന ചർച്ചകളിലാണ് മുസ്തഫയും നസീബയും. സി.എക്കാരനാവാനാണ് ഷമ്മാസിന്റെ മോഹം. കളിപ്പാട്ടങ്ങൾ ഇറക്കുമതി ചെയ്ത് ഹോൾസെയിലായി വിൽക്കുന്ന ബിസിനസാണ് മുസ്തഫയുടേത്. എട്ടാംക്ളാസുകാരൻ ഷബ്ബാസും നാലാംക്ളാസുകാരി ഷഫ്നയുമാണ് മറ്റുമക്കൾ.