ffff
.

പൊന്നാനി: കൊവിഡിൽ പൂട്ടിയിട്ട ഊട്ടുപുരയുടെ പൂട്ടുപൊട്ടിക്കാൻ പുതുവഴികൾ തേടി കാറ്ററിംഗുകാർ. പുതിയ സീസൺ ആരംഭത്തിൽ തുടങ്ങിയ ലോക്ക്ഡൗൺ കാറ്ററിംഗ് മേഖലയുടെ നടുവൊടിച്ചു. കഴിഞ്ഞ നാലു മാസമായി പുകയാത്ത അടുപ്പുകൾക്ക് തീ പകരാനുള്ള ശ്രമത്തിലാണ് കാറ്ററിംഗ് യൂണിറ്റുകൾ. ഓൺലൈൻ ഭക്ഷണവിതരണമാണ് പുതിയ അതിജീവന വഴിയായി സ്വീകരിച്ചിരിക്കുന്നത്. വിവാഹങ്ങളും സത്കാരങ്ങളും പഴയ അവസ്ഥയിലേക്കെത്താൻ ഒരു വർഷമെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നിരിക്കെ പുതിയ പരീക്ഷണങ്ങളിലേക്ക് കടന്നില്ലെങ്കിൽ പൂട്ടിയിട്ട അടുക്കളകൾക്കൊപ്പം ജീവിതവും ഇരുളടഞ്ഞതാകുമെന്ന ബോദ്ധ്യത്തിൽ നിന്നാണ് ഓൺലൈൻ ഭക്ഷണവിതരണത്തിലേക്ക് കാറ്ററിംഗ് യൂണിറ്റുകൾ കാലെടുത്തുവയ്ക്കുന്നത്. വീടുകളിലേക്ക് ഭക്ഷണമെത്തിച്ചു കൊടുക്കുന്നതാണ് പുതിയ രീതി. കല്ല്യാണസത്കാരങ്ങൾക്ക് തയ്യാറാക്കുന്ന രുചിഭേദങ്ങളോടെ ഭക്ഷണമൊരുക്കും. ഓരോ ദിവസത്തെയും വിഭവങ്ങൾ സമൂഹമാദ്ധ്യമങ്ങൾ വഴി അറിയിക്കും. നിശ്ചിത സമയത്ത് ഫോൺ വഴി ഓർഡർ നൽകാം. ഡെലിവറി ബോയ്സിന്റെ സഹായത്തോടെ ഭക്ഷണവിഭവങ്ങൾ വീടുകളിലെത്തിക്കും. ഭക്ഷണവിതരണത്തിലെ ശാസ്ത്രീയരീതികളാണ് സവിശേഷതയായി കാറ്ററിംഗ് യൂണിറ്റുകൾ ഉയർത്തിക്കാണിക്കുന്നത്. പാക്കിംഗും വിതരണവും മികച്ച നിലവാരത്തിലായിരിക്കുമെന്നാണ് അവകാശവാദം. മുൻകൂട്ടി ഓർഡർ നൽകിയാൽ ഏതുതരം ഭക്ഷണവിഭവവും തയ്യാറാക്കി നൽകും. ചില കാറ്ററിംഗ് യൂണിറ്റുകൾ ഉച്ചഭക്ഷണത്തിനാണ് പ്രാധാന്യം നൽകുന്നത്. മറ്റു ചിലർ രാത്രിഭക്ഷണത്തിനും. 15 കിലോമീറ്റർ പരിധിയിൽ വിതരണം ഉറപ്പു നൽകുന്നു. രുചി വർദ്ധക വസ്തുക്കൾ ഉപയോഗിക്കാതെ വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിന്റെ രുചിയിൽ വ്യത്യസ്ത വിഭവങ്ങൾ ഒരുക്കുമെന്നാണ് വാഗ്ദാനം. ഒരു ദിവസം അമ്പത് വീടുകളിൽ നിന്നുള്ള ഓർഡർ ലഭ്യമാക്കാനുള്ള ശ്രമമാണ് ഓരോ യൂണിറ്റുകളും നടത്തുന്നത്. വീടുകളിലേക്ക് ഒരു ദിവസത്തെ മുഴുവൻ നേരത്തെയും ഭക്ഷണം സ്ഥിരമായി വിതരണം ചെയ്യുന്നതിനെക്കുറിച്ചും ഇവർ ആലോചിക്കുന്നുണ്ട്. നാടൻ ഭക്ഷണവിഭവങ്ങൾ മുതൽ അറേബ്യൻ, ചൈനീസ് വിഭവങ്ങൾ വരെ ഒരുക്കും. സുസജ്ജം അടുക്കളകൾ ഒട്ടുമിക്ക കാറ്ററിംഗ് യൂണിറ്റുകൾക്കും സ്വന്തമായി അടുക്കളകളുണ്ട്. ഏതുതരം വിഭവവും തയ്യാറാക്കാൻ സജ്ജമാണിവ. കഴിഞ്ഞ നാലുമാസമായി കാറ്ററിംഗ് മേഖലയിലെ തൊഴിലാളികളിൽ പലരും മറ്റു തൊഴിൽ മേഖലകളിലേക്ക് തിരിഞ്ഞിട്ടുണ്ട്. കുറഞ്ഞ തൊഴിലാളികളെ ഉപയോഗപ്പെടുത്തിയാണ് പുതിയ പരീക്ഷണത്തിനിറങ്ങുന്നത്. സോഷ്യൽ മീഡിയയെ ഉപയോഗപ്പെടുത്തിയാണ് പ്രചാരണം. പ്രത്യേക ഓഫറുകൾ നൽകുന്നുണ്ട്. ഈ പരീക്ഷണത്തിൽ വിജയിക്കാനായില്ലെങ്കിൽ തുടർ ജീവിതത്തിൽ കടുത്ത പ്രതിസന്ധി നേരിടേണ്ടി വരുമെന്നതിനാൽ അരയും തലയും മുറുക്കി രംഗത്തിറങ്ങുകയാണിവർ. വീട്ടിലെ രുചിയോടൊപ്പം നല്ല ഭക്ഷണമാണ് പുതിയ പരീക്ഷണത്തിലൂടെ ലക്ഷ്യമിടുന്നത്. കാറ്ററിംഗ് മേഖലയ്ക്ക് പിടിച്ചു നിൽക്കാനും തിരിച്ചുവരാനും പുതിയ വഴികൾ തേടാതെ നിർവ്വാഹമില്ല. പ്രേംകുമാർ, പ്രിയം കാറ്ററിംഗ് ഉടമ