kkkk
ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും നേതൃത്വത്തിൽ കോവിഡ് 19 രോഗബാധിതരെ കണ്ടെത്തുന്നതിന് സഞ്ചരിക്കുന്ന സാമ്പിൾ കളകഷൻ യൂണിറ്റ് ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ ഫ്ളാഗ്ഗ് ഓഫ് ചെയ്ത ശേഷം സന്ദർശിക്കുന്നു

മലപ്പുറം: കൊവിഡ് പടർന്നുപിടിക്കുമ്പോഴും സ്രവ പരിശോധന കേന്ദ്രങ്ങളുടെ കുറവ് ജില്ലയിൽ വെല്ലുവിളിയാവുന്നു. മലപ്പുറം കോട്ടപ്പടി മാർക്കറ്റിൽ കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ നടത്തിയ ആന്റിജൻ പരിശോധനയിൽ അഞ്ച് പേർ കൂടി പോസിറ്റീവായിരുന്നു. തിങ്കളാഴ്ച മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ഉദ്യോഗസ്ഥനും പോസിറ്റീവായി. കോട്ടപ്പടി മാർക്കറ്റ് അടച്ചുപൂട്ടി നഗരത്തിൽ ജാഗ്രത ഉറപ്പാക്കി. ഇതിന് പിന്നാലെ കൂടുതൽപേർക്ക് പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചിരുന്നെങ്കിലും മലപ്പുറം ജി.എൽ.പി.സ്കൂളിൽ 500 പേർക്ക് ആന്റിജൻ പരിശോധന നടത്തിയതല്ലാതെ തുടർപരിശോധനകൾ ഉണ്ടായിട്ടില്ല. ആന്റിജൻ പരിശോധനയിൽ നെഗറ്റീവ് ആയാലും വൈറസ് ബാധയില്ലെന്ന് ഉറപ്പാക്കാനാവില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ തന്നെ പറയുന്നു.

ജില്ലാ ആസ്ഥാനമായിട്ടും മലപ്പുറത്ത് സ്രവ പരിശോധന കേന്ദ്രം തുടങ്ങിയിട്ടില്ല. മഞ്ചേരി മെഡിക്കൽ കോളേജാണ് ഏറ്റവും അടുത്തുള്ള സ്രവ പരിശോധനാ കേന്ദ്രം. കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ ഇവിടേക്ക് പോവാൻ ആളുകൾ മടിക്കുന്നുണ്ട്. പരിശോധനയ്ക്ക് എത്തുന്നവരുടെ എണ്ണക്കൂടുതൽ മൂലം സാമൂഹ്യ അകലം പോലും പാലിക്കാൻ കഴിയാത്ത സ്ഥിതിയാണിവിടെ. കൊവിഡ് ലക്ഷണമുള്ളവരും ഇല്ലാത്തവരും ഒരുപോലെ ഇടപഴകേണ്ടി വരുന്ന സാഹചര്യവുമുണ്ട്. സാമ്പിളിന്റെ എണ്ണക്കൂടുതൽ മൂലം ഫലം ലഭിക്കാൻ ഒരാഴ്ച്ചയിലധികം സമയമെടുക്കുന്നുണ്ട്. നിലവിൽ രണ്ടായിരത്തിലധികം സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. പരിശോധന കേന്ദ്രങ്ങളുടെ കുറവ് രോഗികളുടെ എണ്ണം അതിവേഗം ഉയരുന്ന കൊണ്ടോട്ടി,​ വള്ളിക്കുന്ന് നിയോജക മണ്ഡലങ്ങളിൽ പ്രതിസന്ധി തീർക്കുന്നുണ്ട്. പൊന്നാനിയിലേത് പോലെ സാമൂഹ്യവ്യാപനത്തിന്റെ വക്കിലാണ് കൊണ്ടോട്ടി. ജില്ലയിലെ മിക്ക സി.എച്ച്.സികളിലെയും ജീവനക്കാർക്ക് സ്രവ സാമ്പിളെടുക്കുന്നതിൽ പരിശീലനമേകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം എടവണ്ണ സി.എച്ച്.സിയിൽ സ്രവ പരിശോധനാ കേന്ദ്രം തുടങ്ങിയിട്ടുണ്ട്. കൂടുതൽ സി.എച്ച്.സികളിലേക്ക് പദ്ധതി വ്യാപിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നെങ്കിലും തുടർനടപടിയായിട്ടില്ല.

മലപ്പുറത്ത് സൗകര്യങ്ങളില്ല

നിലമ്പൂർ,​ തിരൂർ,​ പെരിന്തൽമണ്ണ ജില്ല ആശുപത്രി,​ തിരൂരങ്ങാടി,​ പൊന്നാനി താലൂക്ക് ആശുപത്രി എന്നിവയാണ് ജില്ലയിലെ സ്രവ പരിശോധനാ കേന്ദ്രങ്ങൾ. മലപ്പുറത്ത് താലൂക്ക് ആശുപത്രിയിൽ സ്രവ പരിശോധനാ സൗകര്യമൊരുക്കണമെന്ന ആവശ്യം ഉയർന്നെങ്കിലും ഇവിടത്തെ സ്ഥലപരിമിതിയാണ് പ്രശ്നം. മ‌ഞ്ചേരി മെഡിക്കൽ കോളേജ് കൊവിഡ് ആശുപത്രിയാക്കിയതോടെ മലപ്പുറം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ടെന്ന് അധികൃതർ പറയുന്നു. പരിശോധനയ്ക്ക് വരുന്നവർക്ക് സാമൂഹ്യ അകലം പാലിച്ച് ഇരിക്കാനും വാഹനങ്ങൾ പാർക്ക് ചെയ്യാനും സൗകര്യങ്ങൾ വേണം. കോട്ടക്കുന്ന് ഡി.

ടി.പി.സി ഹാളിനായി ശ്രമം നടത്തിയെങ്കിലും തീരുമാനമുണ്ടായിട്ടില്ല. ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററാക്കി മാറ്റിയ മലപ്പുറം മുണ്ടുപറമ്പ് ഗവ. കോളേജിൽ സ്രവപരിശോധന സംവിധാനങ്ങൾ ഒരുക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.