kunhalikkutty-

മലപ്പുറം: പ്രതിപക്ഷ നേതാവെന്ന നിലയിൽ രമേശ് ചെന്നിത്തലയുടേത് തിളക്കമാർന്ന പ്രവർത്തനമാണെന്നും യു.ഡി.എഫിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ സമയമാവുമ്പോൾ തീരുമാനിക്കുമെന്നും മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. ഉമ്മൻചാണ്ടിയെയും തന്നെയും രമേശ് ചെന്നിത്തല മാറ്റിനിറുത്തുന്നെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫിന്റെ കൂട്ടായ അഭിപ്രായമാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. ഭരണത്തിലെ പോരായ്മയും വീഴ്ചകളും ചൂണ്ടിക്കാട്ടുകയെന്ന ഉത്തരവാദിത്വം രമേശ് ചെന്നിത്തല നന്നായി നിർവഹിക്കുന്നുണ്ട്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ കണ്ടെത്തുകയെന്ന ജോലി യു.ഡി.എഫിന് മുന്നിലുണ്ട്. സമയമാവുമ്പോൾ ബന്ധപ്പെട്ട പാർട്ടികൾ അക്കാര്യം തീരുമാനിക്കും. ഭരണം മാറുമെന്ന് സി.പി.എം തന്നെ ഉറപ്പിച്ചിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.