shahul-hameed
ഷാഹുൽ ഹമീദ് കടയിൽ കരകൗശലവസ്തുക്കളുമായി

പെരിന്തൽമണ്ണ: കടയിൽ തിരക്കില്ലെങ്കിൽ ഷാഹുൽഹമീദിന് കരവിരുതിന്റെ തിരക്കാണ്. പെരിന്തൽമണ്ണയിൽ കക്കൂത്ത് ആഭരണക്കല്ല് റോഡ് ജംഗ്ഷനിലെ സ്റ്റേഷനറി സ്റ്റോർ ഉടമ കിഴിശ്ശേരി ഷാഹുൽ ഹമീദ്(43) പാഴ്‌വേരുകളിലും മരത്തിലും ജീവൻ തുടിക്കുന്ന ശില്പങ്ങൾ തീർക്കുന്നത് കടയിൽ വീണുകിട്ടുന്ന ഇടവേളയിലാണ്.
കഴിഞ്ഞ എട്ടുവർഷമായി ഷാഹുൽഹമീദ് സ്റ്റേഷനറിക്കട നടത്തുന്നുണ്ട്. അവധിദിനങ്ങളിലാണ് പാഴ്‌വേര് തേടിയിറങ്ങുക. കടയിൽ തിരക്കില്ലെങ്കിൽ അവയിൽ വിസ്മയരൂപങ്ങൾ തീർക്കാനിരിക്കും. പരുന്ത്, കുരുവി, പൊൻമാൻ,​ ഉറുമ്പ്, അണ്ണാൻ, തവള തുടങ്ങി വിവിധ രൂപങ്ങൾ അതിശയകരമാംവിധം ഒരുക്കുന്നതിൽ ഷാഹുലിന്റെ വൈഭവം ഒന്നു വേറെത്തന്നെയാണ്. ഓരോ ജീവിയുടെയും ഫോട്ടോയെടുത്ത് കൃത്യമായി നിരീക്ഷിച്ചാണ് ശിൽപ്പം നിർമ്മിക്കുക. നിർമ്മിച്ചവയിൽ പലതും വാങ്ങിയിട്ടുള്ളത് പെരിന്തൽമണ്ണ കെ.എസ്.ഇ.ബി ജീവനക്കാരനായ തിരുവനന്തപുരം സ്വദേശിയാണ്. സുഹൃത്തുക്കൾ ആവശ്യപ്പെടുന്നതിനനുസരിച്ചും ശിൽപ്പങ്ങൾ നിർമ്മിച്ചു നൽകാറുണ്ട്. അറബിക് കാലിഗ്രാഫിക്ക് ഉപയോഗിക്കുന്ന പ്രത്യേകതരം മരത്തിൽ നിർമ്മിച്ച പേന ഇത്തരത്തിലുള്ളതാണ്.

പെരിന്തൽമണ്ണ ഗവ: ഹൈസ്‌കൂളിൽ പഠിക്കുന്ന കാലത്ത് ചിത്രരചനാ മത്സരങ്ങളിൽ പങ്കെടുക്കാറുണ്ടായിരുന്നു. പത്താം ക്ലാസിന് ശേഷം ഫോട്ടോഗ്രാഫി പഠിക്കാൻ പോയി. പിന്നിട് ഓട്ടോ ഇലക്ട്രീഷ്യനായും പ്രവർത്തിച്ചു. പ്ളാസ്റ്റിക്ക് ബോട്ടിലിലും മറ്റും പ്രത്യേക രീതിയിൽ പച്ചക്കറി കൃഷി നടത്തുന്നതിനൊപ്പം അലങ്കാരക്കോഴി വളർത്തലിലും ഒരു കൈ നോക്കുന്നു. ഡിഗ്രിക്കും ഏഴാം ക്ലാസിലും പഠിക്കുന്ന രണ്ട് ആൺമക്കളും ഭാര്യയുമടങ്ങുന്നതാണ് കുടുംബം