മലപ്പുറം: എങ്ങനെ പൂവുണ്ടാക്കാം എന്ന് പഠിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു നാലാംക്ലാസുകാരൻ മുഹമ്മദ് ഫായിസ്. ''ചെലര്ത് റെഡ്യാവൂല. ഇന്റത് റെഡ്യായീല...'' എന്നു തുടങ്ങു ഡയലോഗാണ് അതിനുപയോഗിച്ചത്. അത് സോഷ്യൽ മീഡിയയിൽ ഹിറ്റായതിനു പിന്നാലെ വന്നെത്തിയ സമ്മാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ഒരു പാവപ്പെട്ട പെൺകുട്ടിയുടെ വിവാഹത്തിനുമായി വീതിച്ചു നൽകുമെന്ന് പ്രഖ്യാപിച്ച് വീണ്ടും വിസ്മയിപ്പിച്ചു കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശിയായ മുഹമ്മദ് ഫായിസ്. ''ചെലോര് ഇട്ടൊട്ക്കും, ചെലോര് ഇട്ടൊടുക്കൂല, ഞാൻ ഇട്ടൊടുക്കും..." എന്നായിരുന്നു അപ്പോഴത്തെ ഡയലോഗ്.
പൂവുണ്ടാക്കൽ ഡയലോഗിന് മീഡിയകളിൽ വൻ സ്വീകാര്യത വന്നതോടെ മിൽമ അത് പരസ്യവാചകമാക്കിയിരുന്നു. അതിന്റെ റോയൽറ്റി തുകയായി മിൽമ നൽകിയ 10,000 രൂപയാണ് ദുരിതാശ്വാസ നിധിയിലേക്കും പെൺകുട്ടിയുടെ വിവാഹത്തിനുമായി വീതിച്ചു നൽകുമെന്ന് പ്രഖ്യാപിച്ചത്. ഫായിസിന്റെ ഹിറ്റ് ഡയലോഗായ 'ചെലര്ത് റെഡ്യാവും. ചെലര്ത് റെഡ്യാവൂല. ഇന്റത് റെഡ്യായീല, ഇന്റത് വേറെ മോഡലാ വന്നത്. അങ്ങനായാൽ ഞമ്മക്കൊരു കൊയപ്പൂല്യ' എന്ന ഡയലോഗ് മിൽമ മലബാർ റീജ്യൻ പരസ്യ വാചകമാക്കിയത് ഇങ്ങനെ-. 'ചെലോൽത് ശരിയാവും ചെലോൽത് ശരിയാവൂല്ല! പക്ഷേങ്കി ചായ എല്ലാർതും ശരിയാവും പാൽ മിൽമ ആണെങ്കിൽ'- പരസ്യം വലിയ രീതിയിൽ സാമൂഹിക മാദ്ധ്യമങ്ങൾ ഏറ്റെടുത്തതോടെ ഫായിസിന് റോയൽറ്റി തുക നൽകണമെന്ന് ആവശ്യപ്പെട്ടുള്ള കാമ്പയിനുണ്ടായി. തുടർന്നാണ് മിൽമ അധികൃതർ ഇന്നലെ ഫായിസിന്റെ വീട്ടിലെത്തി 10,000 രൂപ റോയൽറ്റിയായും ആൻഡ്രോയ്ഡ് ടിവിയും മുഴുവൻ മിൽമ ഉത്പന്നങ്ങളും സമ്മാനമായും നൽകിയത്.
കുടുംബ ഗ്രൂപ്പിൽ നിന്ന് സൂപ്പർഹിറ്റിലേക്ക്
വീട്ടിലെ മുറിയിൽവച്ച് വളരെ ആത്മവിശ്വാസത്തോടെ പൂവ് നിർമ്മിക്കാൻ തുടങ്ങുന്നതും വിജയിക്കാതെ വരുമ്പോൾ ആത്മവിശ്വാസം തുളുമ്പുന്ന വാക്കുകളാൽ പരാജയത്തെ മറികടക്കുന്നതുമായ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വലിയ ഹിറ്റായിരുന്നു. വിവിധ മേഖലകളിലെ പ്രമുഖരും ട്രോളന്മാരും ഡയലോഡ് ഏറ്റെടുത്തു. ജൂലൈ 22ന് ചിത്രീകരിച്ച വീഡിയോ കുടുംബ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് ഫേസ്‌ബുക്കിലെത്തിയതോടെ ആയിരക്കണക്കിന് പേരാണ് പങ്കുവച്ചത്. ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോൾ വരാതെ കുഞ്ഞനിയൻ വീഡിയോ പകർത്തുന്നത് സഹോദരിമാരായ ഫാലിഹയും നാഫിഹയുമാണ് ശ്രദ്ധിച്ചത്. കൊണ്ടോട്ടി ഇസ്സത്തുൽ ഇസ്‌ലാം എച്ച്.എസ്.എസ് വിദ്യാർത്ഥിയാണ് മറ്റുള്ളവരെ പഠിപ്പിക്കുന്ന തരത്തിൽ വീഡിയോ തയ്യാറാക്കിയത്. അബ്ദുൽ മുനീർ സഖാഫി- മൈമൂന ദമ്പതികളുടെ ഇളയ മകനാണ്.