മറ്റൊരാളുടെ ഹൃദയത്തിൽ നിറയ്ക്കുന്ന സന്തോഷമാണ് ഒരു വിശ്വാസിയുടെ ഏറ്റവും വലിയ ധർമ്മങ്ങളിലൊന്ന് എന്ന് പഠിപ്പിച്ച മതമാണ് ഇസ്ലാം. വിശ്വാസിയുടെ ആഘോഷമെന്താണ് എന്ന് ചോദിച്ചാൽ സദ്പ്രവൃത്തിയാൽ സമ്പന്നമായി ജീവിക്കുക എന്നതാണെന്ന് ഞാനുത്തരം പറയും. ബലിപെരുന്നാളിലാണ് നാം. വിശ്വാസികൾക്ക് രണ്ട് പെരുന്നാളുകളാണുള്ളത്. ചെറിയ പെരുന്നാളും ബലിപെരുന്നാളും. ചെറിയ പെരുന്നാളിന് ഫിത്വർ സക്കാത്ത് നൽകി സഹജീവി ബോധം നിലനിറുത്താനാണ് ഇസ്ലാം നിഷ്കർഷിക്കുന്നത്. ബലി പെരുന്നാളിൽ ഉള്ഹിയത്തിലൂടെ ഇസ്ലാം മുന്നോട്ട് വയ്ക്കുന്ന പാഠവും അതുതന്നെയാണ്. മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുമ്പോൾ മറ്റുള്ളവർ നമുക്ക് വേണ്ടി ജീവിക്കുമെന്ന മഹത്തായ പാഠമാണ് ഇസ്ലാം പഠിപ്പിക്കുന്നത്. തനിക്കിഷ്ടപ്പെടുന്നത് തന്റെ സഹോദരന് ഇഷ്ടപ്പെടുന്നത് വരെ ഒരാളും പൂർണവിശ്വാസിയാവുകയില്ല എന്നൊരു പ്രവാചകാദ്ധ്യാപനം കാണാം. അഥവാ താൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഒന്ന് തന്റെ സഹോദരന് വേണ്ടി മടിയേതും കൂടാതെ സമർപ്പിക്കാൻ തയാറാവണമെന്നർത്ഥം.
യുദ്ധമുഖത്ത് ജീവൻമരണ പോരാട്ടം നടത്തി അവശതയോടെ, മരണത്തോട് മല്ലിട്ട് കിടക്കുന്ന പ്രവാചകാനുചരന്മാരുടെ അടുത്തേക്ക് ഒരു പാത്രം വെള്ളം എത്തുന്നു. ഒരു കടൽ മുഴുവൻ കുടിച്ച് തീർക്കാൻ ദാഹമുണ്ടായിരുന്നിട്ടും ആദ്യം ആ ജലപാത്രം വെച്ചു നീട്ടപ്പെട്ടയാൾ അത് തന്റെ തൊട്ടടുത്ത് കിടക്കുന്നയാൾക്കു നേരെ നീട്ടി. അയാൾ അതു വാങ്ങിയ ശേഷം കുടിക്കാതെ തൊട്ടടുത്തയാൾക്ക് നീട്ടി. അങ്ങനെ ആ ജലകൂജ അവിടെ ജീവനോട് മല്ലിട്ട് കിടക്കുന്ന എല്ലാവരിലൂടെയും കടന്ന് പോയി ആദ്യം തുടങ്ങിവച്ച ആളിലേക്ക് തന്നെ വന്നെത്തുന്ന ഒരു മഹത്തായ സംഭവം കാണാം ചരിത്ര ഗ്രന്ഥങ്ങളിൽ. അപരന് വേണ്ടി ജീവിക്കാൻ സാധിക്കുക എന്നത് മഹത്തരമാണ്. മഹാമാരിയുടെ സമയത്തുള്ള ഈ പെരുന്നാൾ സുദിനത്തിൽ ആദ്യം നൽകാനുള്ള സന്ദേശവും ഇതുതന്നെയാണ്.
ജീവിതത്തിലെ ഓരോ നിമിഷവും ആഘോഷമാക്കി തന്നെയായിരുന്നു ഒരുപാട് കാലം നമ്മൾ ജീവിച്ചിരുന്നത്. നമ്മൾ നടത്തുന്ന വിവാഹ സൽക്കാരങ്ങൾ മുതൽ വീട്ടിലെ ചായ സൽക്കാരം വരെ ആർഭാടമാക്കി തന്നെയാണ് നമ്മൾ ആഘോഷിച്ചിരുന്നത്. എന്തിനേറെ സ്വന്തം അസ്തിത്വത്തിന് താങ്ങാൻ സാധിക്കാത്ത പ്രതാപങ്ങൾ നമ്മൾ ചുമലിലേറ്റി. അമിതവ്യയം നടത്തി ആർഭാടമാക്കലാണ് അഭിമാനമെന്ന് വിശ്വസിച്ചു. ചുറ്റിലും ഒരു നേരത്തെ അന്നത്തിനു വേണ്ടി നെട്ടോട്ടമോടുന്ന ജീവനുകൾക്ക് നേരേ നമ്മൾ പതുക്കെ കണ്ണുകളിറുക്കിയടച്ചു. എന്നിട്ടിപ്പോൾ സ്വയം ജീവിക്കാൻ കെൽപ്പില്ലാത്ത ഒരു വൈറസിന് മുമ്പിൽ ജീവൻ പണയംവച്ച് വീടിനകത്ത് കെട്ടിപ്പൂട്ടിയിരിക്കുകയാണ് നമ്മൾ.
ഭക്ഷണമാണ് ജീവിതത്തിന്റെ അടിസ്ഥാന ഘടകം. അവശ്യ സന്ദർഭങ്ങളിൽ അത് ലഭിച്ചില്ലെങ്കിൽ മനുഷ്യനെന്നല്ല ജീവനുള്ള ഏതൊരു വസ്തുവും അവരുടെ മുമ്പിലുള്ള ഏത് വിധേനയുള്ള പ്രതിബന്ധങ്ങളെയും മറികടക്കാൻ ശ്രമിക്കും. നിയമത്തിന് മുമ്പിൽ അയാൾ /ആ ജീവി ലോക്ക്ഡൗൺ ലംഘിച്ചവനോ നിയമം തെറ്റിച്ചവനോ ആണ്. എന്നാൽ അവന്റെ വയറിന് മുമ്പിൽ ഭക്ഷണമാണ് നിയമം, ഭക്ഷണം തേടലാണ് ധർമം. അതുകൊണ്ട് ഈ പ്രതിസന്ധിഘട്ടങ്ങളിൽ കർശന നിയമ നടപടികൾ കൊണ്ടുവരുമ്പോൾ ജനങ്ങൾക്ക് ഭക്ഷണം ലഭിക്കുന്നുണ്ട് എന്നുറപ്പുവരുത്താൻ ഓരോ ഭരണകൂടവും തയ്യാറാകണം.
കൊവിഡ് കാലവും അതിജീവിക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസം ഓരോ കേരളീയനും ലഭിച്ചത് അവരുടെ അനുഭവങ്ങളിൽ നിന്നാണ്. രണ്ട് പ്രളയങ്ങളെയും 'ഓഖി" ചുഴലിയേഴും നിപായെന്ന മഹാമാരിയേയും നമ്മൾ നേരിട്ടപ്പോഴൊക്കെ ഈ കൊച്ചുനാട് തളർന്നു വീഴുമെന്ന് കരുതിയിരുന്നവരുടെ മുമ്പിലൂടെ തന്നെ മനോഹരമായ ഒരു ചിത്രശലഭമായി നമ്മൾ പറന്നുയർന്നിട്ടുണ്ട്. ആ മനക്കരുത്ത് കേരളീയർ ആർക്കുമുമ്പിലും പണയപ്പെടുത്തിയിട്ടില്ല.
ആൾക്കൂട്ടവും ബഹളങ്ങളുമാണ് ആഘോഷമെന്ന് ധരിച്ചുവശായവരോട് പറയാനുള്ളത്, 'അത് അപകടമാണ്. ആഘോഷത്തിന് നിങ്ങൾ മനസിലാക്കിയ നിർവചനം അബദ്ധവുമാണ്. ശബ്ദങ്ങളും ആൾക്കൂട്ടങ്ങളും ഇല്ലെങ്കിലും ആഘോഷമൊരുക്കാം. മനസ്സ് നിറഞ്ഞു ചിരിക്കാനും ഉള്ളു നിറഞ്ഞ് സന്തോഷത്തോടെ ഉറങ്ങാനുമെല്ലാം സാധിക്കലാണ് ആഘോഷം.' അല്ലാഹുവിനെ മറക്കാതെ, സഹജീവികളെ ഓർത്തുകൊണ്ട് സന്തോഷ സുരഭിലമായ ഒരു ബലിപെരുന്നാൾ ആഘോഷിക്കാൻ സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.
(കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറിയാണ് ലേഖകൻ)