gggg
.

മലപ്പുറം: കൊവിഡ് രോഗികളുടെ എണ്ണം കൂടിയതിന് പിന്നാലെ പ്രവാസികളുടെയും ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരുടെയും ക്വാറന്റൈൻ ഉറപ്പാക്കുന്നതിൽ അധികൃതർക്ക് അലംഭാവം. കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങുന്നവ‌രോട് ക്വാറന്റൈൻ സൗകര്യമുണ്ടോയെന്നോ​ എവിടെയാണ് ക്വാറന്റൈനിൽ കഴിയുകയെന്നോ അന്വേഷിക്കുന്നില്ല. സർക്കാർ ക്വാറന്റൈൻ കേന്ദ്രങ്ങളുടെ കുറവിനൊപ്പം കൊവിഡ് രോഗികളുടെ എണ്ണവും വർദ്ധിച്ചതോടെയാണ് ജാഗ്രത കുറഞ്ഞത്.

നേരത്തെ വിമാനത്താവളത്തിൽവച്ച് തന്നെ ക്വാറന്റൈൻ സംബന്ധിച്ച വിശദവിവരങ്ങൾ ശേഖരിച്ചിരുന്നു. വീടുകളിൽ സൗകര്യമില്ലാത്തവർക്ക് സർക്കാർ ക്വാറന്റൈൻ കേന്ദ്രങ്ങളിൽ സൗകര്യമൊരുക്കി. പ്രവാസികൾ തിരിച്ചെത്തും മുമ്പു തന്നെ ആശ പ്രവർത്തകർ ഇവരുടെ വീടുകളിലെത്തി സൗകര്യങ്ങളുണ്ടോയെന്ന് അന്വേഷിച്ചിരുന്നു. തിരിച്ചെത്തുന്നവരുടെ എണ്ണം കൂടിയതിന് പിന്നാലെ ആദ്യത്തെ രണ്ടാഴ്ച്ച ക്വാറന്റൈൻ കേന്ദ്രങ്ങളിലും തുടർന്നുള്ള രണ്ടാഴ്ച്ച വീടുകളിലുമെന്ന നിലയിലാക്കി.

കഴിഞ്ഞ ദിവസം കരിപ്പൂർ വഴിയെത്തിയ പ്രവാസിയുടെ ക്വാറന്റൈൻ വിവരങ്ങളന്വേഷിച്ച് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ അധികൃതർ വിളിച്ചത് മൂന്നു ദിവസത്തിന് ശേഷം. ആരോഗ്യ ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്തെത്തിയ ഇയാളുടെ വിവരങ്ങൾ താഴെത്തട്ടിലെ ആരോഗ്യപ്രവർത്തകർക്ക് കൈമാറുന്നതിൽ കാലതാമസമുണ്ടായി. നാട്ടിലെത്തിയിട്ടും അന്വേഷണമില്ലാത്തതിനെ തുടർന്ന് ആരോഗ്യവകുപ്പ് അധികൃതരെ അങ്ങോട്ടു വിളിച്ച അനുഭവമാണ് മറ്റൊരു പ്രവാസിക്ക് പറയാനുള്ളത്. തിരിച്ചെത്തുന്നവരിൽ ഭൂരിഭാഗംപേരും നിബന്ധനകൾ പാലിച്ച് സ്വന്തം നിലയ്ക്ക് ക്വാറന്റൈനിൽ കഴിയാൻ ജാഗ്രത പുലർത്തുന്നതാണ് ആശ്വാസം. ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരുടെ അവസ്ഥയും സമാനമാണ്.

വൃത്തിയില്ല,​ പരിശോധനയും

വിദേശങ്ങളിൽ നിന്നെത്തുന്നവർക്ക് കരിപ്പൂരിൽ നിലവിൽ രോഗ പരിശോധനകളില്ല. ഒരുവിമാനത്തിലെ മുഴുവൻ യാത്രക്കാർക്കുമായി ആരോഗ്യവകുപ്പ് ജീവനക്കാർ പത്ത് മിനിറ്റോളം വരുന്ന ബോധവത്കരണം നൽകും. രോഗലക്ഷണങ്ങൾ തോന്നുന്നെങ്കിൽ അക്കാര്യം യാത്രക്കാർ പറയണം. കൊവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്ന് ഉറപ്പാക്കിയ ശേഷം എമിഗ്രേഷൻ നടപടികളിലേക്ക് കടക്കും.

പ്രവാസികളെത്തുന്ന ടെർമിനലിലെ ടോയ്‌ലറ്റുകൾ വൃത്തിഹീനമാണെന്ന ആക്ഷേപമുണ്ട്. രോഗഭീതിയിൽ യാത്രക്കാരിൽ ഭൂരിഭാഗം പേരും വിമാനത്തിലെ ടോയ്‌ലറ്റ് ഉപയോഗിക്കുന്നില്ല. കരിപ്പൂരിൽ അഞ്ച് ടോയ്‌ലറ്റുകളുണ്ട്. ചിലതിൽ ഫ്ലഷ് ടാങ്ക് പ്രവർത്തിക്കുന്നില്ല. വേസ്റ്റ് ബിന്നിന് അന്വേഷിച്ച് നടക്കണം. രോഗലക്ഷണമുള്ളവരും ഇല്ലാത്തവരും ഒരുപോലെ ഉപയോഗിക്കുന്ന സ്ഥലത്താണ് ഈ അലംഭാവം.