bbbbbbbb

മലപ്പുറം: കൊവിഡിന് പിന്നാലെ ജോലി നഷ്ടപ്പെട്ടവരും തിരിച്ചുപോവാനാവാതെ കുടുങ്ങിയ പ്രവാസികളും അതിജീവന വഴിതേടി ഇറങ്ങിയതോടെ വഴിയോര കച്ചവടങ്ങൾ ജില്ലയിൽ വലിയ തോതിൽ കൂടി. പാകം ചെയ്ത ഭക്ഷണ സാധനങ്ങൾ മുതൽ അലങ്കാരമത്സ്യം വരെയുണ്ട് ഇക്കൂട്ടത്തിൽ. വഴിയോര കച്ചവടം സജീവമല്ലാത്ത നിരത്തുകളിൽ പോലും ഇത്തരം കച്ചവടക്കാരുടെ എണ്ണം അനുദിനം കൂടുകയാണ്. മാസ്‌‌ക് ധരിക്കുന്നതിനാൽ പെട്ടെന്ന് തിരിച്ചറിയില്ലെന്ന ആശ്വാസത്തിലാണ് നേരത്തെ ഉയർന്ന ശമ്പളത്തിൽ ഗൾഫിലും മറ്റും ജോലി ചെയ്തിരുന്നവർ. കൊവിഡ‌ിന് പിന്നാലെ ജോലി നഷ്ടപ്പെട്ട് എത്തിയവരാണ് നല്ലൊരുപങ്കും. ക്വാറന്റൈൻ കാലാവധി 28 ദിവസമാക്കിയതിനാൽ പുറത്തിറങ്ങാൻ കാത്തിരിക്കുന്ന വലിയൊരു കൂട്ടമുണ്ട് വീട്ടകങ്ങളിൽ. വിവിധ സംഘടനകളുടെ ചാർട്ടേഡ് വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തുന്നതിന് തൊട്ടുമുമ്പ് പ്രവാസികളുടെ വലിയ ഒഴുക്കാണുണ്ടായിരുന്നത്. ഇവർ കൂടി അതിജീവന വഴി തേടിയിറങ്ങുന്നതോടെ വഴിയോര കച്ചവടങ്ങളുടെ എണ്ണം ഇനിയും കൂടും. ഓരോ ദിവസവും കണ്ടെയ്ൻമെന്റ് സോണുകളുടെ എണ്ണം കൂടുന്നത് കച്ചവടം മുടക്കുമോയെന്ന ആശങ്കയിലാണിവർ.

മുതൽമുടക്കില്ല,​ എളുപ്പം തുടങ്ങാം

തിരിച്ചെത്തിയ പ്രവാസികളിൽ നല്ലൊരു പങ്കും ഭക്ഷ്യോത്പ്പന്നങ്ങളുടെ വിൽപ്പനയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കുറഞ്ഞ മുതൽമുടക്കിൽ എളുപ്പം തുടങ്ങാമെന്നതാണ് പ്രധാന ആകർഷണം. ബിരിയാണി,​ മന്തി വിൽപ്പന വർദ്ധിച്ചിട്ടുണ്ട്. ഒരു ബിരിയാണിക്ക് 60 രൂപയാണ് വില. ചെറിയ വെള്ളക്കുപ്പിയടക്കം 70 രൂപ. മന്തിക്ക് 70 രൂപയും. ചിക്കന് വില കുറവാണെന്നത് ഇവരെ തുണയ്ക്കുന്നു. നേരിയ ലാഭത്തിനാണ് വിൽപ്പന. വീട്ടുചെലവ് കഴിഞ്ഞു പോകുമെന്ന് ഇവർ പറയുന്നു. വഴിയോരത്ത് കാറുകളുടെ ഡിക്കിയിൽ ഭക്ഷണം ഒതുക്കിവച്ചാണ് വിൽപ്പന. ഇത്തരം കച്ചവടങ്ങൾ വർദ്ധിച്ചതോടെ പരിശോധനയുമായി ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പ് രംഗത്തുണ്ട്. വൃത്തിഹീനമായ സാഹചര്യങ്ങളിൽ തയ്യാറാക്കുന്നതാണോ, ഭക്ഷണം സുരക്ഷിതമാണോ എന്നാണ് പരിശോധിക്കുന്നത്.

വിലക്കുറവ് രക്ഷിച്ചു

ചിപ്സ്‌ ഉത്പന്നങ്ങളുണ്ടാക്കി വിൽക്കുന്നവരുടെ എണ്ണവും കൂടി. നേന്ത്രയുടെ വില തീരെ കുറഞ്ഞത് ഇവർക്കനുഗ്രഹമായി. കർഷകരിൽ നിന്ന് നേരിട്ടെടുക്കുമ്പോൾ കിലോയ്ക്ക് 22 രൂപയാണ്. മൊത്തവിതരണ കേന്ദ്രങ്ങളിൽ നിന്നാവുമ്പോൾ 25രൂപയും. 30 രൂപയാണ് നിലവിൽ ചില്ലറ വില. ഒരുകിലോ ഫ്രഷ്ചിപ്സ് 140- 150 രൂപയ്ക്കാണ് വിൽക്കുന്നത്. മധുരവും എരിവുമുള്ള ചിപ്സുകളുമുണ്ട്. ചെറിയ പാക്കറ്റുകളിലാക്കി 40 രൂപ നിരക്കിൽ വിൽക്കുന്നവരുമുണ്ട്. ഒരുകിലോ ചിപ്സിന് കടകളിൽ 200 രൂപയ്ക്ക് മുകളിൽ നൽകണം.

പച്ചക്കറി കിറ്റൊരുക്കി

വഴിയോരങ്ങളിൽ താത്ക്കാലിക ഷെഡുകളുണ്ടാക്കി പച്ചക്കറികൾ വിൽക്കുന്നവരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. കൊവിഡോടെ ഓട്ടം കുറഞ്ഞ ഗുഡ്സ്,​ ഓട്ടോറിക്ഷ തൊഴിലാളികളാണ് വിൽപ്പനക്കാരിൽ നല്ലൊരു പങ്കും. വിവിധ പച്ചക്കറികളുടെ അഞ്ചുകിലോ കിറ്റുണ്ടാക്കി 100 രൂപയ്ക്കാണ് വിൽപ്പന. ആവശ്യക്കാരുടെ താത്പര്യമനുസരിച്ച് വിവിധ കിറ്റുകളുണ്ട്. വിവിധ പച്ചക്കറികൾ ഒരുപോലെ ചെലവാകുമെന്നതാണ് മേന്മ. സവാളയുടെ വില കുറഞ്ഞതോടെ ഏഴ് കിലോ കിറ്റിന് 100 രൂപയ്ക്ക് വിൽക്കുന്നവരുണ്ട്. ലാഭം കുറ‌ഞ്ഞാലും കൂടുതൽ കച്ചവടം നടക്കുമെന്ന് വിൽപ്പനക്കാർ പറയുന്നു.